
ന്യൂഡൽഹി: കോൺഗ്രസിനെതിരെയും രാഹുൽ ഗാന്ധിയ്‌ക്കെതിരെയും ശക്തമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വൃത്തികെട്ട രാഷ്‌ട്രീയമാണ് കൊവിഡ് കാലത്ത് കോൺഗ്രസ് കളിച്ചതെന്ന് മോദി പറഞ്ഞു. കൊവിഡ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത സമയത്ത് കോൺഗ്രസ് രാജ്യത്ത് കൊവിഡ് പടർത്തിയെന്നും ഇത് പാപമാണെന്നും മോദി ആഞ്ഞടിച്ചു.
കൊവിഡ് മുൻകരുതലെടുക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുകയോ പോലെ എന്തെങ്കിലും നല്ല രീതിയിൽ കോൺഗ്രസ് രാജ്യത്തിന് വേണ്ടി ചെയ്‌തില്ല. മറിച്ച് രാജ്യത്ത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും കൊവിഡ് പടർത്തുകയും ചെയ്യുന്നതിൽ ഇവരുടെ സംഭാവന വലുതാണ്. മഹാരാഷ്‌ട്ര, ഡൽഹി സർക്കാരുകൾ തൊഴിലാളികളെ ബുദ്ധിമുട്ടിലേക്ക് തളളിവിട്ടു.
ലോകാരോഗ്യ സംഘടന ലോക്ഡൗൺ സമയത്ത് എവിടെ നിൽക്കുന്നുവോ അവിടെത്തന്നെ തുടരാൻ ആവശ്യപ്പെട്ടപ്പോൾ മുംബയ് റെയിൽവെ സ്‌റ്റേഷനിൽ കോൺഗ്രസ് തൊഴിലാളികൾക്ക് ടിക്കറ്റ് നൽകി കൊവിഡ് പടർത്താൻ സഹായിച്ചു. ഡൽഹിയിൽ സർക്കാർ ബസും ജീപ്പും ഏർപ്പെടുത്തി ജനങ്ങളെ വീട്ടിലേക്കയച്ചു. ഇതുമൂലം കൊവിഡ് ശക്തമല്ലാത്ത ഉത്തർ പ്രദേശിൽ പെട്ടെന്ന് കൊവിഡ് പടർന്നുപിടിക്കാനും പ്രശ്‌നങ്ങളുണ്ടാകാനും കാരണമായി.
കൊവിഡ് കാരണം മോദിയുടെ പ്രതിച്ഛായ നശിപ്പിക്കാമെന്ന് ചിലർ കരുതിയതായും പ്രധാനമന്ത്രി വിമർശിച്ചു. ചിലർ ഇപ്പോഴും 2014ൽ കുരുങ്ങികിടക്കുകയാണ്. പാർലമെന്റിനെ കോൺഗ്രസ് ദുരുപയോഗം ചെയ്‌തു.സാധാരണക്കാരുമായി കോൺഗ്രസിന് ഒരു ബന്ധവുമില്ലെന്നും നിങ്ങളുടെ ധിക്കാരം കാരണമാണ് മുന്നോട്ട് പോകാൻ പാർട്ടിക്ക് ആകാത്തതെന്നും മോദി കുറ്റപ്പെടുത്തി.ജനം എന്തുകൊണ്ട് കോൺഗ്രസിനെ തളളിക്കളഞ്ഞെന്ന് ആത്മപരിശോധന നടത്തണം. രാഷ്‌ട്രീയ അദ്ധത മൂലം കോൺഗ്രസ് മര്യാദകൾ മറന്നെന്നും തിരഞ്ഞെടുപ്പ് എന്ന കുറുക്കുവഴി മാത്രമല്ല കോൺഗ്രസ് നോക്കേണ്ടതെന്നും രാഹുൽ ഗാന്ധി ഇന്നും സഭയിലില്ലെന്നും മോദി ഓർമ്മിപ്പിച്ചു.
കൊവിഡ് രോഗബാധയെ തുടർന്ന് പുതിയ ലോകക്രമം ഉണ്ടായതായും കൊവിഡ് നിയന്ത്രണത്തിൽ ലോകമാതൃകയായി ഇന്ത്യ മാറിയതായും പ്രധാനമന്ത്രി പറഞ്ഞു. ലതാ മങ്കേഷ്‌കറെ അനുസ്‌മരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.