
മികവാർന്ന കഥകളുടെ ഒരു ശേഖരമാണ് സലിൻ മാങ്കുഴിയുടെ പത  U/A. വ്യത്യസ്തതയിലാണ് ഓരോ കഥയുടേയും അസ്തിത്വം. ആഴത്തിലുള്ള മനഃശാസ്ത്ര സമീപനം, സൂക്ഷ്മമായ പ്രകൃതി നിരീക്ഷണം, പരീക്ഷണ പരത, രചനാ ശൈലിയിലെ വൈദഗ്ധ്യം ഇതൊക്കെയാണ് ഓരോ കഥയ്ക്കും കഥാപാത്രത്തിനും മിഴിവേകുന്നത്. സലിൻ മാങ്കുഴിയുടെ കഥകൾ മലയാളത്തിലെ പുതു തലമുറാകഥപറയലിന്റെ വ്യത്യസ്തവും ശ്രദ്ധേയവുമായ മുഖമാണ്. ചടുലമായ ആഖ്യാനവും സുതാര്യമായ ശില്പവും ലളിതവും സമകാലികവുമായ ഭാഷയും അവയെ കാലത്തിനിണങ്ങിയവയാക്കിത്തീർക്കുന്നു. ഓരോ കഥയും അതിന്റെ സ്വന്തം ഭാവനാ പ്രപഞ്ചത്തിലേക്ക് വായനക്കാരെ നയിക്കുന്നു. മനുഷ്യ ബന്ധങ്ങളുടെ സങ്കീർണതകളെ ആവാഹിച്ചെടുക്കുന്നതിൽ അവയോരോന്നും വിജയം നേടുന്നു. മലയാളത്തിലെ പുതുകഥയ്ക്ക് ശക്തമായ വാഗ്ദാനമാണ് സലിൻ മാങ്കുഴിയുടെ കഥകൾ നൽകുന്നത് എന്ന് സക്കറിയാ പറഞ്ഞതിൽ ഒട്ടും അതിശയോക്തിയില്ലെന്ന് ഇതിലെ ഓരോ കഥയും സാക്ഷ്യപ്പെടുത്തുന്നു. കഥാസമാഹാരത്തിന്റെ പേരായ പത U/A. യിലെ ആദ്യ വാചകം 'ചന്ദ്രൻ ഒരു പ്രസ്ഥാനമായിരുന്നു." എന്നതിൽ തന്നെ ഒരു കുന്നോളം രഹസ്യങ്ങൾ ഒളിപ്പിക്കുന്നുണ്ട്. സിനിമാക്കഥയെ വെല്ലുന്ന ടേണും ട്വിസ്റ്റും നിറഞ്ഞതാണ് പതയിലെ ബാർബർ ചന്ദ്രന്റെ ജീവിതം.ഒരു നാട്ടിൻപുറ ഹീറോയായി കത്തി നിൽക്കാൻ വേണ്ട സകലഗുണങ്ങളും ഒത്തിണങ്ങിയതാണ് ചന്ദ്രന്റെ ലോകം.
ഒരു തുള്ളി ഷേവിംഗ് ക്രീം കൈ കൊണ്ട് പതയ്ക്കുന്നതിനിടയിൽ തന്റെ വായിലൂടെ നൂറ് കണക്കിന് ജീവിതങ്ങൾ ചന്ദ്രൻ തുറന്ന് വിടും; നക്സലാക്രമണം മുതൽ പരസ്ത്രീഗമനം വരെ.

ഔവാച്ചിയുടെ സമസ്യാപൂരണത്തിലാണ് ഈ കഥയിലെ ത്രസിപ്പിക്കുന്ന ട്വിസ്റ്റ്. സാധാരണ രചനാ സങ്കേതങ്ങളെ തച്ച് തകർത്ത് പുതുവഴികൾ സൃഷ്ടിച്ച് മുന്നേറുമ്പോഴും ക്ലാസിക്കൽ പാരമ്പര്യങ്ങളെ ഉദാ: ഇടശ്ശേരിയുടെ പൂതപ്പാട്ട്, ഒ.വി.വിജയന്റെ 'കടൽത്തീരത്തിനെ" അധികരിച്ചെഴുതിയ 'ഉടൽത്തീരത്ത് " എന്നീ രണ്ട് കഥകളും തനിമ ചോർന്ന് പോകാതെ വിജയകരമായി പുനരാവിഷ്ക്കരിച്ചിട്ടുണ്ട് .
ഇതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമായ രചനാ ശൈലിയും പശ്ചാത്തലവുമാണ് 'ഭ്രാന്തിമാനി"ൽ. 'കുറുപ്പ്" സിനിമ സുകുമാരക്കുറുപ്പെന്ന പ്രഹേളികയെ അന്വേഷിക്കുമ്പോൾ തികച്ചും വേറിട്ട പാതയിലൂടെ നടത്തുന്ന ഒരു സഞ്ചാരമാണ് ഭ്രാന്തിമാനിൽ. ആദ്യാവസാനം ഭീതി നിലനിർത്താൻ രവീന്ദ്രനെന്ന കഥാപാത്രത്തിലൂടെ കഥാകൃത്തിന് സാധിക്കുന്നുണ്ട്.ഒരു ത്രില്ലർ സിനിമ കാണുന്ന നെഞ്ചിടിപ്പോടെ വായിക്കാനാകുന്ന ഒരു കഥയാണിതും. കഥാരചനയിലെ പുതുവഴികൾ ,സങ്കേതങ്ങൾ ഇവയെല്ലാം പരിചയപ്പെടാൻ ഉതകുന്ന ഒരു കുഞ്ഞ് കൈപ്പുസ്തകം കൂടിയാണ് പത U/A. ഒട്ടും ആവർത്തന വിരസതയില്ലാതെ, ആസ്വാദ്യകരമായി വായിക്കാൻ കഴിയുമെന്നത് കൊണ്ടാണ് ഒരാഴ്ചയ്ക്കുള്ളിൽ ഈ പുസ്തകം രണ്ടാം പതിപ്പിലേക്ക് കടന്നത്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില ₹120.
(ലേഖികയുടെ ഫോൺ നമ്പർ: 89212 19090)