
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ വടക്ക് കിഴക്കൻ മേഖലയിലുണ്ടായ ഹിമപാതത്തിൽ ഏഴ് ഇന്ത്യൻ സൈനികരെ കാണാതായി. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്നു ഇവർ. കമെംഗ് സെക്ടറിലെ ഉയർന്ന മേഖലയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇവിടെ സൈന്യത്തിന്റെ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കാണാതായ സൈനികർക്കായി വ്യോമമാർഗവും തിരച്ചിൽ നടക്കുന്നുണ്ട്. മേഖലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. ഭൂട്ടാൻ, ചൈന അതിർത്തികൾക്ക് സമീപം സമുദ്രനിരപ്പിൽ നിന്ന് 14,000 അടി ഉയരത്തിലാണ് കമെംഗ് സെക്ടർ സ്ഥിതി ചെയ്യുന്നത്. 2020 മേയിൽ സിക്കിമിലുണ്ടായ ഹിമപാതത്തിൽപ്പെട്ട് രണ്ട് സൈനികർ മരിച്ചിരുന്നു.