
ബിജിത് ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ശ്രീനാഥ് ഭാസി നായകനാകുന്നു.ഗ്രേസ് ആന്റണിയും ആൻ ശീതലുമാണ് നായികമാർ. അലൻസിയർ, വിജിലേഷ്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, ദിനേശ് പ്രഭാകർ എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രസംയോജകൻ കൂടിയായ ബിജിത് ബാല നെല്ലിക്ക എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടൈനി ഹാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജയും ടൈറ്റിൽ റിലീസും ഫെബ്രുവരി 11 ന് നടക്കും. സിനിമയുടെ ചിത്രീകരണം 12 ന് കോഴിക്കോട് ആരംഭിക്കും. നെല്ലിക്കയുടെ ചിത്രീകരണവും കോഴിക്കോട് തന്നെയായിരുന്നു. സുമേഷ് ആൻഡ് രമേശ് എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം ശ്രീനാഥ് ഭാസി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചട്ടമ്പി, മമ്മൂട്ടി നായകനാകുന്ന ഭീഷ്മ പർവ്വം എന്നിവയാണ് ശ്രീനാഥ് ഭാസിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ. ചട്ടമ്പിയിൽ ഗ്രേസ് ആന്റണിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.