kk

തിരുവനന്തപുരം: പുസ്തകരചനയുടെ പേരിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ സർക്കാർ നടപടി ഉണ്ടായേക്കില്ല. സര്‍ക്കാരിനേയോ സര്‍ക്കാര്‍ നയങ്ങളേയോ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളൊന്നും പുസ്തകത്തില്‍ ഇല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. 1968-ലെ ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥന് സര്‍വീസ് കാലയളവില്‍ പുസ്തകം എഴുതുന്നതിന് മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ല. എന്നാല്‍ പുസ്തകത്തില്‍ സര്‍ക്കാരിന്റെ നയങ്ങളെയോ സര്‍ക്കാരിനെയോ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ നടപടി സ്വീകരിക്കാം

എം. ശിവശങ്കറിന്റെ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്കെതിരേയും മാദ്ധ്യമങ്ങള്‍ക്കെതിരേയുമാണ് പ്രധാന വിമര്‍ശനം. ഈ പശ്ചാത്തലത്തിലാണ് തത്കാലം നടപടി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ ശിവശങ്കറിനെ പിന്തുണച്ച് സി.പി.എം രംഗത്തെത്തിയിരുന്നു. അന്വേഷണ ഏജൻസികൾക്കും മാദ്ധ്യമങ്ങൾക്കും എതിരെ ശിവശങ്കർ പറഞ്ഞത് ശരിയാണെന്നും ഐ.എ.എസ് ഉദ്യോഗസ്ഥൻ പ്രതിയാക്കപ്പെട്ടതാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ വ്യക്തമാക്കിയിരുന്നു, സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ പ്രതികരണം വിശ്വാസത്തിലെടുക്കാനാകില്ലെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.