
കൊല്ലം- ആലപ്പുഴ ജില്ലകളെ അതിർ തിരിക്കുന്ന ഓച്ചിറ വലിയഴീക്കൽ വികസനത്തിന്റെ പടവുകളിലേക്ക് കയറുന്നതിനൊപ്പം വിനോദ സഞ്ചാരികൾക്ക് കാഴ്ചയുടെ പുതുവിരുന്നൊരുക്കുന്ന പുതിയ കേന്ദ്രമാകുന്നു. കണ്ടുമടുത്ത സ്ഥിരം കാഴ്ചകളിൽനിന്ന് വേറിട്ട് കായലിന്റെയും കടലിന്റെയും കൗതുകകാഴ്ചകളിൽ അഭിരമിക്കാവുന്ന ഇവിടേയ്ക്ക് വിനോദസഞ്ചാരികളുടെ തിരക്കേറി തുടങ്ങി. കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശവാസികൾക്ക് ഇരുജില്ലകളിലേക്കും യാത്ര ചെയ്യാൻ ഇനി 26 കിലോമീറ്റർ ദൂരവും സമയവും ലാഭിക്കാവുന്ന അഴീക്കൽ - വലിയഴീക്കൽ പാലം നിർമ്മാണം പൂർത്തിയായി ഉദ്ഘാടനത്തിന് സജ്ജമായതോടെയാണ് ഇവിടം ടൂറിസ്റ്റുകളുടെയും പുതിയ ഹബ്ബാകാനുള്ള സാദ്ധ്യത തെളിഞ്ഞത്.
കായംകുളം കായലിന് അപ്പുറവും ഇപ്പുറവുമുള്ള അഴീക്കൽ, വലിയഴീക്കൽ നിവാസികൾ ഇത്രയുംകാലം കരുനാഗപ്പള്ളിയിലോ ഓച്ചിറയിലോ എത്തി ദേശീയപാത 66 വഴിയാണ് കൊല്ലത്തേക്കും ആലപ്പുഴ ഭാഗത്തേക്കും യാത്ര ചെയ്തിരുന്നത്. പ്രകൃതിയൊരുക്കിയ സൗന്ദര്യം മാത്രമല്ല, ആധുനിക എൻജിനിയറിംഗ് സാങ്കേതികവിദ്യയുടെ മികവ് കൂടി ഇനി കണ്ടറിയാമെന്നതാണ് പ്രത്യേകത. സംസ്ഥാനത്ത് ഇതുവരെ നിർമ്മിച്ച പാലങ്ങളിൽ നിന്നെല്ലാം വ്യത്യസ്‌തമായ നിർമ്മിതിരീതി അവലംബിച്ച വലിയഴീക്കൽ ആർച്ച് പാലവും അഞ്ചുവശങ്ങളോടു കൂടിയ 'പെന്റഗൺ ലൈറ്റ് ഹൗസുമാണ് എൻജിനീയറിംഗ് വൈദഗ്ദ്ധ്യത്തിന്റെ നേർക്കാഴ്ചയാകുന്നത്. കൊല്ലം ജില്ലയിലെ ആലപ്പാട്, ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അഴീക്കൽ അഴിമുഖത്തിന് അഭിമുഖമായി കായംകുളം കായലിന് കുറുകെ നിർമ്മാണം പൂർത്തിയായ പാലത്തിന് 976 മീറ്ററാണ് നീളം. ഇരുവശങ്ങളിലെയും അപ്രോച്ച് റോഡുകൾ കൂടി ചേർത്താൽ നീളം ഒന്നരകിലോമീറ്ററാകും. 146 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പാലത്തിന് നടപ്പാത അടക്കം 13 മീറ്റർ വീതിയുണ്ട്. 29 സ്പാനുകളുള്ള പാലത്തിന്റെ പ്രധാന ആകർഷണം മദ്ധ്യഭാഗത്തായുള്ള മൂന്ന് 'ബോ സ്ട്രിംഗ്" (അമ്പും വില്ലും ആകൃതി) ആർച്ചുകളാണ് . ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമേറിയ ബോ സ്ട്രിംഗ് ആർച്ചാണിതെന്ന് വിദഗ്ധർ പറയുന്നു. സ്പാനുകളും ആർച്ചും തമ്മിൽ ബന്ധിപ്പിക്കുന്ന 'മാക്ക് അലോയ് ബാറുകൾ" ലണ്ടനിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്. പാലത്തിന്റെയും ആർച്ചിന്റെയും ഭാരം താങ്ങുന്നത് ഈ ബാറുകളാണ്. കടലും കായലും ചേരുന്ന അഴിമുഖത്ത് ഇത്രയും നീളമുള്ള ഒരു പാലം കേരളത്തിൽ ആദ്യത്തേതാണ്. പാലത്തിന് കായലിലെ ജലനിരപ്പിൽ നിന്ന് 12 മീറ്റർ ഉയരമുള്ളതിനാൽ കൂറ്റൻ മത്സ്യബന്ധന ബോട്ടുകൾക്ക് പോലും സുഗമമായി കടന്നുപോകാം. പാലത്തിൽ നിന്ന് ഉദയാസ്തമയം കാണാനും സൗകര്യമുണ്ടാകും. ചെന്നൈ ഐ.ഐ.ടിയിൽ നിന്ന് വിരമിച്ച ഡോ.പി.കെ അരവിന്ദനാണ് പാലത്തിന്റെ രൂപകൽപ്പന നിർവഹിച്ചത്. പാലത്തിന് നൽകിയ ഇന്റർനാഷണൽ ഓറഞ്ച് എന്ന നിറം എത്ര ദൂരെ നിന്നാലും മനോഹരദൃശ്യവിരുന്നൊരുക്കുന്നു. രാത്രികാലത്ത് പാലത്തിൽ വെളിച്ചമൊരുക്കാൻ ഒന്നരക്കോടി രൂപ ചെലവിൽ 125 എൽ.ഇ.ഡി ലൈറ്റുകളും സജ്ജീകരിച്ചുകഴിഞ്ഞു. പാലത്തിന്റെ ഉദ്ഘാടനം ഏതാനും ദിവസങ്ങൾക്കകം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 2016 ഫെബ്രുവരി 27 ന് വലിയഴീക്കലിൽ നടന്ന ചടങ്ങിൽ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് പാലത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. എൽ.ഡി.എഫ് സർക്കാരാണ് നിർമ്മാണം ത്വരിതപ്പെടുത്തിയത്.
പെന്റഗൺ ലൈറ്റ് ഹൗസ്
വലിയഴീക്കലിൽ നിർമ്മിച്ച അഞ്ച് വശങ്ങളോടുകൂടിയ രാജ്യത്തെ ആദ്യ പെന്റഗൺ ലൈറ്റ്ഹൗസിന്റെ ഉദ്ഘാടനം അടുത്തിടെ നടന്നെങ്കിലും കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ഇതുവരെ സന്ദർശകർക്കായി തുറന്നുകൊടുത്തിട്ടില്ല. എന്നിട്ടും ദൂരെനിന്ന് ലൈറ്റ്ഹൗസ് കാണാൻ നൂറുകണക്കിന് പേരാണ് നിത്യവും ഇവിടെയെത്തുന്നത്. കൊച്ചി വൈപ്പിനിലെ 45 മീറ്റർ ഉയരമുള്ള ലൈറ്റ് ഹൗസ് കഴിഞ്ഞാൽ ഉയരത്തിൽ കേരളത്തിലെ രണ്ടാമത്തെ ലൈറ്റ് ഹൗസാണിത്. 41.5 മീറ്ററാണ് ഇതിന്റെ ഉയരം. അഞ്ച് വശങ്ങളായുള്ള നിർമ്മിതിയാണ് സാധാരണ ലൈറ്റ്ഹൗസുകളിൽ നിന്ന് ഇതിനെ വേറിട്ടതാക്കുന്നത്. കേന്ദ്ര ഷിപ്പിംഗ്, തുറമുഖ മന്ത്രാലയത്തിന്റെ ചുമതലയിൽ 8.49 കോടി രൂപ ചെലവിൽ നിർമ്മിച്ച പെന്റഗൺ ലൈറ്റ് ഹൗസിന്റെ പ്രവർത്തനം സൗരോർജ്ജത്തിലാണ്. കടലിൽ 24 നോട്ടിക്കൽ മൈൽ ദൂരം വരെ ഇതിന്റെ പ്രകാശം ലഭിക്കും. ലൈറ്റ് ഹൗസുകളുടെ ചരിത്രം പറയുന്ന മ്യൂസിയം കൂടി ഇവിടെ സ്ഥാപിക്കുന്നുണ്ട്.
വികസനക്കുതിപ്പിലേക്ക്
2004 ലുണ്ടായ സുനാമി തകർത്തെറിഞ്ഞ ആലപ്പാട്, അഴീക്കൽ, ആറാട്ടുപുഴ, വലിയഴീക്കൽ ഗ്രാമങ്ങളുടെ വികസനക്കുതിപ്പിന് പുതിയപാലവും ലൈറ്റ് ഹൗസും കരുത്തേകും. അമൃതാനന്ദമയി മഠം, അഴീക്കൽ ബീച്ച്, വലിയഴീക്കൽ പാലം, ലൈറ്റ് ഹൗസ്, അഴീക്കൽ ഹാർബർ,ആയിരം തെങ്ങ് കണ്ടൽ പാർക്ക് എന്നിവ കോർത്തിണക്കിയാൽ വിനോദസഞ്ചാര രംഗത്ത് വൻ കുതിപ്പിന് കളമൊരുങ്ങും. ദേശീയപാതയിൽ കയറാതെ തന്നെ തീരവാസികൾക്ക് ഇനി ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളിയിലെത്താം. കായംകുളം ഹാർബറിന്റെ വികസനത്തിന് പുതിയ പാലം ഏറെ പ്രയോജനപ്പെടും. ഇവിടത്തെ മത്സ്യബന്ധന തുറമുഖത്തുനിന്ന് മത്സ്യങ്ങൾ ഇതുവഴി വേഗത്തിൽ കൊണ്ടുപോകാനും പാലം പ്രയോജനപ്പെടും. ഹാർബർ നിർമ്മാണത്തിനായി പൊഴിയുടെ ഇരുവശങ്ങളിലും കടലിലേക്ക് തള്ളിനിൽക്കുന്ന പുലിമുട്ടുകൾ നിർമ്മിച്ചിട്ടുണ്ട്. ഇത് അഴീക്കലും വലിയഴീക്കലും സ്വാഭാവിക ബീച്ചുകൾ രൂപപ്പെടാൻ കാരണമായി. അവധിദിനങ്ങളിലും അല്ലാത്തപ്പോഴും നൂറുകണക്കിന് സന്ദർശകരാണ് ബീച്ചിലെത്തുന്നത്. പാലം കൂടി തുറക്കുന്നതോടെ വിനോദസഞ്ചാരികളുടെ ഒഴുക്ക് തന്നെ ഇവിടേയ്ക്കുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പാലം നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ ഡോ. സിനി പറഞ്ഞു.
സുനാമി തകർത്തെറിഞ്ഞ പ്രദേശം
2004 ഡിസംബർ 26 ന് സുനാമി രാക്ഷസ തിരമാലകൾ കേരളതീരത്തെ ആക്രമിച്ചപ്പോൾ ആലപ്പാട് മുതൽ അഴീക്കൽ വരെ എട്ട് കിലോമീറ്റർ തീരദേശമാണ് ദുരന്തത്തിന്റെ കനത്ത പ്രഹരം ഏറ്റുവാങ്ങിയത്. 236 പേർ മരിച്ചു. കൊല്ലം ജില്ലയിലെ ചവറ മുതൽ അഴീക്കൽ വരെ കായലിനും കടലിനും മദ്ധ്യേ 17 കിലോ മീറ്റർ ദൂരത്തിൽ നീണ്ടുകിടക്കുന്ന തുണ്ടുഭൂമിയാണീ പ്രദേശം. പ്രധാനകരയുമായി ഈ ഭൂപ്രദേശത്തെ ബന്ധിപ്പിക്കാൻ അന്നുണ്ടായിരുന്നത് ചെറിയഴീക്കലിലെത്തുന്ന പണിക്കർകടവ് പാലം മാത്രമായിരുന്നു. സുനാമി തിരമാലകൾ ആഞ്ഞടിച്ചപ്പോൾ തീരദേശവാസികൾക്ക് പ്രധാനകരയിലേക്ക് പെട്ടെന്ന് രക്ഷപ്പെടാൻ കഴിയാതെ പോയതാണ് മരണനിരക്ക് വർദ്ധിപ്പിച്ചത്. തീരദേശജനതയുടെ ബുദ്ധിമുട്ടുകൾ അധികൃതരുടെ ശ്രദ്ധയിലേക്ക് വന്നത് സുനാമി ദുരന്ത ശേഷമാണ്. അതിനുശേഷം കല്ലുംമൂട്ടിൽകടവ്, ആയിരംതെങ്ങ് പാലങ്ങളുണ്ടായി. ഇപ്പോൾ മൂന്നാമത്തെ കൂറ്റൻ പാലവും.