നടോടികലകളുടേയും നടോടിവിജ്ഞാനത്തിന്റേയും ശാഖകളിലൂടെ സഞ്ചരിച്ച് ജീവിതത്തിന്റെ ഭൂരിഭാഗം സമയവും അവരോടൊപ്പം ഒത്തുചേർന്ന് അവർക്കുവേണ്ടി പാടിയും എഴുതിയും നടന്ന ഡോ. സി. ആർ.രാജഗോപാൽ മാഷ് വിട പറഞ്ഞു. ആരും ശ്രദ്ധിക്കപ്പെടാതെ, അവഗണിക്കപ്പെട്ടുകിടന്നിരുന്ന നാടൻകലകളെ ജനമദ്ധ്യത്തിലെത്തിക്കാൻ ആയത് രാജഗോപാൽമാഷിന്റെ പ്രവർത്തനങ്ങളായിരുന്നു. നല്ലൊരു അദ്ധ്യാപകനും കണിശസ്വഭാവക്കാരനുമായിരുന്ന മാഷ് മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെട്ടുനിന്ന നാടൻകലാരൂപങ്ങൾക്ക് വേദി ഒരുക്കുവാൻ മാഷിനായത് ഈ രംഗത്തെ നിർജീവമായ ഒരവസ്ഥയിൽ നിന്നും ജീവസുറ്റ യ അവസ്ഥയിലേക്ക് നയിക്കാനായത് ഒരുപക്ഷേ മാഷിന്റെ കരങ്ങൾ തന്നെ ആവണം. പ്രിയവിദ്യാർത്ഥികൾക്ക് ഈ മലയാളം മാഷെ പ്രാണനാണ്. ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ 90 കാലഘട്ടങ്ങളിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി രാജഗോപാൽ മാഷെ പരിചയപ്പെടുന്നത്. നീളൻജുബ്ബയും കൈകൊണ്ട് താടി തടവിയുമുള്ള മാഷിന്റെ പുഞ്ചിരിച്ച സംഭാഷണവും ഏറെ ആകർഷണീയമായിരുന്നു. പഠിക്കുന്ന സമയങ്ങളിലും ചെറിയ തോതിൽ ഉള്ള എഴുത്തുകൾ അന്നേ എനിക്ക് ഉണ്ടായിരുന്നു. പഠനകേന്ദ്രത്തിൽ നിന്നും കലാപഠനം കഴിഞ്ഞ് പുറത്തിറങ്ങിയതിനുശേഷം ഒരു ദിവസം മാഷ് എന്റെ തൃശൂർ ജില്ലയിലെ പെരുവല്ലൂരിലെ വീട്ടിൽ വരുകയായിരുന്നു. അതിന് നിമിത്തമായത് ഞങ്ങളുടെ നാട്ടിൽ മഴയുടെ പുരാവൃത്തമായി ബന്ധപ്പെട്ട് അച്ഛൻ (കവി കെ.ബി.മേനോൻ) എഴുതിയ പരപ്പുഴ നെട്ടന്റെ കുറി എന്ന കവിതയുടെ അന്വേഷണമായിരുന്നു.

അന്ന് അതിനെകുറിച്ച് പത്രത്തിൽ വന്ന വാർത്ത കണ്ടിട്ടാണ് മാഷ് അച്ഛനെ തേടി വീട്ടിൽ വന്നത്. അന്ന് അച്ഛനേയും കൊണ്ട് പരപ്പുഴ കാളീക്ഷേത്രത്തിന്റെ മുൻവശത്തുള്ള നെട്ടന്റെ പ്രതീകമായ കല്ലിന്റെ അടുത്ത് നിർത്ത് ഈ പുരാവൃത്ത കഥ മുഴുവൻ പറയിച്ച് മാഷ് വീഡിയോ എടുത്തു. അന്ന് അച്ഛനോടൊപ്പം ഞാനും മഷോടൊപ്പം ഉണ്ടായിരുന്നു. അതിനുശേഷം നാട്ടറിവ് പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ സാഹിത്യ അക്കാഡമിയുടെ ഹാളിൽ വച്ച് നടത്തിയ മഴപെരുമ സെമിനാറിൽ പരപ്പുഴ നെട്ടനെക്കുറിച്ചും നെട്ടന്റെ കുറിയെ പറ്റിയും സംസാരിക്കുന്നതിനായി എന്നെ മാഷ് ക്ഷണിക്കുകയായിരുന്നു. അങ്ങനെ നാടൻകലകളെ കുറിച്ചോ നടോടി വിജ്ഞാനത്തെകുറിച്ചോ അറിയാത്ത എന്നെ ആ മേഖലയിലേക്ക് മാഷ് കൂട്ടികൊണ്ടുപോയി.അങ്ങനെ എന്റെ എഴുത്തിന്റെ മേഖലയെ നാടൻകലയുമായി കൂട്ടി ഇണക്കാൻ മാഷ് ഒരു പ്രചോദനമാവുകയായിരുന്നു. ഡി.സി.ബുക്സിനുവേണ്ടി വ്യത്യസ്തമായ വിഷയങ്ങളിൽ പുഴ അറിവ്, കൈവേലകൾ, നാട്ടുവൈദ്യം, തുടങ്ങിയ 12ഓളം ഗ്രന്ഥങ്ങൾ മാഷ് എഡിറ്റർ ആയി ഇറക്കിയിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ അഗ്നിബാധക്കുശേഷം പുനർനിർമ്മിതി നടത്തിയപ്പോൾ മരപപ്പണികളുടെ നേതൃത്വം പേരകത്തെ മാനു ആചാരിക്കായിരുന്നു. ഈ കൈകണക്കുകളെ കുറിച്ചും ക്ഷേത്ര അളവുകളെകുറിച്ചും 'കൈവേലകൾ " എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കണമെന്ന് രാജഗോപാൽമാഷിന് ആഗ്രഹമായി. അങ്ങനെ ഞാനും മാഷും കൂടി മാനു ആചാരിയുടെ വീട്ടിൽ പോയി. പ്രായത്തിന്റെ ആധിക്യത്താൽ ഏറെ ക്ഷീണിതനായിരുന്നതിനാൽ അദ്ദേഹത്തിന് അത് ഓർത്തെടുക്കാൻ സാധിച്ചില്ല. ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടും പരാജയമായിരുന്നു. അവസാനം വിഷാദമൂകരായി ഞാനും മാഷും മടങ്ങി.
ഏതു സമയത്തും ''നളിൻ... രാജഗോപാൽ മാഷാണ്"" എന്ന വിളി എപ്പോഴും ഉണ്ടാകാറുണ്ട്. എന്റെ അദ്ധ്യാപകനല്ലാതിരിന്നിട്ടും ഞങ്ങൾക്കിടയിൽ ഒരു ഗുരുശിഷ്യ ബന്ധം എപ്പോഴും ഉണ്ടായിരുന്നു. അവിണിശ്ശേരി തൃത്താമശ്ശേരി ക്ഷേത്രത്തിൽ ഞാൻ വരച്ച ചുമർചിത്രങ്ങളുടെ അനാച്ഛാദനത്തിന് കുഞ്ഞുണ്ണിമാഷെ ഞാൻ കൊണ്ടുവന്നപ്പോഴും എന്നോടൊപ്പം മാഷ് ഉണ്ടായിരുന്നു. എന്നെ വേദിയിൽ ആശംസിക്കാൻ കുതിരാൻമല ശ്രീ ധർമ്മശാസ്ത ക്ഷേത്രത്തിൽ ഞാൻ വരച്ച ചിത്രങ്ങളുടെ ചടങ്ങിനും എന്നോടൊപ്പം മാഷ് ഉണ്ടായിരുന്നു. കേരളത്തിലെ ക്ഷേത്രചുമർചിത്രങ്ങളെ കുറിച്ച് എന്തെങ്കിലും ആവശ്യമായി വന്നാൽ മാഷുടെ വിളി പ്രതീക്ഷിക്കാം. അതിലെ വർണ്ണ രീതി, പ്രതിപാദനവിഷയങ്ങൾ എല്ലാം മാഷ് ചോദിച്ച് മനസ്സിലാക്കിയിരുന്നു. പ്രിയ ഗുരുനാഥൻ ചുമർചിത്രകലാ ആചാര്യൻ മമ്മിയൂർ കൃഷ്ണന്കുട്ടിനായരുമായി നല്ലൊരു സ്നേഹബന്ധം രാജഗോപാൽ മാഷിനുണ്ടായിരുന്നു.എന്റെ അച്ഛന്റെ പേരിലുള്ള കെ.ബി.മേനോൻ കാവ്യപുരസ്കാരം 2011ൽ ശ്രീ ആലങ്കോട് ലീലാകൃഷ്ണന് ഡോ.സുകുമാർ അഴീക്കോട് നൽകുന്ന ചടങ്ങിനും മാഷ് അച്ഛനെ അനുസ്മരിക്കാനായി പെരുവല്ലൂർ സ്കൂളിൽ എത്തിയത് മറക്കാനാവാത്ത സ്നേഹംകൊണ്ട് മാത്രമാണ്. നല്ല കർക്കശക്കാരനും ദേഷ്യം പ്രകടിപ്പിക്കുന്ന സ്വഭാവക്കാരനുമായ മാഷ് എനിക്കെന്നും സ്നേഹപൂർവമായ പെരുമാറ്റമാണ് നൽകിയിരുന്നത്. ജീവിതത്തിലെ പ്രതിസന്ധികളും മകൾ കാവ്യയുടെ അകാല നിര്യാണവും മാഷെ വല്ലാതെ തളർത്തിയിരുന്നു. ഗുരുവായൂരിലെ സെമിനാറിനും തൃശൂരിലെ ഭരതൻസ്മൃതിക്കും സംഗീത നാടക അക്കാഡമിയുടെ നാടകോത്സവത്തിനുമെല്ലാം കാവ്യ മാഷിനോടൊപ്പം ഉണ്ടാകാറുണ്ട്.

കേരള വർമ്മ കോളേജിൽ നിരവധി വർഷക്കാലം അദ്ധ്യാപകനായ മാഷ് എന്റെ ചിത്രങ്ങളുടെ പ്രദർശനം 1997 കാലയളവിൽ കോളേജിൽ നടത്തുകയുണ്ടായി. കേരള വർമ്മ കോളേജിൽ നിന്നും പിന്നെ തിരുവനന്തപുരത്തെ കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലേക്ക് മാറി പോയപ്പോഴും മാഷ് അവിടെ സജീവമായി ഈ രംഗത്ത് നിലയുറപ്പിച്ചിരുന്നു. മാതൃഭാഷയ്ക്കുവേണ്ടി സെക്രട്ടറിയേറ്റിനുമുമ്പിൽ സമരത്തിന് മാഷ് ഉണ്ടായിരുന്നു. നാട്ടറിവ് പഠനകേന്ദ്രത്തിന്റെ ഡയറക്ടറായി മാഷ് ഒരുപാട് നടോടികലാവിജ്ഞാന മേഖലകളെ പ്രതിപാദിക്കുന്ന നിരവധി ഗ്രന്ഥങ്ങളും സെമിനാറുകളും നാടൻകലാ പ്രദർശനങ്ങളും നടത്തിയിരുന്നു. കാര്യവട്ടം കാമ്പസിൽ ജോലിയിലിരിക്കെ റിട്ടയർ ചെയ്യുന്നതിന് തൊട്ടുമുമ്പാണ് മാഷിന് വയ്യാതാകുന്നത്. ശരീരം തളർന്ന് നടക്കാൻ പറ്റാത്ത അവസ്ഥ. സംസാരിക്കാനിം ഏറെ ബുദ്ധിമുട്ടും ഉണ്ടായിരുന്നു. കണിമംഗലത്തെ 'ശ്രീകാവ്" വീട്ടിൽ മാഷെ കാണാനായി പോകാറുണ്ടായിരുന്നു. മാഷെ പരിചരിക്കുന്നതിനായി മാഷുടെ സഹധർമ്മിണി ഡോ.ശീതൾ ജാഗരൂകയായിരുന്നു. രാജഗോപാൽമാഷ് മാഷിന്റെ കയ്യൊപ്പോടെ തന്ന ഗോത്രകാലവടിവുകൾ, കവേറ്റം, ദൈവത്തായ് തുടങ്ങിയ മാഷുടെ എല്ലാ ഗ്രന്ഥങ്ങളും ഇന്നും എന്റെ വായനാമുറിയിൽ നാടൻകലകളുടെ അറിവിനായി ഇരിക്കുന്നുണ്ട്. മാഷ് വളർത്തി വലുതാക്കി കൊണ്ടുവന്ന 'കരിന്തലക്കൂട്ടം" നാടൻപാട്ട് സംഘത്തിലെ ഒരു നാടൻപാട്ടാണ് ഓർമ്മയിൽ തെളിയുന്നത്.
എന്തുതന്റെ തീണ്ടലാണ് തീണ്ടലാണ്
തമ്പുരാന്റെ തീണ്ടല്....
മാറടാ... മാറടാ... പാക്കനാരെ മാറടാ...
(ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം ചീഫ് ഇൻസ്ട്രക്ടർ ആണ് നളിൻ ബാബു: 9847306789)