
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനെ നാളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചു. ചാനലുകളിൽ സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
സ്വപ്‌നയുടെ മൊഴി കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കസ്റ്റഡിയിലിരിക്കെ റെക്കോർഡ് ചെയ്ത സംഭാഷണം പുറത്തുവിട്ടതിനെക്കുറിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചറിയുക. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നായിരുന്നു ശബ്ദ രേഖയിൽ ഉണ്ടായിരുന്നത്. പുറത്തുവന്ന ശബ്ദരേഖയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണെന്ന് ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിൽ സ്വപ്‌ന ആരോപിച്ചിരുന്നു.
നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തുന്ന വിവരം ശിവശങ്കറിന് നേരത്തെ തന്നെ അറിയാമായിരുന്നെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന ശിവശങ്കറിന്റെ ആത്മകഥ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന രംഗത്തെത്തിയത്.