
എന്റെ മുത്തശ്ശനിൽ നിന്നും അഞ്ചുവയസ് മാത്രം കുറഞ്ഞ ഒരു മഹദ് വ്യക്തിയുടെ വിയോഗവാർത്ത അറിയുമ്പോൾ എന്റെയുള്ളിൽ ഒരു നോവ് അനുഭവപ്പെടുന്നു. ഇന്ത്യൻ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗായികയാണ് ലത മങ്കേഷ്‌കർ. പ്രഗത്ഭയായൊരു ഗായിക മാത്രമല്ല അതിലുപരി പരിഷ്‌കരണവാദി കൂടിയായിരുന്നു അവർ. അതിന് അടിവരയിടാൻ നിരവധി കാരണങ്ങളുമുണ്ട് .
ലത അഞ്ച് വയസുള്ളപ്പോൾ കൺമുന്നിൽ ദാരിദ്ര്യത്തിന്റെ കടൽകണ്ടു. അച്ഛൻ ദിനനാഥ് മങ്കേഷ്‌കർ, 'സംഗീത സംഭാഷണങ്ങൾ ഇടകലർത്തിയ നാടോടി നാടകം' നടത്തുന്നതിൽ മദ്ധ്യഇന്ത്യയിലെ ഏറ്റവും വലിയ ധനികനെന്ന് വിളിക്കപ്പെട്ടിരുന്ന ആളായിരുന്നു. 1932 മുതൽ 'ആലം ആര' പോലെയുള്ള ചലച്ചിത്രങ്ങൾ വന്നുതുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ കലാരൂപത്തിന് വേണ്ടത്ര ജനശ്രദ്ധ കിട്ടാതെ പോയത് അവരെ തകർച്ചയിലേക്ക് വീഴ്‌ത്തി.
മാതാപിതാക്കളുടെ മരണത്തോടെ നാല് സഹോദരങ്ങളെയും (ഹൃദയ നാഥ്, ആശ, ഉഷ, മീന) പോറ്റുകയല്ലാതെ ലതയ്ക്ക് മറ്റ് മാർഗമില്ലായിരുന്നു. അവർക്ക് ഒന്നും കഴിക്കാനില്ലാതിരുന്ന അവസ്ഥയിൽ ഭിക്ഷക്കാർ തങ്ങളുടെ ഭിക്ഷയുടെ ഒരു ഭാഗം ഈ അഞ്ചു കുട്ടികൾക്കുമായി കൊടുക്കുമായിരുന്നു.
1929 ൽ ജനിച്ച ലത തന്റെ 13 വയസ് മുതൽ പാട്ടുപാടാനുള്ള അവസരങ്ങൾക്കായി സ്റ്റുഡിയോകളിൽ കയറിയിറങ്ങി. അവസരങ്ങൾക്കായുള്ള ആ നടത്തം തേഞ്ഞു പൊയ്‌ക്കൊണ്ടിരുന്ന അവരുടെ ചപ്പലുകൾ ഓരോ മൂന്ന് മാസം കൂടുന്തോറും മാറ്റാൻ കാരണമായി. ഒടുവിൽ ലതയുടെ പരിശ്രമങ്ങൾക്ക് ഫലം കണ്ടു. 1945 ൽ സംഗീത സംവിധായകൻ ഗുലാം ഹൈദർ 'മജ്ബൂർ' എന്ന തന്റെ സിനിമയിൽ പാടാൻ ആദ്യമായി അവസരം നൽകിയതോടെ ലത മങ്കേഷ്‌കർ തന്റെ കരിയർ ആരംഭിച്ചു. 1946ൽ 'അൻമോൽ ഘാഡി' ലെ അവരുടെ വിസ്മയിപ്പിക്കുന്ന ശബ്ദം കേട്ട് സംഗീത സംവിധായകൻ നൗഷാദ് അതീവ സന്തോഷത്തോടെ, ഭാവിയിൽ അയാളുടെ എല്ലാ പാട്ടുകളും ലത മാത്രമേ പാടൂ എന്ന് ഉറച്ച തീരുമാനത്തിലെത്തി. 50 വർഷം ആ വാക്ക് പാലിക്കുകയും ചെയ്തു.
ഒരുപക്ഷേ അവരുടെ സ്വന്തം ജീവിതാനുഭവം കാരണമാവും, സിനിമയിൽ നിന്നും ലഭിക്കുന്ന റോയൽറ്റി എല്ലാവർക്കും തുല്യമാക്കണമെന്ന് അവർ വാദിച്ചത്. കാരണം ഒരു സിനിമയുടെ വിജയത്തിന് പിന്നിൽ നായകനും നായികയും മാത്രമല്ല ഗായകരും സംഗീത സംവിധായകരും എഴുത്തുകാരും എല്ലാവരും ഒരുപോലെ പങ്കാളികളാണെന്ന് അവർ ഉറച്ചുവിശ്വസിച്ചിരുന്നു.
ലതാ മങ്കേഷ്‌കർ തന്റെ തൊഴിലിനോട് കാണിച്ചിരുന്ന ആത്മാർത്ഥത ഒരുപക്ഷേ മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം സാറിനോട് മാത്രമേ ഉപമിക്കാനാവൂ. പ്രമുഖരായ സംഗീത സംവിധായകർ അവരോട് വിവാഹാഭ്യർത്ഥന നടത്തിയിട്ടും, വിവാഹത്തിന് വിസമ്മതിച്ചതിന്റെ കാരണവും തന്റെ സംഗീതോപാസനയ്‌ക്ക് കോട്ടം തട്ടുമെന്ന് വിചാരിച്ചിരുന്നതിനാലായിരുന്നു. എന്നാൽ രാജ് സിംഗ് ദുംഗർപൂരിനോടുള്ള ഇഷ്ടം അവരുടെ ജീവിതത്തിലെ വളരെ വൈകിയുള്ള തീരുമാനമായിരുന്നു.
ലത മങ്കേഷ്‌കർ മറ്റു ഗായികമാരുടെ അവസരങ്ങൾ ഇല്ലാതാക്കുകയും കൂടുതൽ പാട്ടുകൾ പാടാൻ ശ്രമിക്കുകയും ചെയ്തുവെന്ന അസംബന്ധം നാം ഒരുപാട് കേട്ടിട്ടുണ്ട്. ലതയുടെ മൂന്നു സഹോദരിമാരും ഗായികമാരായിരുന്നു. എന്നാൽ ഉഷക്കും മീനയ്‌ക്കും അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. സിനിമാ നിർമാതാക്കളോട് പറഞ്ഞ് അവർക്ക് അവസരം നേടിക്കൊടുക്കാൻ ഒരുപക്ഷേ ലതയ്‌ക്ക് കഴിയുമായിരുന്നു. എന്നാൽ കഴിവുണ്ടെങ്കിൽ സഹോദരിമാർ പാട്ടുകൾക്കോ സിനിമകൾക്കോ വേണ്ടി സ്വയം ശ്രമിക്കട്ടേയെന്ന് ലത തീരുമാനിച്ചു. മറ്റൊരാളുടെ അവസരം ഇല്ലാതാക്കുന്നത് അത്ര എളുപ്പമായിരുന്നെങ്കിൽ, ആ അവസരങ്ങളെല്ലാം സ്വന്തം സഹോദരങ്ങൾക്കായി നൽകാൻ അവർക്ക് എളുപ്പമാകുമായിരുന്നു.
ലത വളരെയധികം കഠിനാദ്ധ്വാനം ചെയ്തിരുന്നു. ദിവസത്തിൽ ആറ് മണിക്കൂർ വരെ പാട്ട് പരിശീലനത്തിനായി ചെലവഴിച്ചു. സംഗീത സംവിധായകൻ നൗഷാദ് അവരെ റിഹേഴ്സലിൽ പോലും പരിശീലിപ്പിക്കുമായിരുന്നു, ചിലപ്പോൾ ഒരു പാട്ടിനായി 100 തവണയൊക്കെ നോക്കേണ്ടി വന്നിട്ടുണ്ട്, പക്ഷേ അതൊക്കെ ഒരു മടുപ്പും കാട്ടാതെ ലത അനുസരിച്ചു പോന്നിരുന്നു.
ഉറുദു ഭാഷയിൽ ശരിയായി പാടാൻ അവർ ഒരദ്ധ്യാപികയെ 10 മാസത്തേക്ക് നിയമിച്ചു. അങ്ങനെ അവർ ഉറുദു പഠിച്ചു. ഉറുദുവിൽ കുറ്റമറ്റ രീതിയിൽ പാടാൻ പഠിച്ച ശേഷമാണ് 'മുഗൾ ഇ അസം', 'പക്കീസാ' തുടങ്ങിയ സിനിമകൾക്ക് വേണ്ടി പാടിയത്.
അധാർമ്മികമായി ഒരു പണവും സമ്പാദിക്കില്ലെന്നൊരു ദൃഢനിശ്ചയം ലതയ്‌ക്കുണ്ടായിരുന്നു. വ്യക്തികളുടെ സ്വകാര്യ താത്‌പര്യങ്ങൾക്ക് വേണ്ടി താൻ പാടില്ലെന്ന് അവർ തീരുമാനിച്ചിരുന്നു. ഒരു ഗൾഫ് രാജ്യത്തെ ഭരണാധികാരിക്ക് വേണ്ടി പാടിയതിന് അദ്ദേഹം നൽകിയ ചെക്ക്, അവർ നിരസിച്ചു.
ലത മങ്കേഷ്‌കർ ഒട്ടുമിക്ക എല്ലാ സംഗീത സംവിധായകർക്കും വേണ്ടി പാടിയിട്ടുണ്ട്. എന്നാൽ സ്വന്തം സഹോദരനെപ്പോലെ കണ്ടിരുന്ന മദൻ മോഹന് വേണ്ടി പാടിയ ഗസലുകൾ വളരെ മികച്ചവയായിരുന്നു.
1965 ൽ പുറത്ത് വന്ന ചെമ്മീൻ സിനിമയിലെ ഒരു ഗാനം ആലപിക്കാൻ സംഗീത സംവിധായകൻ സലിൽ ചൗധരിയും സംവിധായകൻ രാമു കാര്യാട്ടും ലത മങ്കേഷ്‌കറെ സമീപിച്ചു. യേശുദാസ് മുഖേന 'കടലിനക്കരെ..' എന്ന ആ ഗാനം അവരെ പാടി കേൾപ്പിക്കുകയും പാട്ട് പാടുവാൻ വളരെ നിർബന്ധിക്കുകയും ചെയ്തു. ഒരുപാട് ശ്രമിച്ചെങ്കിലും തിരക്കുകളും ഭാഷയുടെ ബുദ്ധിമുട്ടും കാരണം അതിൽ പാടാൻ സാധിച്ചില്ല. 1974 ൽ ഇതേ അണിയറ പ്രവർത്തകരുടെ നെല്ല് എന്ന സിനിമക്കായി 'കദളി ചെങ്കദളി..' എന്ന ഗാനം ലത മങ്കേഷ്‌കർ ആലപിച്ചത് മലയാളികളുടെ ഭാഗ്യമാണ്. ഗാനഗന്ധർവൻ യേശുദാസിനോടൊപ്പം അഞ്ച് ഹിന്ദി ഗാനങ്ങളിൽ ലത പാടിയിട്ടുണ്ട്.
സാക്ഷാൽ സരസ്വതി കടാക്ഷം ലഭിച്ചയാളാണ് ലത മങ്കേഷ്‌കർ എന്ന് നിസംശയം പറയാനാവും. കഴിഞ്ഞ അൻപത്തിയഞ്ച് വർഷം ദിവസവും ഞാൻ കേട്ടുകൊണ്ടിരുന്ന ലത മങ്കേഷ്‌കറുടെ സ്വരമാധുര്യം ഒരുനാൾ നിലച്ചപ്പോൾ എന്റെ ശരീരത്തിന്റെ ഒരു ഭാഗം നഷ്ടമായ പ്രതീതിയാണുണ്ടായത്. ലത മങ്കേഷ്‌കർ പാടിയ ആയിരക്കണക്കിന് ഗാനങ്ങളിലൂടെ അവർ ഇനിയും ജീവിക്കും.