
മുംബയ്: മഹാഭാരതം ടെലിസീരിയലിൽ ഭീമൻ ആയി വേഷമിട്ട പ്രവീൺ കുമാർ സോബ്‌തി അന്തരിച്ചു. 74 വയസായിരുന്നു. പഞ്ചാബ് സ്വദേശിയായ അദ്ദേഹം മികച്ച കായികതാരവുമായിരുന്നു. ഏഷ്യൻ ഗെയിംസിൽ ഡിസ്‌കസ് ത്രോയിൽ മെഡൽ നേടുകയും ഒളിമ്പിക്‌സിൽ പങ്കെടുക്കുകയും ചെയ‌്തിട്ടുണ്ട്.
1988ൽ ദൂരദർശനിൽ സംപ്രേക്ഷണം ആരംഭിച്ച മഹാഭാരത്തിലെ ഭീമസേനൻ പ്രവീൺ സോബ്‌തിയുടെ ജീവിതത്തിൽ തന്നെ വഴിത്തിരിവായി മാറുകയായിരുന്നു. വീട്ടുകാർ പോലും അദ്ദേഹത്തെ ഭീമൻ എന്നാണ് വിളിച്ചിരുന്നത്. ബിഎസ്എഫിൽ ഡെപ്യൂട്ടി കമാൻഡന്റ് ആയിരുന്ന സോബ്‌തി ഇന്ത്യക്ക് വേണ്ടി നിരവധി മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടി. ഏഷ്യൻ, കോമൺവെൽത്ത് ഗെയിംസിലായിരുന്നു കൂടുതൽ നേട്ടങ്ങളും.
മഹാഭാരതത്തിൽ ഭീമസേനനാകുന്നതിന് മുമ്പ് തന്നെ നിരവധി സിനിമകളിൽ സോബ്‌തി അഭിനയിച്ചിട്ടുണ്ട്. തുടർന്നാണ് ബിആർ ചോപ്രയുടെ ശ്രദ്ധയിൽ പെടുന്നതുംമഹാഭാരതത്തിലേക്ക് എത്തുന്നതും. അഭിതാഭ് ബച്ചനൊപ്പം ഷഹൻഷായിൽ ചെയ‌്ത മുക്താർ സിംഗ് എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. കരിഷ്‌മ ഖുദ്‌രത് കാ, യുദ്ധ്, സബർദസ്‌ത്, സിംഹാസൻ, ലോഹ, മൊഹബത് കേ ദുഷ്‌മൻ തുടങ്ങിയവയാണ് മറ്റു പ്രധാന സിനിമകൾ.
2013ൽ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ച പ്രവീൺ സോബ്‌തി ആം ആദ്മി പാർട്ടിയുടെ ടിക്കറ്റിൽ വാസിർപൂരിൽ മത്സരിച്ചെങ്കിലും പരാജയം രുചിച്ചു. തുടർന്ന് ആപ്പ് വിട്ട് ബിജെപിയിൽ ചേർന്നു. 2013ലാണ് സോബ്‌തി അവസാനമായി ക്യാമറയെ അഭിമുഖീകരിച്ചത്. മഹാഭരത് ഓർ ബർബരീക് എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഇതിലും ഭീമനായി തന്നെയാണ് അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.