
സെനഗൽ ആഫ്രിക്കൻ ചാമ്പ്യൻമാർ
ഫൈനലിൽ ഈജിപ്തിനെ കീഴടക്കി
ഒലെമ്പേ: ആഫ്രിക്ക കപ്പ് ഓഫ് നേഷൻ ഫൈനലിൽ മുഹമ്മദ് സലയുടെ ഈജിപ്തിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി സാദിയോ മാനേയുടെ സെനഗൽ കിരീടത്തിൽ മുത്തമിട്ടു. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമും ഗോൾ രഹിത സമനിലയിൽ തുടർന്നതിനാലാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ എട്ടാം കിരീടം ലക്ഷ്യമിട്ടെത്തിയ ഈജിപ്തിനെ 4-2ന് വീഴ്ത്തിയാണ് സെനഗൽ ആദ്യമായി ആഫ്രിക്ക വൻകരയിലെ രാജാക്കൻമാരായത്.
ഇംഗ്ലീഷ് ക്ലബ് ലിവർപൂളിലെ സഹതാരങ്ങളായ സെനഗലിന്റെ സാദിയോ മാനേയും ഈജിപ്തിന്റെ മുഹമ്മദ് സലയും തമ്മിലുള്ള പോരാട്ടമെന്ന് വിലയിരുത്തപ്പെട്ട മത്സരത്തിൽ എന്നാൽ ഇരുവർക്കും യഥാർത്ഥ മികവിലേക്ക് ഉയരാനായില്ല.
ക്രോസ് ബാറിന് കീഴിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഈജിപ്തിന്റെ അബു ഗബാലും സെനഗലിന്റെ എഡ്വാർഡ് മെൻഡിയും ആയിരുന്നു ഫൈനലിലെ താരങ്ങൾ. ഗബാലിനെ മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തപ്പോൾ മെൻഡിയെ ടൂർണമെന്റിലെ ഏറ്റവുംമികച്ച ഗോളിയായി തിരഞ്ഞെടുത്തു.
മത്സരത്തിന്റെ ഏഴാം മിനിട്ടിൽ സെനഗലിന് അനുകൂലമായി ലഭിച്ച പെനാൽറ്റി കിക്ക് മാനേ പാഴാക്കിയിരുന്നു. മാനേയുടെ കിക്ക് അബു ഗബാൽ വലത്തോട്ട് ഡൈവ് ചെയ്ത് തട്ടിയകറ്റുകയായിരുന്നു. എന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിലെ നിർണായകമായ അവസാന കിക്ക് കൃത്യമായി ഗോളാക്കി മാനേ വില്ലനിൽ നിന്ന് സെനഗലിന്റെ വീരനായകനാകുകയായിരുന്നു. മാനേ തന്നെയാണ് ടൂർണമെന്റിലെ മികച്ച താരം. മാനേയെക്കൂടാതെ ഷൂട്ടൗട്ടിൽ സെനഗലിനായി ക്യാപ്ടൻ കാലിഡൗ കൗലിബാലി, അബ്ദൗ ഡിയാല്ലോ, ബംമ്പ ഡിയിംഗ് എന്നിവരും ലക്ഷ്യം കണ്ടപ്പോൾ ബൗന സറിന്റെ കിക്ക് ഗബാൽ തടുത്തു. ഈജിപ്തിനായി അഹമ്മദ് സയിദും ഹമീദിയും ലക്ഷ്യം കണ്ടപ്പോൾ അബ്ദൽമോനേമിന്റെ കിക്ക് പോസ്റ്റിൽ തട്ടി തെറിക്കുകയും ലഷീനിന്റെ ഷോട്ട് മെൻഡി സേവ് ചെയ്യുകയും ചെയ്തു.
സിസ്സെ, സെനഗലിന്റെ കബീർഖാൻ
ചക് ദേ ഇന്ത്യയെന്ന സൂപ്പർ ഹിറ്റ് സിനിമയിൽ ഷാരൂഖ് ഖാൻ അവതരിപ്പിച്ച കോച്ച് കബീർഖാന്റെ 'റിയൽ" പതിപ്പായി മാറിയിരിക്കുകയാണ് സെനഗൽ കോച്ച് അലിയു സിസ്സെ. കബീർ ഖാൻ ഹോക്കി കോച്ചാണെന്നും സിസ്സെ ഫുട്ബാൾ കോച്ചാണെന്നുമുള്ള വ്യത്യാസം മാത്രം. 
ചക്ദേയിൽ കബീർ ഖാൻ കളിക്കാരനെന്ന നിലയിൽ പാകിസ്ഥാനെതിരെ പെനാൽറ്റി സ്ട്രോക്ക് നഷ്ടപ്പെടുത്തി ഇന്ത്യയുടെ തോൽവിക്ക് കാരണക്കാരനാവുകയും നാടുവിടേണ്ടി വരികയും ചെയ്യുന്നു. തുടർന്ന് ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ പരിശീലകനാവുകയും ലോകകപ്പ് നേടുകയും ചെയ്യുന്നതാണ് ചക്ദേയുടെ ഇതിവൃത്തം.
2002ൽ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ ഫൈനലിൽ കാമറൂണിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ കിക്ക് നഷ്ടപ്പെടുത്തി സെനഗലിന്റെ തോൽവിക്ക് കാരണക്കാരനായ താരമാണ് അലിയു സിസ്സെ. 2002ലെ ലോകകപ്പിൽ കന്നിക്കാരായെത്തിയ സെനഗൽ സിസ്സെയുടെ നേതൃത്വത്തിൽ ക്വാർട്ടർ വരെ കുതിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അഫ്രിക്ക നേഷൻ കപ്പിലെ ഫേവറിറ്റുകളായിരുന്ന സെനഗൽ സിസ്സെയുടെ കൂടി പിഴവിൽ പടിക്കൽ കലമുടച്ചത്.
2015ൽ സെനഗൽ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ സിസ്സെ 2019ൽ ടീമിനെ ഫൈനലിൽ എത്തിച്ചെങ്കിലും കലാശപ്പോരിൽ ഒരിക്കൽക്കൂടി കാലിടറി. 
തുടർന്ന് 20 വർഷങ്ങൾക്ക് മുൻപ് പെനാൽറ്റി നഷ്ടത്തിലൂടെ കൈവിട്ട കിരീടം 2022ൽ മാനേയും കൗലിബാലിയും മെൻഡിയും ഉൾപ്പെട്ട സുവർണ നിരയെക്കൊണ്ട് സിസ്സെ തന്റെ രാജ്യത്തിനായി നേടിയെടുക്കുമ്പോൾ അത് കളിക്കളത്തിലെ കാവ്യ നീതിയാകുന്നു.