
ആലുവ: നിരവധി കേസുകളിൽ പ്രതിയായ അങ്കമാലി തുറവൂർ പുല്ലാനി ചാലക്കവീട്ടിൽ വിഷ്ണു (പുല്ലാനി വിഷ്ണു - 29) വിനെ വീണ്ടും കാപ്പ ചുമത്തി ജയിലിലടച്ചു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വധശ്രമം, ദേഹോപദ്രവം, കവർച്ച, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെയുണ്ട്.
2020ൽ മൂന്ന് കേസുകളിൽ പ്രതിയായതിനെ തുടർന്ന് കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. 2021 നവംബറിൽ തുറവൂർ മൂപ്പൻ കവലയിലെ ഇറച്ചിക്കടയിൽ കത്തി വീശി ജോലിക്കാരനെ ആക്രമിച്ച് 45,000 രൂപ കവർച്ച ചെയ്യുകയും 35,000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ ഒന്നാം പ്രതിയായതിനെ തുടർന്നാണ് വീണ്ടും കാപ്പ ചുമത്തിയത്. അങ്കമാലി, നെടുമ്പാശേരി, കാലടി പൊലീസ് സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ വേറെ കേസുകളുള്ളത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ലയിൽ കാപ്പ നിയമപ്രകാരം 36 പേരെ ജയിലിലടച്ചു. 31 പേരെ നാടുകടത്തി.