
സിഡ്നി: രാജ്യാന്തര വിനോദസഞ്ചാരികൾക്കായി രാജ്യത്തിന്റെ അതിർത്തികൾ തുറക്കുന്ന കാര്യം അടിയന്തരമായി പരിഗണിക്കുമെന്നും പാർലമെന്റിൽ ഈ ആഴ്ച തന്നെ വിഷയത്തിൽ ചർച്ച നടത്തുമെന്നും ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. കൊവിഡ് വ്യാപനത്തെ തുടർന്ന് ആസ്ട്രേലിയ 2020 മാർച്ചിലാണ് അതിർത്തികൾ അടച്ചത്. അടുത്തിടെ സ്വന്തം പൗരന്മാരെയും വിദേശ വിദ്യാർത്ഥികൾക്കായി നിയന്ത്രണങ്ങൾക്ക് വിധേയമായി രാജ്യത്തേക്ക് വരാൻ അനുവദിച്ചിരുന്നു.
ഈസ്റ്ററിന് മുമ്പ് അന്താരാഷ്ട്ര അതിർത്തികൾ പൂർണമായും തുറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മോറിസൺ പറഞ്ഞു. കൊവിഡ് വ്യാപനം തുടരുന്നുണ്ടെങ്കിലും സർക്കാരിന്റെ കടുത്ത കൊവിഡ് നിയന്ത്രണങ്ങളിൽ ജനങ്ങൾക്ക് വലിയ എതിർപ്പാണുള്ളത്. ജനരോഷം തണുപ്പിക്കാൻ അടുത്ത രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ആസ്ട്രേലിയൻ അതിർത്തികൾ വീണ്ടും തുറന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
രാജ്യത്ത് 16 വയസ്സിന് മുകളിലുള്ള യോഗ്യരായ ജനസംഖ്യയുടെ 95 ശതമാനം പേരും വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവരാണ്. രാജ്യത്ത് നിലവിലുള്ള കൊവിഡ് മാനദണ്ഡമനുസരിച്ച് രാജ്യത്തേക്ക് വരുന്നവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരോ മെഡിക്കൽ വാക്സിനേഷൻ ഇളവിന്റെ സാക്ഷ്യപത്രം നല്കുകയോ വേണം.