canada

ഒട്ടാവ: കനേഡിയൻ സർക്കാരിന്റെ കൊവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ട്രക്ക് ഡ്രൈവർമാർ നടത്തുന്ന 'ഫ്രീഡം കോൺവോയ്' പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് തലസ്ഥാന നഗരമായ ഒട്ടാവയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയ്ക്കും കാനഡയ്ക്കും ഇടയിൽ സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവർമാർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഉത്തരവിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ നടക്കുകയാണ്. ജനുവരി 29 മുതൽ ട്രക്ക് ഡ്രൈവർമാരുടെ നേതൃത്വത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പടെ ആയിരക്കണക്കിന് പേർ ഒട്ടാവയിൽ പ്രതിഷേധ പ്രകടനം നടത്തിവരികയാണ്. പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചില ട്രക്ക് ഡ്രൈവർമാർ കാനഡയിൽ നിന്ന് അമേരിക്കയിലേക്കുള്ള ഹൈവേ തടയുകയും ചെയ്തു. പ്രദേശത്ത് സുരക്ഷാസേനയേക്കാൾ കൂടുതൽ പ്രക്ഷോഭകർ തമ്പടിച്ചിരിക്കുകയാണ്. എയർഹോണുകൾ നിറുത്താതെ മുഴക്കിയുള്ള പ്രതിഷേധ പരിപാടികളും നഗരത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പ്രക്ഷോഭകർ സിറ്റി സെന്റർ ഉപരോധിച്ചതോടെയാണ് ഒട്ടാവയിൽ മേയർ ജിം വാട്സൺ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രക്ഷോഭകരെ നിയന്ത്രണവിധേയമാക്കാൻ നിലവിൽ കഴിയാത്ത അവസ്ഥയാണെന്നും ജനങ്ങൾക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു.

പ്രതിഷേധക്കാർ ഒട്ടാവയിലേക്ക് കൂട്ടമായി എത്താൻ തുടങ്ങിയതോടെ സുരക്ഷാകാരണങ്ങൾ മുൻനിർത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെയും കുടുംബത്തെയും കഴിഞ്ഞയാഴ്ച അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.