
പിടിയിലായത് രണ്ടര വർഷത്തിന് ശേഷം 
തിരുവനന്തപുരം: നെട്ടുകാൽത്തേരി തുറന്ന ജയിലിൽ കൊലപാതക ക്കേസിൽ തടവ് ശിക്ഷയിൽ പരോളിലിറങ്ങി മുങ്ങിയ പ്രതിയെ രണ്ടര വർഷത്തിനുശേഷം പൊലീസ് പിടികൂടി. തിരുമല തൃക്കണ്ണാപുരം കുന്നുവിള വീട്ടിൽ ഗോപിയെയാണ് (56) പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. മലയിൻകീഴ് പൊലീസ് സ്റ്റേഷനിലെ ഒരു കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് നെട്ടുകാൽത്തേരി തുറന്ന ജയിലിൽ തടവിൽ കഴിയുകയായിരുന്നു ഗോപി.
2019 മേയിലാണ് ഇയാൾ പരോളിലിറങ്ങിയത്. ഒരു മാസത്തെ പരോൾ കാലാവധി കഴിഞ്ഞ് തിരികെ ജയിലിൽ പോകാതെ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ജയിലധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പരോളിലിറങ്ങിയ ഇയാൾ പേരുമാറി വ്യാജ മേൽവിലാസമുണ്ടാക്കി കോയമ്പത്തൂരിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. അന്വേഷണസംഘം പിന്തുടരുന്നുവെന്ന് മനസിലാക്കിയ പ്രതി, തിരികെ കേരളത്തിലേക്ക് കടന്ന് ശ്രീകാര്യത്ത് ഒരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.
ഒളിവിലായിരുന്ന കാലത്ത് ഇയാൾ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ഫോണിൽ ബന്ധപ്പെട്ടിരുന്നില്ല. അന്വേഷണസംഘം ഇയാളുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരെ ചോദ്യംചെയ്തും മറ്റ് അന്വേഷണം നടത്തിയുമാണ് ശ്രീകാര്യത്തെ ഒളിസങ്കേതം കണ്ടെത്തിയത്. പുറമേ നിന്ന് കാണാത്ത രീതിയിൽ ഓല കൊണ്ട് മറച്ച രീതിയിലുള്ള വീട്ടിലെത്തിയ പൊലീസ് സംഘത്തിന് നേരെ വെട്ടുകത്തി വീശി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് പൊലീസ് കീഴ്പ്പെടുത്തിയത്. പൂജപ്പുര എസ്.എച്ച്.ഒ റോജ്, എസ്.ഐ പ്രവീൺ, എ.എസ്.ഐമാരായ രാജേന്ദ്രൻ, ഷാജി, സി.പി.ഒമാരായ പ്രശാന്ത്, ഹക്കിം എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.