സ്റ്റോക്ക്ഹോം: വടക്കൻ സ്വീഡനിൽ ഇരുമ്പ് ഖനനത്തിന് അനുമതി നല്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ പ്രതിഷേധവുമായി സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ത്യുൻബർഗ്. സ്വീഡനിലെ സാമി ഗോത്രവിഭാഗത്തിലെ അംഗങ്ങളും ഖനനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. ഖനനത്തിന് അനുമതി നല്കിയാൽ മത്സബന്ധനത്തേയും വേട്ടയാടലിനേയും സാരമായി ബാധിക്കുമെന്നും ആവാസ വ്യവസ്ഥ തകരാറിലാകുമെന്നുമാണ് രാജ്യത്ത് 40,000 ഓളം വരുന്ന സാമി അംഗങ്ങളുടെ വാദം. പദ്ധതിയുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധം ഉയർന്നു വരുന്ന സാഹചര്യത്തിൽ ഖനനത്തിന് അനുമതി നൽകണോയെന്ന കാര്യത്തിൽ സർക്കാർ അടുത്ത മാസം തീരുമാനമെടുക്കും. ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിയോവുൾഫ് നേതൃത്വം നൽകുന്ന പദ്ധതി പ്രകാരം 250 മുതൽ 300 വരെ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. ഹ്രസ്വകാല ലാഭത്തേക്കാൾ പാരിസ്ഥിതിക മൂല്യങ്ങൾക്കും മനുഷ്യരാശിയുടെ നന്മയ്ക്കും പ്രാധാന്യം നല്കണമെന്ന് ഗ്രേറ്റ പറഞ്ഞു.