vijayakumar

തിരുവനന്തപുരം:എയർപോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിച്ച് ജോലി വാഗ്‌‌ദാനം ചെയ്‌ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പുന്നയ്‌ക്കാമുഗൾ ആലപ്പുറം ഫ്ളാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന ബിജു എന്ന് വിളിക്കുന്ന വിജയകുമാറിനെയാണ് (62) പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ കല്ലിയൂർ സ്വദേശിയാണ്.ഇയാൾക്കെതിരെ മലയിൻകീഴ്,കാട്ടാക്കട,വഞ്ചിയൂർ,നേമം സ്റ്റേഷനുകളിലായി സമാനരീതിയിലുളള പത്തോളം കേസുകളുണ്ട്.പൂജപ്പുര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഒരാളിൽ നിന്നും രണ്ട് ലക്ഷം രൂപയും, ഒരാളിൽ നിന്ന് ഒരു ലക്ഷത്തി നാൽപ്പതിനായിരം രൂപയും, മറ്റൊരാളിൽ നിന്ന് പണമില്ലാത്തതിനാൽ സ്‌കൂട്ടറുമാണ് ജോലി വാഗ്‌ദാനം ചെയ്ത് ഇയാൾ തട്ടിച്ചെടുത്തത്.കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഉദ്യോഗാർത്ഥികളെ സമീപിച്ചിരുന്നത്.എന്നാൽ,ഇയാൾ താമസിക്കുന്ന സ്ഥലമോ മറ്റ് വിവരങ്ങളോ ആർക്കും വ്യക്തമായി അറിയില്ലായിരുന്നു.സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വാസസ്ഥലം പൊലീസ് കണ്ടെത്തിയത്.ഇയാൾ താമസിക്കുന്ന പുന്നയ്ക്കാമുഗളിലെ ഫ്ളാറ്റിലെ അയൽവാസികളോടും നാട്ടുകാരോടും താൻ സ്‌പെഷ്യൽ ബ്രാഞ്ചിലെയും ക്രൈംബ്രാഞ്ചിലെയും കസ്റ്റംസിലെയും ഉദ്യോഗസ്ഥനാണെന്നും മറ്റുമാണ് പറഞ്ഞ് പരിചയപ്പെടുത്തിയിരുന്നത്.ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ ആറ് പാസ്‌പോർട്ടുകളും ഉദ്യോഗാർത്ഥികളുടെ മറ്റ് വിവിധ രേഖകളും കണ്ടെടുത്തിട്ടുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻ കുമാർ അറിയിച്ചു.