
കല്ലമ്പലം: പള്ളിക്കൽ സ്റ്റേഷൻ പരിധിയിൽ പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ പിടിയിൽ. കടയ്ക്കൽ വെള്ളാർവട്ട, ആലത്തറമല മാവിള പുത്തൻവീട്ടിൽ അഭിൽദേവാണ് (21)പിടിയിലായത്. 2021 ഒക്ടോബർ 19നായിരുന്നു പെൺകുട്ടി ആത്മഹത്യ ചെയ്തത്. തുടർന്ന് പള്ളിക്കൽ പൊലീസ് അസ്വാഭവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ മൃതദേഹത്തിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ കണ്ട മൊബൈൽ വിവരങ്ങൾ പരിശോധിച്ചതിൽ നിന്ന് പ്രതിയുടെ ഇടപെടലാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കണ്ടെത്തി. പെൺകുട്ടി ആത്മഹത്യ ചെയ്യുന്ന ദിവസം നാല്പതിലധികം കാളുകളാണ് പ്രതിയുടെ മൊബൈലിൽ നിന്ന് പെൺകുട്ടിയുടെ ഫോണിലേക്ക് എത്തിയിരുന്നത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് വിധേയയായെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്ന് പ്രതിക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. തുടർന്ന് ഒളിവിൽ പോയ പ്രതിയെ പാറശാലയിൽ നിന്നാണ് പിടികൂടിയത്.
പെൺകുട്ടിയുടെ സ്വർണാഭരണങ്ങളും പ്രതി കൈക്കലാക്കി പണയം വച്ചിരുന്നു. സ്വർണം പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. പ്രതിക്ക് മറ്റ് പെൺകുട്ടികളുമായി അവിഹിത ബന്ധമുണ്ടെന്ന് മനസിലാക്കിയതിനെ തുടർന്നുള്ള മാനസിക വിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് തികച്ചും അപരിചിതനായ പ്രതി പെൺകുട്ടിയെ വലയിലാക്കിയത്.
പള്ളിക്കൽ സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ എം. സഹിൽ, എ.എസ്.ഐ അനിൽകുമാർ, സീനിയർ സി.പി.ഒ മനോജ്, സി.പി.ഒമാരായ സന്തോഷ്, ഷമീർ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.