arrest

ബംഗളൂരു: കർണാടകയിലെ സ്കൂളുകളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ത‌ടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിനിടെ മാരകായുധങ്ങളുമായെത്തിയ രണ്ടുപേരെ പൊലീസ് പിടികൂടി. റജബ് (41), അബ്ദുൾ മജീദ് (32) എന്നിവരാണ് ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിലെ സർക്കാർ കോളേജിനു സമീപത്തുനിന്ന് പിടിയിലായത്.

പ്രതിഷേധം നടത്തുന്നവർക്കിടെയിൽ കടന്നുകയറി അക്രമം നടത്തുകയായിരുന്നു നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. പ്രതിഷേധക്കാരായ വിദ്യാർത്ഥികൾക്ക് സമീപം അഞ്ചംഗ സംഘത്തെ സംശയാസ്പദമായി കണ്ടതോടെ പൊലീസ് പിടികൂടാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട മൂന്ന് പേർക്കായി അന്വേഷണം വ്യാപകമാക്കി.

പ്രതിഷേധങ്ങളെ തുടർന്ന് രണ്ട് കോളേജുകൾക്ക് സർക്കാർ ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. അതേ സമയം, മറ്റൊരു കോളേജിൽ ഹിജാബ് ധരിച്ച കുട്ടികളെ പ്രത്യേക ക്ലാസ് മുറികളികളിൽ ഇരുത്തിയിരുന്നെങ്കിലും ക്ലാസുകളിൽ പങ്കെടുപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്. ഹിജാബ് ധരിച്ച കുട്ടികളെ ക്ലാസുകളിൽ വിലക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും.