
തിരുവനന്തപുരം: വി.എസ്.എസ്.സിയിൽ ഡെപ്യൂട്ടി ഡയറക്ടറായിരിക്കെയാണ് 2019 ജനുവരിയിൽ ഡോ.എസ്. ഉണ്ണികൃഷ്ണൻ നായർ ഗഗൻയാൻ ദൗത്യത്തിനായി ബംഗളൂരുവിൽ തുറന്ന ഹ്യൂമൻ സ്പേസ് ഫ്ളൈറ്റ് സെന്ററിന്റെ ഡയറക്ടറാവുന്നത്. 2014 ഡിസംബറിൽ വികസിപ്പിച്ച കെയർ പ്രൊജക്ടിനും 2018 ഡിസംബർ അഞ്ചിന് പരീക്ഷിച്ച പാരാബോട്ട് ടെസ്റ്റിംഗിനും മേൽനോട്ടം വഹിച്ചു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായിരുന്നു ഇരുപദ്ധതികളും. 2007ൽ ഇസ്രോ എക്സലൻസ് അവാർഡും 2014ൽ വ്യക്തിഗത മികവിനുള്ള പുരസ്കാരവും നേടി. കോതനല്ലൂർ ഇമ്മാനുവൽസ് സ്കൂൾ, മാഞ്ഞൂർ എൻ.എസ്.എസ് സ്കൂൾ, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദവും ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസസിൽ നിന്ന് എം.ടെക്കും ചെന്നൈ ഐ.ഐ.ടി.യിൽ നിന്ന് ഡോക്ടറേറ്റും നേടി.