lata

മുംബയ് : കഴിഞ്ഞ ദിവസം അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്കറോടുള്ള ആദരസൂചകമായി ജന്മസ്ഥലമായ ഇൻഡോറിൽ ലതയുടെ എല്ലാ പാട്ടുകളും ഉൾക്കൊള്ളിക്കുന്ന മ്യൂസിയവും മ്യൂസിക് അക്കാഡമിയും സ്ഥാപിക്കുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു.

ലതാ മങ്കേഷ്കറുടെ സ്മരണയ്ക്കായി ഭോപ്പാലിലെ സ്മാർട്ട് സിറ്റി പാർക്കിൽ വൃക്ഷത്തൈ നട്ടുകൊണ്ടായിരുന്നു ചൗഹാന്റെ പ്രഖ്യാപനം. ഇൻഡോറിൽ ലതയുടെ പ്രതിമ സ്ഥാപിക്കും. ലതയുടെ പേരിലുള്ള പുരസ്കാരം ലതയുടെ ജന്മവാർഷിക ദിനത്തിൽ സമ്മാനിക്കും.

, ലതാ മങ്കേഷ്കറുടെ ചിതാഭസ്മം മുംബയിലെ ശിവജി പാർക്കിൽ നിന്ന് ആചാരപ്രകാരം ഇന്നലെ രാവിലെ സഹോദര പുത്രൻ ആദിനാഥ് മങ്കേഷ്കർ ഏറ്റുവാങ്ങി. ലതാ മങ്കേഷ്കറുടെ സഹോദരൻ ഹൃദയനാഥിന്റെ മകനാണ് ആദിനാഥ്.

ഷാരൂഖിന്റെ ആദരം :

പിന്നാലെ വിവാദം

ശിവജി പാർക്കിൽ ലതാ മങ്കേഷ്കറുടെ സംസ്കാരച്ചടങ്ങുകൾക്കിടെ അന്തിമോപചാരമായി നടൻ ഷാരൂഖ് ഖാൻ ദുഅ ( മുസ്ലിം ആചാര പ്രകാരമുള്ള പ്രാർത്ഥന ) അർപ്പിച്ചതിന് പിന്നാലെ വിവാദം. ദുഅ അർപ്പിച്ച ശേഷം ലതയുടെ ഭൗതികശരീരത്തിലേക്ക് ഊതിയതിന് പിന്നാലെയാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ചിലർ വിവാദം സൃഷ്ടിച്ചത്. ഷാരൂഖ് ലതയുടെ ഭൗതികശരീരത്തിലേക്ക് തുപ്പിയെന്നെ വ്യാജ പ്രചാരണമാണ് നടന്നത്.

എന്നാൽ, ദുഅയ്ക്ക് ശേഷം ഷാരൂഖ് ഭൗതിക ശരീരത്തിലേക്ക് വിശ്വാസ പ്രകാരം ഊതുകയാണെന്ന് ചിത്രങ്ങളിലും വീഡിയോയിലും വ്യക്തമാണ്. ലതയ്ക്ക് പുഷ്പാഞ്ജലി അർപ്പിച്ച ശേഷം പാദങ്ങളിൽ തൊട്ട് നമസ്കരിച്ചാണ് ഷാരൂഖ് മടങ്ങിയത്.