
തിരുവനന്തപുരം: തന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിക്കുന്നതിനോട് പൂർണമായും സഹകരിക്കുമെന്ന് സ്വപ്‌ന സുരേഷ്. നാളെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് മാദ്ധ്യമങ്ങൾ പറഞ്ഞാണ് അറിഞ്ഞത്. ഇ മെയിലിന് തകരാറുളളതിനാൽ തനിക്ക് അറിയിപ്പ് ലഭിച്ചില്ല. പറയാനുളളത് ഇഡിയോട് പറയുമെന്നും സ്വപ്‌ന പറഞ്ഞു. നൂറ് ശതമാനവും അന്വേഷണ ഏജൻസിയോട് സഹകരിക്കും കാരണം താനും കുറ്റംചുമത്തപ്പെട്ടയാളാണ്. അതിനാൽ സത്യം പുറത്തുകൊണ്ടുവരാൻ അന്വേഷണ ഏജൻസികളുമായും ജുഡീഷ്യറിയുമായി സഹകരിക്കും.
ശിവശങ്കറിനെക്കുറിച്ച് വെളിപ്പെടുത്തിയതിൽ തനിക്ക് ഭയമില്ല ആത്മഹത്യ അല്ലെങ്കിൽ ആക്രമിക്കപ്പെടും അതല്ലെങ്കിൽ ജയിൽ എന്നുളള സ്ഥിതിയിൽ നിൽക്കുന്നയാളാണ് അങ്ങനെയുളള തനിക്ക് മറ്റൊന്നിനെയും ഭയക്കേണ്ട കാര്യമില്ല. അന്വേഷണ ഏജൻസികൾക്കാണ് സത്യം പുറത്തുകൊണ്ടുവരാനുളള ഉത്തരവാദിത്വമെന്നും സ്വപ്‌ന പറഞ്ഞു. താൻ ആദ്യമായി മാദ്ധ്യമങ്ങളെ കാണുന്നത് ശിവശങ്കറിന്റെ പുസ്‌തകത്തിലെ വെളിപ്പെടുത്തലുകൾക്ക് നൽകിയ മറുപടിയായാണെന്നും സ്വപ്‌ന പറഞ്ഞു.
കേസിന്റെ ഭാഗമായാണോ അതോ തന്റെ വെളിപ്പെടുത്തലിന്റെ ഭാഗമായാണോ ഇ.ഡി വീണ്ടും വിളിപ്പിച്ചതെന്ന് അറിയില്ല. ഹാജരായ ശേഷം അത് വ്യക്തമാക്കാം. കസ്‌റ്റഡിയിൽ ഇരുന്നസമയം പുറത്തുവന്ന ശബ്‌ദരേഖയ്‌ക്ക് പിന്നിൽ ശിവശങ്കറാണോ എന്ന് അറിയില്ല. പുസ്‌തകത്തിൽ ശിവശങ്കർ പരാമർശിച്ചതിൽ തെറ്റായ കാര്യങ്ങളാണുളളത് ആ ആരോപണങ്ങളെക്കുറിച്ചാണ് താൻ പ്രതികരിച്ചതെന്നും സ്വപ്‌ന പറഞ്ഞു.