vkc

കോഴിക്കോട്: ചെറുകിട വ്യാപാരികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് വി.കെ.സി ഗ്രൂപ്പ് ' ഷോപ്പ് ലോക്കൽ" ഡീലർ കെയർ ക്ഷേമപദ്ധതിക്ക് തുടക്കമിട്ടു. വ്യാപാരികൾക്കും ജീവനക്കാർക്കുമുള്ള ഇൻഷ്വറൻസ് പരിരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. വ്യാപാരികളായ മുജീബ് റഹ്‌മാൻ, വി.എ.ഫൈസൽ, സിദ്ദിഖ് എന്നിവർക്ക് മന്ത്രി ഇൻഷ്വറൻസ് പോളിസി കൈമാറി.

വില്പനയ്ക്ക് ആനുപാതികമായി വ്യാപാരിക്കും കടയിലെ നാലുപേർക്കും വരെ ഏപ്രിൽ ഒന്നുമുതൽ രണ്ടു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. അപകടങ്ങളുമായി ബന്ധപ്പെട്ട് 40,000 രൂപ വരെ ആശുപത്രി ചികിത്സാ ധനസഹായമായി ലഭിക്കും. ഏതാണ്ട് 15,000 ഡീലർമാർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ഉറപ്പാക്കുമെന്ന് വി.കെ.സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി.കെ.സി. റസാക്ക് പറഞ്ഞു.

വ്യാപാരികൾക്ക് പുറമെ കുടുംബാംഗങ്ങൾക്കും സഹായം ലഭ്യമാക്കുന്ന ഒരു കോടി രൂപയുടെ പ്രത്യേക ബെനവലന്റ് ഫണ്ടാണ് ഡീലർ കെയർ സ്‌കീമിൽ നടപ്പാക്കുന്ന മറ്റൊരു പദ്ധതി. ഈ സഹായനിധിയിലേക്ക് ആദ്യഘട്ടമായി കമ്പനി 50 ലക്ഷം രൂപ ഏപ്രിൽ ഒന്നിന് നിക്ഷേപിക്കും. കേരളത്തിലെ വ്യാപാരികൾക്കും കുടുംബാംഗങ്ങൾക്കുമായി 25,​000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ചികിത്സാ ധനസഹായമായി ഈ ഫണ്ടിൽ നിന്നു നൽകും.

ഓരോ വർഷവും ഈ ഫണ്ടിലേക്ക് ഒരു കോടി രൂപ വീതം നീക്കിവയ്ക്കും. വർഷാവസാനം ബാക്കിവരുന്ന തുക അടുത്ത വർഷത്തേക്ക് ഉപയോഗപ്പെടുത്തും. ഈ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് വ്യാപാരി പ്രതിനിധികൾ കൂടി ഉൾപ്പെടുന്ന ഭരണസമിതി രൂപീകരിക്കും.