
ലണ്ടൻ: മുൻ ഭാര്യയുടെ വിവാഹ വസ്ത്രവും ആഭരണങ്ങളും മോഷ്ടിച്ചതിന്റെ പേരിൽ നവദമ്പതികൾ അറസ്റ്റിൽ. വരന്റെ മുൻ ഭാര്യയുടെ പരാതിയെ തുടർന്നാണ് ഇവരെ വിവാഹചടങ്ങുകൾ നടക്കുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹമോചനത്തിനു ശേഷം കാണാതായ വിലകൂടിയ വിവാഹവസ്ത്രവും കുടുംബപരമായി കൈമാറി കിട്ടിയ ആഭരണങ്ങളും തന്റെ ഭർത്താവിന്റെ വധു അണിഞ്ഞിരിക്കുന്ന വിവരം സുഹൃത്തിലൂടെയാണ് ഇവർ അറിഞ്ഞത്. ശേഷമാണ് യുവതി പൊലീസിൽ വിവരമറിയിച്ചത്.
കുറച്ചു വർഷങ്ങൾക്കു മുമ്പാണ് മേരിയും ആദവും വിവാഹിതരായത്. വിവാഹത്തിന് ശേഷം അവർ ഒരേ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാൽ കുറച്ചു വർഷങ്ങൾക്കു ശേഷം മേരി ജോലി ഉപേക്ഷിക്കുകയും വിവാഹമോചനം നേടുകയുമായിരുന്നു. ആദാമിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയതിനാലാണ് ഇവർ വിവാഹമോചനം നേടിയത്. എന്നാൽ വിവാഹമോചനത്തിനു ശേഷം മേരി ഒരിക്കൽപോലും ആദമിനെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്ന് ഇരുവരുടെയും സുഹൃത്തായ റെഡ്ഡിറ്റർ പറയുന്നു. എന്നാൽ അവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതിനിടെ നഷ്ടപ്പെട്ട വിവാഹവസ്ത്രത്തെപ്പറ്റിയും ആഭരണങ്ങളെ പറ്റിയും അവ എന്നെങ്കിലും തിരികെ കിട്ടുമെന്നും മേരി പറഞ്ഞിരുന്നതായും സുഹൃത്ത് പറയുന്നു.
ഇവരോടൊപ്പം കമ്പനിയിൽ ജോലി ചെയ്തിരുന്ന മറ്റൊരു സ്ത്രീയെയാണ് ആദം രണ്ടാമത് വിവാഹം ചെയ്തത്. വിവാഹചടങ്ങിൽ റെഡ്ഡിറ്ററിനെയും ക്ഷണിച്ചിരുന്നു. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ റെഡ്ഡിറ്റർ ആദ്യം ശ്രദ്ധിച്ചത് വധുവിന്റെ വസ്ത്രമാണ്. വർഷങ്ങൾക്കു മുമ്പ് മേരി വിവാഹത്തിന് ധരിച്ചിരുന്ന വസ്ത്രവും ആഭരണങ്ങളുമാണെന്ന് മനസിലാക്കിയ ഉടൻ തന്നെ നവവധുവിന്റെ ചിത്രം എടുത്ത് റെഡ്ഡിറ്റർ മേരിക്കയച്ചു. ചിത്രം ഉടൻ തന്നെ മേരി കണ്ടെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. ഒരു മണിക്കൂറിനുള്ളിൽ വിവാഹചടങ്ങുകൾ നടക്കുന്ന സ്ഥലത്ത് പൊലീസ് എത്തുകയും വസ്ത്രവും ആഭരണങ്ങളും അഴിച്ചുമാറ്റാൻ നവവധുവിനോട് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ഇതിന് വിസമ്മതിച്ച വധുവും ആദവും പൊലീസിനോട് എതിർത്ത് സംസാരിച്ചു. ഉടൻ തന്നെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ഇവർക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തു.