
മനാമ: ഇസ്രായേലുമായി സൈനിക, സുരക്ഷാ കരാറിൽ ഏർപ്പെടുന്ന ആദ്യ ഗൾഫ് രാജ്യമായി ബഹ്‌റൈൻ. ഇസ്രായേൽ പ്രതിരോധ മന്ത്രിയുടെ ബഹ്‌റൈൻ സന്ദർശന വേളയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ സുരക്ഷാ കാര്യങ്ങളിലുള്ള സഹകരണത്തിന് കരാറിലേർപ്പെട്ടത്. ഏതെങ്കിലും ഒരു ഗൾഫ് രാജ്യവുമായി ഇസ്രായേൽ ഉണ്ടാക്കുന്ന ആദ്യത്തെ സുരക്ഷാ സഹകരണ കരാറാണ് ബഹ്‌റൈനുമായി ഒപ്പുവച്ചിരിക്കുന്നതെന്ന് ഇസ്രയേൽ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്റലിജൻസ്, സൈനിക കാര്യങ്ങൾ, പ്രതിരോധ വ്യവസായം എന്നീ മേഖലകളിലാണ് ഇരു രാജ്യങ്ങളും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്.
ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനായി യു.എ.ഇ യും ബഹ്‌റൈനും യു.എസ് മദ്ധ്യസ്ഥതയിൽ അബ്രഹാം കരാറിൽ ഒപ്പുവച്ച് ഒരു വർഷം പിന്നിടുമ്പോൾ ബഹ്‌റൈനുമായി സുരക്ഷാ കരാറിൽ ഏർപ്പെടാനായത് വലിയ നേട്ടമാണെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സ് അഭിപ്രായപ്പെട്ടു. മേഖലയിലെ സുസ്ഥിരത നിലനിറുത്താൻ കരാർ സഹായകരമാകുമെന്ന് ഗാന്റ്സ് കൂട്ടിച്ചേർത്തു. ഗൾഫ് രാജ്യങ്ങൾക്കു നേരെ കടൽ, വ്യോമ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പരസ്പര സുരക്ഷാ സഹകരണത്തിന് വളരെയേറെ പ്രാധാന്യമുണ്ടെന്ന് ഗാന്റ്സ് ട്വിറ്ററിൽ കുറിച്ചു. ശനിയാഴ്ച ബഹ്‌റൈനിലെത്തിയ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇവിടെയുള്ള യു.എസ് നാവിക ഹെഡ്ക്വാർട്ടേഴ്സും സന്ദർശിച്ചു.ഇറാൻ പിന്തുണയോടെ യമനിലെ ഹൂതികളിൽ നിന്ന് സൗദിക്കും യു.എ.ഇയ്ക്കും നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾക്കിടയിലാണ് അറബ് രാജ്യങ്ങൾ സന്ദർശിച്ച് സഹകരണം ശക്തിപ്പെടുത്താൻ ഇസ്രയേൽ നീക്കം നടത്തുന്നത്.