
കൊച്ചി: ഡിപിആറിൽ ശരിയായ സർവെ നടത്തിയെങ്കിൽ ഇപ്പോഴത്തെ സർവെ എന്തിനാണെന്ന് സർക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി. സർവെ ആന്റ് ബൗണ്ടറി ആക്‌ട് പ്രകാരം ഇപ്പോൾ നടക്കുന്ന സർവെയുടെ ഉദ്ദേശമെന്താണെന്ന് മനസിലാകുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. സിൽവർലൈൻ പദ്ധതിക്കായി നിയമവിരുദ്ധമായി ഭൂമിയിൽ കയറി അതിർത്തികൾ അടയാളപ്പെടുത്തുന്നു എന്നുകാണിച്ച് ഭൂവുടമകൾ നൽകിയ ഹർജിയിലാണ് കോടതി സർക്കാർ നടപടിയെ ചോദ്യം ചെയ്‌തത്. അതേസമയം സമാനമായ മറ്റൊരു ഹർജിയിൽ ഡിവിഷൻ ബെഞ്ച് വിധിവരാനുണ്ടെന്നും എതിർ സത്യവാങ്‌മൂലം നൽകാൻ സമയം നൽകണമെന്നും കേസ് മാറ്റിവയ്‌ക്കണമെന്നും സർക്കാർ വാദിച്ചു.
നേരത്തെ സിൽവർലൈൻ സർവെ നടപടികൾ സിംഗിൾ ബെഞ്ച് തടഞ്ഞു. ഈ വിധി 18 വരെ കോടതി നീട്ടിയിരുന്നു. ഡിപിആർ തയ്യാറാക്കുന്നതിന് മുൻപായിരുന്നു സർവെ നടത്തേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ സർവെ നടത്തുന്നതിന്റെ സാഹചര്യമെന്താണെന്ന് സിംഗിൾ ബെഞ്ച് സർക്കാർ അഭിഭാഷകനോട് ചോദിച്ചത്. മറ്റൊരു ഹർജി പരിഗണിക്കവെ ഇക്കാര്യത്തിൽ സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ കോടതി ചോദ്യം ചെയ്‌തിരുന്നു. എന്തിനുവേണ്ടിയാണീ സർവെ എന്നും ഇതിന്റെ ഉദ്ദേശശുദ്ധി മനസിലാകുന്നില്ലെന്നുമായിരുന്നു കോടതി സർക്കാർ അഭിഭാഷകനോട് ചോദിച്ചത്. പത്തിലധികം ഹർജിക്കാരുടെ ഭൂമിയിലെ സർവെ നടപടികൾ കോടതി സിംഗിൾ ബെഞ്ച് തടയുകയും ചെയ്‌തിരുന്നു. ജനങ്ങളെ ഭയപ്പെടുത്തരുതെന്നും നിയമപരമാണ് പദ്ധതിയെങ്കിൽ ആരും എതിർക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.