
ദുബായ്: വിദേശികളുടെ വിവാഹമോചന വ്യവസ്ഥകൾ പരിഷ്‌കരിച്ച് അബുദാബി. വിവാഹ മോചനം, കുട്ടികളുടെ സംരക്ഷണം, വിവാഹ മോചനം മൂലമുണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങിയ നിയമങ്ങളിലെ ആർട്ടിക്കിൾ 52 ആണ് ഭേദഗതി ചെയ്തിരിക്കുന്നത്. പുതിയ വ്യവസ്ഥകളനുസരിച്ച് കുട്ടികളുടെ പരിപാലനത്തിനായി ജോലി ഉപേക്ഷിക്കേണ്ടി വന്ന, വിവാഹമോചിതരരായ സ്ത്രീകൾക്ക് നഷ്ടപരിഹാരം ലഭിക്കും. വിവാഹമോചനത്തിലേക്ക് നയിച്ച കാരണം, സാമൂഹികാവസ്ഥ, ജോലി ഉപേക്ഷിച്ചതിനുള്ള കാരണം, ജോലിയുപേക്ഷിച്ചതുകാരണം നഷ്ടപ്പെട്ട സാമ്പത്തികാനുകൂല്യങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങൾ പരിശോധിച്ച ശേഷമാകും നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത്. ഉപേക്ഷിച്ച ജോലിയിൽ നിന്ന് ഉയർന്ന വേതനവും ആനുകൂല്യങ്ങളും ലഭിക്കുന്നതാണെങ്കിൽ നഷ്ടപരിഹാരത്തുക ഉയരും. ഒരുപാടുവർഷങ്ങളുടെ ദാമ്പത്യം വേർപെടുത്തുന്നവർക്ക് നഷ്ടപരിഹാരത്തുകയും കൂടുതൽ നൽകേണ്ടിവരും.
മുൻഭർത്താവിന്റെ നിലവിലെ സാമ്പത്തികാവസ്ഥയും തൊഴിൽഭദ്രതയും വിവാഹബന്ധത്തിന്റെ കാലയളവും നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതിൽ നിർണായകമാണ്. ഇതാദ്യമായാണ് ഇത്തരമൊരു വ്യവസ്ഥ വിദേശികളായ വിവാഹ മോചിതർക്ക് ഏർപ്പെടുത്തുന്നത്. ഇതുവരെ നിലനിന്നിരുന്ന നിയമ പ്രകാരം കോടതി നിശ്ചയിക്കുന്ന പ്രകാരം ഭർത്താവിന്റെ ശമ്പളത്തിന്റേയോ സ്വത്തിന്റേയോ ഒരു പങ്കാണ് വിവാഹമോചിതർക്ക് ഇതുവരെ ലഭിച്ചിരുന്നത്.
യു.എ.ഇ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയും അബുദാബി നിയമവകുപ്പ് ചെയർമാനുമായ ഷേക്ക് മൻസൂർ ബിൻ സായിദ് അൽ നഹ്യാനാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇനി മുതൽ അമുസ്ലീം കുടുംബ കോടതിയിൽ കക്ഷികളെ പ്രതിനിധാനം ചെയ്ത് വിദേശ അഭിഭാഷകർക്ക് വാദം നടത്താൻ സാധിക്കും. ഇതു വരെ സ്വദേശി അഭിഭാഷകർക്ക് മാത്രമാണ് അനുവാദം ഉണ്ടായിരുന്നത്. അമുസ്ലിങ്ങൾക്കും ശരിയത്ത് നിയമം പിന്തുടരാത്ത രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾക്കും വ്യവസ്ഥകൾ ബാധകമായിരിക്കും. യു.എ.ഇ. സ്വദേശികൾക്കുപുറമേ സൗദി അറേബ്യ, യെമെൻ, ഈജിപ്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീം മതവിഭാഗങ്ങളിൽപ്പെടുന്നവർക്ക് മാത്രമാണ് വിവാഹകാര്യത്തിൽ ശരിയത്ത് നിയമം ബാധകമാകുന്നത്.
ഭർത്താവിന്റെ വേതനത്തിന്റെ 25 ശതമാനത്തിൽ കുറയാത്ത തുക വിവാഹബന്ധത്തിലുണ്ടായിരുന്ന വർഷങ്ങൾകൊണ്ട് ഗുണിച്ചാൽ ലഭിക്കുന്ന തുക ഒറ്റത്തവണയായി ലഭിക്കാനും നിയമം അനുവദിക്കുന്നു. പുതിയ നിയമമ വ്യവസ്ഥയനുസരിച്ച് വിവാഹമോചനത്തിനും തർക്കപരിഹാരങ്ങൾക്കും ശേഷം കുട്ടികളുടെ തുല്യമായ സംരക്ഷണാവകാശം മാതാപിതാക്കൾക്കുണ്ടായിരിക്കും. ഇതോടൊപ്പം ഒരാൾ വിൽപത്രമൊരുക്കാതെ മരിക്കുകയാണെങ്കിൽ സ്വത്തിന്റെ പകുതി ഭാര്യക്കും ബാക്കി മക്കൾക്കും നല്കുമെന്നും അനന്തരാവകാശ നിയമത്തിൽ പറയുന്നുണ്ട്.