auto

ന്യൂഡൽഹി: ഇന്ത്യാ വിരുദ്ധ ട്വീറ്റ് ചെയ്തതിന് പുലിവാല് പിടിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ്. ഹ്യുണ്ടായിയുടെ പാകിസ്ഥാനിലെ ഡീലറാണ് ഫെബ്രുവരി അഞ്ചിന് തങ്ങളുടെ ട്വിറ്റർ ഹാൻഡിൽ വഴി ഇന്ത്യാ വിരുദ്ധ ട്വീറ്റ് ചെയ്തത്. ഇതിനെതുടർന്ന് ഇന്ത്യയിൽ വാഹനനിർമാതാക്കൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരുകയും ഹ്യുണ്ടായ് വിശദീകരണ കുറിപ്പുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു.

എന്നാൽ യഥാർത്ഥത്തിൽ ഹ്യുണ്ടായ് മാത്രമല്ല ഇപ്രകാരം ഇന്ത്യാ വിരുദ്ധ ട്വീറ്റ് ചെയ്തത് എന്നതാണ് രസകരമായ വസ്തുത. ഇന്ത്യയിൽ പ്രചാരത്തിൽ ഉള്ളത് ഹ്യുണ്ടായ് ആയതിനാലാകണം അവർക്കെതിരെ പ്രക്ഷോഭം ഉയർന്നത് എന്ന് വേണമെങ്കിൽ കരുതാം. എന്നാൽ ഇന്ത്യയിൽ അത്യാവശ്യം പ്രചാരത്തിലുള്ള മറ്റ് ചില വാഹന നിർമാതാക്കളും തങ്ങളുടെ പാകിസ്ഥാൻ ട്വിറ്റർ അക്കൗണ്ട് വഴി സമാന രീതിയിലുള്ള ട്വീറ്റ് ചെയ്തിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഹ്യുണ്ടായ് ഉൾപ്പെടെ മൂന്ന് വാഹന നിർമാതാക്കളാണ് ട്വീറ്റുകൾ ചെയ്തത്. ദക്ഷിണ കൊറിയൻ നിർമാതാക്കൾ തന്നെയായ കിയ മോട്ടോഴ്സും ജപ്പാനിൽ നിന്നുള്ള ഇസുസു മോട്ടോഴ്സുമാണ് സമാന ട്വീറ്റുകൾ ചെയ്തത്. ഹ്യുണ്ടായ് തങ്ങളുടെ പാകിസ്ഥാൻ ട്വിറ്റർ ഹാൻഡിലിൽ ഇന്ത്യയിൽ നിന്നുള്ള ആൾക്കാരെ ബ്ളോക്ക് ചെയ്തുവെങ്കിൽ കിയ ട്വീറ്റ് ചെയ്ത് ഏതാനും മണിക്കൂറുകൾക്ക് ശേഷം ട്വീറ്റ് ഡിലീറ്റ് ചെയ്തു. അതേസമയം ഇസുസു മോട്ടോഴ്സ് ഫെബ്രുവരി അഞ്ചിന് ചെയ്ത ട്വീറ്റ് അവരുടെ പാകിസ്ഥാൻ അക്കൗണ്ടിൽ ഇപ്പോഴും കിടപ്പുണ്ട്.

അതേസമയം ഹ്യുണ്ടായ് ഇന്ത്യ പോലെയോ കിയ ഇന്ത്യ പോലെയോ അല്ല പാകിസ്ഥാനിൽ ഈ കമ്പനികൾ പ്രവർത്തിക്കുന്നതെന്നതാണ് രസകരം. ഈ ആഗോള കമ്പനികളൊന്നും പാകിസ്ഥാനിൽ കാര്യമായി ശ്രദ്ധ ചെലുത്തുകയോ തങ്ങളുടെ വാഹനങ്ങൾ അവിടെ നിർമിക്കുകയോ ചെയ്യുന്നില്ല. മറിച്ച് പാകിസ്ഥാനിലുള്ള ഇവരുടെ ഡീലർമാർ വാഹനങ്ങളുടെ ഭാഗങ്ങൾ പുറംരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത് അസംബിൾ ചെയ്ത് വിൽക്കുകയാണ്. അതാത് കമ്പനികളുടെ പേരിൽ ട്വിറ്റർ ഹാൻഡിലുകൾ ഉണ്ടാക്കുന്നതും ട്വീറ്റ് ചെയ്യുന്നതും ഈ ഡീലർമാരാണ് എന്നതാണ് അതിലും രസകരം.

അതേസമയം ആഗോള ഭക്ഷണ ശൃംഖലയായ കെ എഫ് സിയും തങ്ങളുടെ പാകിസ്ഥാൻ ട്വിറ്റർ ഹാൻഡിലിൽ ഇന്ത്യാ വിരുദ്ധ സന്ദേശം ട്വീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് കെ എഫ് സി ഇന്ത്യ രാജ്യത്തുള്ള തങ്ങളുടെ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ച് ട്വീറ്റ് ചെയ്തിരുന്നു.

We deeply apologize for a post that was published on some KFC social media channels outside the country. We honour and respect India, and remain steadfast in our commitment to serving all Indians with pride.

— KFC India (@KFC_India) February 7, 2022