
ഹൈദരാബാദ്: അവസാനം വരെ ആവേശം നിറഞ്ഞു നിന്ന പ്രൈം വോളിബാൾ ലീഗിലെ നാലാം മത്സരത്തിൽ കൊൽക്കത്ത തണ്ടർബോൾട്ട്സ് രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് കാലിക്കറ്റ് ഹീറോസിനെ തോൽപ്പിച്ചു.
ഹൈദാരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ സെറ്റും മൂന്നാം സെറ്റും തണ്ടർ ബോൾട്ട്സ് നേടിയപ്പോൾ രണ്ടും നാലും സെറ്റുകൾ വിജയിച്ച് കാലിക്കറ്റ് കരുത്തോടെ തിരിച്ചുവന്നു. അഞ്ചാം സെറ്റിൽ കാലിക്കറ്റ് വിജയിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ സൂപ്പർപോയിന്റിലൂടെ ഒപ്പമെത്തിയ കൊൽക്കത്ത, ക്യാപ്ടൻ അശ്വൽ റായിയുടെ മികവുറ്റ പ്രകടനത്തിൽ സെറ്റും ജയവും സ്വന്തമാക്കുകയായിരുന്നു. സ്കോർ: 13-15, 15-12, 10-15, 15-12, 13-15. ഇന്ന് നടക്കുന്ന മത്സരത്തിൽ ബെംഗളൂരു ടോർപ്പിഡോസ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ നേരിടും. രാത്രി 7മുതലാണ് മത്സരം.