
വയനാട്: നാടൻതോക്കുമായി വയനാട് വന്യജീവി സങ്കേതത്തിനുളളിൽ വേട്ടനടത്തിയതായി കണ്ടെത്തിയയാൾ പിടിയിൽ. തമിഴ്‌നാട് പൊലീസിലെ അതിർത്തി സ്‌റ്റേഷനായ എരുമാട് പൊലീസ് സ്‌റ്റേഷനിലെ ഹെഡ് കോൺസ്‌റ്റബിൾ ഗൂഡല്ലൂർ സ്വദേശി ജെ.ഷിജു(41) ആണ് പിടിയിലായത്.
കഴിഞ്ഞ സെപ്‌തംബർ 10നാണ് മുത്തങ്ങ ചീരാൽ പൂമുറ്റത്തെ ഘോരവനത്തിൽ നാടൻതോക്കുമായി വേട്ടയ്‌ക്ക് ഇയാളെത്തിയത്. സ്ഥലത്ത് സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളിൽ ഇയാളുടെ രൂപം കൃത്യമായി പതിഞ്ഞിരുന്നു.
നീലഗിരി ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഒക്‌ടോബർ 20ന് ഇയാളെ സസ്‌പെൻഡ് ചെയ്‌തു. സംഭവശേഷം ഒളിവിൽ പോയ ഇയാളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. തുടർന്ന് കീഴടങ്ങാനായി എത്തിയ ഇയാളെ മുത്തങ്ങ അസിസ്‌റ്റൻഡ് വൈൽഡ് ലൈഫ് വാർഡൻ കെ.പി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെയോടെ അറസ്‌റ്റ് ചെയ്‌തു.
ഇയാൾക്കൊപ്പം മറ്റ് അഞ്ചുപേരും ഉണ്ടായിരുന്നതായാണ് വിവരം. നായാട്ടിന് ഉപയോഗിച്ച തോക്ക് ചേരംകോട് ഒരു തേയിലത്തോട്ടത്തിന് നടുവിലെ പന്നിഫാമിനോട് ചേർന്ന കുഴിയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. വേട്ടയിൽ ഷിജുവിനൊപ്പം പങ്കെടുത്ത നമ്പ്യാർകുന്ന് കല്ലിച്ചാൽ കുരണ്ട്യാൽകുന്ന് ജിജോ(38)യെ ഡിസംബർ രണ്ടിന് പിടികൂടിയിരുന്നു.