adwaith
അദ്വൈത്

വടകര: എടച്ചേരി പഞ്ചായത്തിലെ കച്ചേരി പാറക്കുളത്തിൽ മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ വീണ കൂട്ടുകാരനെ രക്ഷിക്കാൻ ചാടിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു. ആദ്യം വീണ വിദ്യാർത്ഥിയടക്കം രണ്ടു പേരെയും പരിസരവാസി സാഹസികമായി രക്ഷപ്പെടുത്തി.

കച്ചേരി കുറുമാഞ്ഞി കിഴക്കയിൽ സന്തോഷ് - സുനിത ദമ്പതികളുടെ മകൻ അദ്വൈതിനാണ് ദാരുണാന്ത്യം. ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാംക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരി ആഷ്‌മിക സന്തോഷ്.

ഇന്നലെ വൈകിട്ട് അഞ്ചു മണി കഴിഞ്ഞതോടെയാണ് സംഭവം. നാലു കൂട്ടുകാർ ചേർന്നാണ് മീൻ പിടിക്കാനെത്തിയത്. ആഴമേറിയ കുളത്തിൽ അബദ്ധത്തിൽ വീണ കൃഷ്ണജിത്തിനെ രക്ഷിക്കാൻ അദ്വൈതും ദിഷാന്തും എടുത്തുചാടുകയായിരുന്നു. ഏറെ അകലെയല്ലാതെ ആടിനെ മേച്ചുകൊണ്ടിരുന്ന ഉനക്കനാണ്ടി ബാബു കുട്ടികളുടെ നിലവിളി കേട്ട് പാഞ്ഞെത്തി. കുളത്തിലേക്ക് ചാടിയ ഇദ്ദേഹത്തിന് മറ്റു രണ്ടു കുട്ടികളെ കരയ്ക്കെത്തിക്കാനായെങ്കിലും അദ്വൈതിനെ രക്ഷിക്കാനായില്ല. പേരാമ്പ്ര ഫയർ സ്റ്റേഷനിൽ നിന്നെത്തിയ സ്കൂബ സ്‌ക്വാഡ് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിനിടെ വൈകിട്ട് ഏഴു മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്.