dharmendra-latha-mangeshk

മുംബയ്: കഴിഞ്ഞ ദിവസം അന്തരിച്ച വിഖ്യാത ഗായിക ലതാ മങ്കേഷ്ക്കറിന് ആദരാഞ്ജലിയർപ്പിക്കാൻ വിവിധ മേഖലകളിൽ നിന്നും നിരവധിപേരാണ് എത്തിയത്. എന്നാൽ അക്കൂട്ടത്തിലും ലതാ മങ്കേഷ്ക്കറുടെ ആത്മാർത്ഥ സുഹൃത്തും ബോളിവുഡ് നടനുമായ ധർമേന്ദ്രയുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. ലതാ മങ്കേഷ്ക്കറിന് അവസാന യാത്രയയപ്പ് നൽകാൻ ധർമേന്ദ്ര എത്താതിരുന്നത് നിരവധി ഊഹാപോഹങ്ങൾക്കും കാരണമായിരുന്നു.

എന്നാൽ വിഖ്യാത ഗായികയെ അവസാനമായി ഒരു നോക്ക് കാണാനും അവർക്ക് ആദരാഞ്ജലിയർപ്പിക്കുന്നതിനും വേണ്ടി താൻ മൂന്ന് തവണ വീട്ടിൽ നിന്നുമിറങ്ങിയിരുന്നെന്നും എന്നാൽ ഓരോ പ്രാവശ്യവും യാത്ര പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തെന്ന് ധർമേന്ദ്ര വ്യക്തമാക്കി. തന്റെ പ്രിയ ഗായിക മരിച്ചിട്ടില്ലെന്നും ഇപ്പോഴും ജീവനോടെ ഇരിക്കുന്നതായി കരുതാനാണ് തനിക്ക് താത്പര്യമെന്നും ധർമേന്ദ്ര വ്യക്തമാക്കി. തനിക്ക് ഒരുകാലത്തും ലതാ മങ്കേഷ്ക്കറിന് യാത്രയയപ്പ് നൽകാൻ സാധിക്കില്ലെന്നും ധർമേന്ദ്ര പറഞ്ഞു.

തന്റെ ജീവിതത്തിൽ വളരെയേറെ സ്വാധീനം ചെലുത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു ലതാ മങ്കേഷ്ക്കറെന്നും തനിക്ക് ജീവിതത്തിൽ വിഷമഘട്ടങ്ങൾ വന്നപ്പോഴെല്ലാം ലതാ മങ്കേഷ്ക്കർ ഒപ്പമുണ്ടായിരുന്നതായും ധർമേന്ദ്ര പറഞ്ഞു. ആദ്യം പരിചയപ്പെട്ടപ്പോൾ താൻ അണിഞ്ഞിരുന്ന ഷർട്ടിന്റെ നിറം പോലും ലതാ മങ്കേഷക്കറിന് ഓർമയുണ്ടായിരുന്നെന്നും താനുമായി അത്ര അടുപ്പമുണ്ടായിരുന്ന വ്യക്തി ഈ ലോകത്തിൽ നിന്ന് യാത്രയാകുന്നതിന് സാക്ഷ്യം വഹിക്കാൻ സാധിക്കില്ലെന്നും ധർമേന്ദ്ര പറഞ്ഞു.