
വാഷിംഗ്ടൺ: യുക്രെയിനെ ആക്രമിക്കാൻ റഷ്യ 70 ശതമാനം സൈനിക സന്നാഹവും സജ്ജമാക്കിക്കഴിഞ്ഞെന്ന് മുന്നറിയിപ്പ് നല്കി അമേരിക്ക. പുടിൻ യുദ്ധമെന്ന തീരുമാനത്തിലെത്തിയാൽ യുക്രെയിൻ തലസ്ഥാന നഗരമായ കൈവ് പിടിച്ചെടുക്കാമെന്നും രാജ്യത്തിന്റെ പ്രസിഡന്റായ വോലോഡൈമറിനെ നീക്കം ചെയ്യാമെന്നുമാണ് യു.എസ് വാദം. ആക്രമണവുമായി റഷ്യ മുന്നോട്ടുപോകുകയാണെങ്കിൽ 50,000 പേർക്കെങ്കിലും ജീവൻ നഷ്ടമാകുമെന്നും ദശലക്ഷക്കണക്കിന് ജനങ്ങൾ പലായനം ചെയ്യേണ്ടിവരുന്നതിലൂടെ യൂറോപ്പിലെ നിലവിലെ അഭയാർഥി പ്രതിസന്ധി വീണ്ടും രൂക്ഷമാകുമെന്നും യു.എസ് റിപ്പോർട്ടിൽ പറയുന്നു. തന്ത്രപ്രധാനമായ ആണവ സേനയുടെ അഭ്യാസം സാധാരണ ശീതകാല അവസാനത്തോടെ നടത്തുന്നത് ഈ മാസം പകുതിയോടെ റഷ്യ ആരംഭിക്കുന്നത് യുക്രെയിൻ അധിനിവേശത്തിന് റഷ്യൻ പ്രസിഡന്റ് തന്നെ നിർദേശം നൽകിയേക്കുമെന്ന ആശങ്ക കൂടുതൽ ശക്തമാക്കുന്നു. അതേ സമയം നേരിട്ടുള്ള യുദ്ധം ഒഴിവാക്കി , സൈബർ ആക്രമണങ്ങളിലൂടെ യുക്രെയിന്റെ ഇലക്ട്രിക് ഗ്രിഡും ആശയവിനിമയങ്ങളും തളർത്തുക, ഡൈനിപ്പർ നദിക്കരയിൽ രാജ്യത്തെ പകുതിയായി മുറിക്കുക എന്നിവയും റഷ്യ ലക്ഷ്യമിട്ടേക്കാമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. അതേ സമയം വിഷയത്തിൽ നയതന്ത്ര പരിഹാരം ഇപ്പോഴും സാദ്ധ്യമാണെന്ന് റിപ്പോർട്ടുണ്ട്.
യുക്രെയിൻ വിഷയത്തിൽ നേരിട്ട് ഇടപെടില്ലെന്ന് യു.എസ് പറയുന്നുണ്ടെങ്കിലും നാറ്റോ അംഗങ്ങളായ അയൽ രാജ്യങ്ങളിൽ യു.എസ് സൈനിക സാന്നിദ്ധ്യം വർധിപ്പിച്ചിട്ടുണ്ട്. യുക്രെയിൻ നാറ്റോ അംഗമല്ലെങ്കിലും യു.എസിന്റെയും സഖ്യ കക്ഷികളുടെയും സൈനിക പരിശീലനവും സഹായവും ലഭിക്കുന്നുണ്ട്. അതേ സമയം യുക്രയിൻ വിഷയത്തിൽ അനുരഞ്ജന ചർച്ചകൾക്കായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. മേഖലയെ അസ്ഥിരമാക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ മാക്രോൺ സമ്മർദ്ദം ചെലുത്തും. റഷ്യൻ സന്ദർശനത്തിനു ശേഷം അദ്ദേഹം യുക്രെയിൻ സന്ദർശിച്ച് പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയുമായും ചർച്ച നടത്തും.