
ചാലക്കുടി: അതിരപ്പിള്ളിക്ക് സമീപം കണ്ണൻകുഴിയിൽ അഞ്ചുവയസുകാരി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ചാലക്കുടി- അതിരപ്പിള്ളി റോഡ് ഉപരോധിച്ച് നാട്ടുകാർ. പ്രദേശത്തെ കാട്ടാനശല്യത്തിന് ശാശ്വതപരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
കാട്ടാനയ്ക്ക് പുറമേ കാട്ടുപന്നിയുടെ ആക്രമണവും പ്രദേശത്ത് രൂക്ഷമാണ്. പത്ത് വർഷത്തോളമായി ആക്രമണം നേരിടുകയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു. പ്രശ്നത്തിൽ അധികാരികൾ ഫലപ്രദമായി ഇടപെടുന്നില്ലെന്നും ഇവർ ആരോപിച്ചു. വൈദ്യുതി വേലി ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഇവർ ഉന്നയിക്കുന്നു. കൃഷി ചെയ്യാൻ സാധിക്കുന്നില്ലെന്നും ജീവന് ഭീഷണിയുണ്ടെന്നും നാട്ടുകാർ പറഞ്ഞു. ചാലക്കുടി എം എൽ എ സനീഷ് ജോസഫും പ്രതിഷേധത്തിന്റെ ഭാഗമായി റോഡിൽ കുത്തിയിരിക്കുകയാണ്.
തിങ്കളാഴ്ച വൈകിട്ട് ആറോടെ കണ്ണൻകുഴി ശിവക്ഷേത്രത്തിനടുത്താണ് അഞ്ചുവയസുകാരി ദാരുണമായി കൊല്ലപ്പെട്ടത്. മുത്തശ്ശിയുടെ മരണാനന്തരക്രിയകൾക്ക് പൂ പറിക്കാനായി പിതാവിനൊപ്പം പോകുകയായിരുന്ന പുത്തൻചിറ കച്ചട്ടിൽ നിഖിലിന്റെ മകൾ ആഗ്‌നിമയാണ് കൊല്ലപ്പെട്ടത്. പിതാവിനും മുത്തച്ഛനും കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റ നിഖിൽ (36), ബന്ധു വെറ്റിലപ്പാറ നെടുമ്പ ജയൻ (50) എന്നിവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എണ്ണപ്പനത്തോട്ടത്തിൽ നിന്നും ആന വരുന്നത് കണ്ട ജയൻ ബൈക്ക് തിരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. താഴെ വീണ ബൈക്കിൽ നിന്നും എഴുന്നേറ്റ നിഖിൽ കുട്ടിയെ ഇറുകിപ്പിടിച്ച് ഓടി. ഇതിനിടെ കാൽതെറ്റിയ നിഖിലിന്റെ കൈയിൽ നിന്നും കുട്ടി തെറിച്ചു വീണു. അപ്പോഴേക്കും ആന പാഞ്ഞെത്തി ഇയാളെയും ജയനെയും തുമ്പിക്കൈക്ക് തട്ടി. താഴെ കിടന്നിരുന്ന കുട്ടിയുടെ തലയിലും ചവിട്ടിയതായി പറയുന്നു. പിന്നീട് ആന എണ്ണപ്പന തോട്ടത്തിലേക്ക് തിരിച്ചുപോയി. ഈ സമയം വിനോദ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ആലുവയിലെ സംഘം അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇവിടെ എണ്ണപ്പന തോട്ടത്തിൽ സ്ഥിരമായി കാണുന്ന കൊമ്പനാണ് ആക്രമണം നടത്തിയത്.
പ്രശ്നം പരിഹരിക്കാൻ ആർ ഡി ഒയെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. മരിച്ച കുട്ടിയുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടറോട് സ്ഥലം സന്ദർശിക്കാനും മന്ത്രി ആവശ്യപ്പെട്ടു.