
ന്യൂഡൽഹി: മാരുതിക്ക് തൊട്ടുപിന്നിലായി ഇന്ത്യയിൽ രണ്ടാം സ്ഥാനത്തായിരുന്നു ദക്ഷിണകൊറിയൻ വാഹനനിർമാതാക്കളായ ഹ്യൂണ്ടായിയുടെ സ്ഥാനം. 2019ലെ കണക്കനുസരിച്ച് ഇന്ത്യയിലെ വാഹനവിപണിയുടെ 16.2 ശതമാനം ഷെയറുകളും ഹ്യുണ്ടായിക്ക് സ്വന്തമായിരുന്നു. 5.5 ബില്ല്യൺ അമേരിക്കൻ ഡോളറായിരുന്നു ഇന്ത്യയിൽ ഇവരുടെ ടേൺ ഓവർ. ഇക്കണക്കുകളെല്ലാം തന്നെയാണ് ഇന്ത്യയിലെ വാഹനവിപണിയെ ഹ്യുണ്ടായി ഇത്രയേറെ ഇഷ്ടപ്പെടാൻ കാരണവും.
ഈ ഇഷ്ടം കാരണം തന്നെയാണ് ഹ്യുണ്ടായി 2028നുള്ളിൽ ഏകദേശം 4000 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിൽ നടത്താൻ തയ്യാറായതും. ഇന്ത്യൻ വിപണിയെ മാത്രം ഉദ്ദേശിച്ച് കൊണ്ട് പുതിയ ആറ് ഇലക്ട്രി്ക് വാഹനങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ടാണ് ഈ നാലായിരം കോടി രൂപയുടെ നിക്ഷേപത്തിന് ദക്ഷിണ കൊറിയൻ കമ്പനി തയ്യാറായതും.
എന്നാൽ ഇപ്പോൾ ഉടലെടുത്തിരിക്കുന്ന ട്വിറ്റർ വിവാദം കമ്പനിയുടെ ഇന്ത്യൻ താത്പര്യങ്ങൾക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. നിലവിലെ വിവാദം ഇന്ത്യൻ വിപണിയെ എത്രത്തോളം ബാധിക്കുമെന്ന് നോക്കിയിട്ടാകും ഭാവിയിൽ രാജ്യത്ത് നിക്ഷേപം നടത്തുകയെന്നാണ് അറിയുന്നത്.
ഹ്യുണ്ടായിയുടെ ഇന്ത്യയിലെ വിപണി സാദ്ധ്യതകളുടെ മുന്നിൽ പാകിസ്ഥാൻ താത്പര്യങ്ങൾ ഒന്നുമല്ല എന്നതാണ് യാഥാർത്ഥ്യം. ഇന്ത്യൻ വിപണിയുടെ 16.2 ശതമാനം കൈയ്യാളുന്ന ഹ്യുണ്ടായിയുടെ പേരിൽ പാകിസ്ഥാനിൽ പ്രതിവർഷം ഇറങ്ങുന്നത് പതിനായിരത്തിൽ താഴെ വാഹനങ്ങളാണ്. അതേസമയം ഇന്ത്യയിൽ അഞ്ച് ലക്ഷത്തിന് മുകളിൽ ഹ്യുണ്ടായി വാഹനങ്ങളാണ് ഓരോ വർഷവും നിരത്തിലിറങ്ങുന്നത്. ഹ്യുണ്ടായിയുടെ വാഹനങ്ങൾ പാകിസ്ഥാനിൽ നിർമിക്കുന്നത് പോലുമില്ല, മറിച്ച് വിദേശത്ത് നിർമിച്ച പാർട്സുകൾ അസംബിൾ ചെയ്ത് ഹ്യുണ്ടായി വാഹനങ്ങളായി വിൽക്കുന്ന പരിപാടിയാണ് പാകിസ്ഥാനിൽ നടക്കുന്നത്. ഇതിന് വേണ്ടിയുള്ള പാകിസ്ഥാനിലെ ഏക ഡീലറാണ് നിഷാത് മോട്ടോഴ്സ്. ഇതേ നിഷാത് മോട്ടോഴ്സിന്റെ ട്വീറ്റാണ് ഇപ്പോൾ ഇന്ത്യയിൽ വലിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
സംഭവത്തെതുടർന്ന് ഹ്യുണ്ടായി ഇന്ത്യയിൽ ഒരു വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നെങ്കിലും സംഭവത്തിന് കൈവന്ന രാഷ്ട്രീയ മൂല്യം മുതലാക്കാൻ തന്നെയാണ് രാഷ്ട്രീയ പാർട്ടികളുടെ ശ്രമം. അതിനുള്ള ആദ്യപടിയായി ശിവസേനയുടെയും ബി ജെ പിയുടെയും നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി ഹ്യുണ്ടായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടപ്പോൾ ബി ജെ പി നേതാവ് വിജയ് ചൗതായ്‌വാലെ ഇന്ത്യയ്‌ക്കെതിരെ ഉയരുന്ന വിഘടനവാദ ചിന്തകളോടുള്ള ഹ്യുണ്ടായിയുടെ നയം വ്യക്തമാക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നു. കാശ്മീർ ഐക്യദാർഢ്യ ദിനം’ അനുസ്മരിച്ചുകൊണ്ടുള്ള ട്വീറ്റിൽ,
“നമ്മുടെ കാശ്മീരി സഹോദരങ്ങളുടെ ത്യാഗത്തെ നമുക്ക് സ്മരിക്കാം, അവർ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്പോൾ പിന്തുണയുമായി നിൽക്കാം.” എന്നാണ് ഹ്യുണ്ടായ് പാകിസ്ഥാൻ പോസ്റ്റ് ചെയ്തിരുന്നത്. കാശ്മീര്‍ വിഘടന വാദികള്‍ക്ക് പിന്തുണ നല്‍കിയ പോസ്റ്റിന് പിന്നാലെ കമ്പനിക്കെതിരെ ഇന്ത്യയില്‍ വ്യാപക വിമര്‍ശനമുണ്ടായി. തുടർന്ന് ഹ്യുണ്ടായി ഇന്ത്യ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. ഹ്യുണ്ടായ് ബഹിഷ്കരിക്കുക എന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ ഉൾപ്പെടെ നിരവധി പോസ്റ്റുകൾ പങ്കുവയ്ക്കപ്പെട്ടിരുന്നു. നിരവധിപേർ കമ്പനിയിലേക്ക് വിളിച്ച് വിമർശിക്കുകയും ചെയ്തിരുന്നു.