
തിരുവനന്തപുരം: അഴിമതിക്കെതിരെ നിലകൊള്ളേണ്ട ലോകായുക്തയെ വെറും നോക്കുകുത്തി ആക്കാനുള്ള ശ്രമമാണ് പുതിയ ഓർഡിനൻസിലൂടെ പിണറായി സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഓർഡിനൻസുകളെ സ്ഥിരമായി എതിർക്കാറുള്ള സി.പി. എം
ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള ഓർഡിനൻസിനെക്കുറിച്ച് മൗനം പാലിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സ്വന്തം മന്ത്രിസഭയിലെ സി.പി.ഐയുടെ എതിർപ്പിനെ അവഗണിച്ച് ഗവർണർക്കുമേൽ ലോകായുക്ത ഓർഡിനൻസ് അടിച്ചേൽപ്പിക്കുകയാണ് ഉണ്ടായത് എന്നത് പകൽ പോലെ വ്യക്തമാണ്. ഭരണഘടനാ പദവി വഹിക്കുന്ന ഏതൊരു ഗവർണറും സ്വീകരിക്കുന്ന നടപടിക്രമങ്ങൾ കോൺഗ്രസ് നേതാക്കൾക്ക് അറിയാമെന്നിരിക്കെ ഗവർണറുടെ ഓഫീസിനെ ഓർഡിനൻസ് ഒപ്പുവെച്ചു എന്നുള്ള പേരിൽ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് രാഷ്ട്രീയ സങ്കുചിത മനോഭാവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചത്. .ലോകായുക്തയുടെ വിധി തള്ളാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ അയച്ചിട്ട് രണ്ടാഴ്ചയായെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല. ഓര്‍ഡിനന്‍സിന്റെ സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരുന്നു. സര്‍ക്കാര്‍ മറുപടിയും നല്‍കിയിരുന്നു. ഞായറാഴ്ച വൈകുന്നേരം മുഖ്യമന്ത്രി ഗവര്‍ണറെ സന്ദര്‍ശിക്കുകയും ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഗവര്‍ണര്‍ ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചത്.