case-diary-

കോഴിക്കോട്: വിവാഹദിവസം രാവിലെ ജീവനൊടുക്കിയ മേഘയുടെ ആത്മഹത്യ കുറിപ്പിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. .ഞായറാഴ്ചയാണ് കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെയും സുനിലയുടെയും മകൾ മേഘ(30) മരിച്ചത്. മേഘയുടെ വീട്ടിൽ വിവാഹ ചടങ്ങുകളെല്ലാം പുരോഗമിക്കവെയായിരുന്നു സംഭവം. . രാവിലെ കുളിക്കാനായി മുറിയിൽക്കയറിയ മേഘ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെത്തുടർന്ന് ബന്ധുക്കൾ ജനല്‍ ചില്ല് തകര്‍ത്ത് നോക്കിയപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സ്വകാര്യ ആശുപത്രിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയാണ് മേഘ. ഇതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായാണ് മേഘയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. 'എന്റെ കാര്യങ്ങളെല്ലാം അവനറിയാം. എന്നിട്ടും പിൻമാറിയില്ല....ഒപ്പം ജീവിക്കാന്‍ കഴിയില്ല..." തുടങ്ങിയ വാക്കുകൾ അടങ്ങിയ ആത്മഹത്യ കുറിപ്പാണ് കണ്ടെടുത്തത്. ചേവായൂർ സ്റ്റേഷൻ ഓഫീസർ പി. ചന്ദ്രബാബുവാണ് കേസ് അന്വേഷിക്കുന്നത്. എന്താണ് മരണകാരണമെന്ന് അന്വേഷണത്തിലെ വ്യക്തമാകുവെന്ന് പൊലീസ് പറഞ്ഞു.