അഗസ്ത്യൻ വിളിച്ചുകൊണ്ടിരിക്കുന്നു ഓരോ വർഷവും സ്നേഹത്തോടെ, കരുതലോടെ. ആത്മജ്ഞാനത്തിന്റെ വെളിച്ചമായിയുഗയുഗാന്തരങ്ങളായി അഗസ്ത്യർ ജ്വലിച്ചുകൊണ്ടേയിരിക്കുന്നു. ആ അറിവിന്റെ പ്രകാശവഴിയിലൂടെ നമുക്കും സഞ്ചരിക്കാം...
പർവതങ്ങൾ എന്നും സംസ്കാര രൂപീകരണത്തിന്റെ ചിഹ്നങ്ങൾ തന്നെയാണ്. ഒരു സമൂഹത്തിന്റെ വികാസപരിണാമങ്ങളുടെ അസ്തിത്വം. അതിൽ ചില പർവതങ്ങൾ ഐതിഹ്യങ്ങളും കഥകളും പേറി യുഗയുഗാന്തരങ്ങളായി തലയുയർത്തി നിൽക്കുന്നു. തന്റെ കാൽക്കീഴിൽ കടന്നു പോകുന്ന കാലവും കലഹവും ഒന്നും തന്നെ തൊടില്ലെന്ന ആത്മവിശ്വാസത്തിന്റെ തലയെടുപ്പോടെ. പലമതങ്ങളും സംസ്കാരങ്ങളും കേന്ദ്രീകൃതമാവുന്നതും ഇതേ പർവത രാജാക്കൻമാരെ ചൂണ്ടിക്കാട്ടിയാണ്. പർവതങ്ങളെ സ്വർഗത്തിലേക്കുള്ള യാത്രാവഴിയായി പല മതങ്ങളും ഇന്നും വിശ്വസിക്കുന്നു.
യോഗസാധകർക്ക് മുന്നിൽ കൈലാസം ഇന്നും ആദ്ധ്യാത്മിക പർവതമാണ്. ആദിയോഗിയായ ശിവന്റെ വാസസ്ഥലം. ഭക്തർക്ക് മോക്ഷകവാടമാണ് കൈലാസം. ബുദ്ധമതവും ജൈനമതവും കൈലാസത്തെ ചുറ്റി വളർന്നു. യവനർക്ക് മഹാപർവതമായ ഒളിംപസ് പിന്നെ അരാരത് പർവതം, സിനായ് പർവതം... അങ്ങനെ പർവത രാജാക്കന്മാർ ചരിത്രത്തിനും സംസ്കാരത്തിനുമൊപ്പം എക്കാലവും ആരാധിക്കപ്പെടുന്നു. ഭാരതത്തിൽ വടക്കേ അറ്റത്ത് കൈലാസം എന്നതുപോലെ തെക്കേയറ്റത്ത് തലയുയർത്തി നിൽക്കുന്നു അഗസ്ത്യൻ. ഇതിഹാസങ്ങളിൽ മഹേന്ദ്രഗിരിയായും ബുദ്ധമതാനുയായികൾ പൊതാലകയായും കണ്ട ആദ്ധ്യാത്മിക പർവതം. അതിന്റെ ഊർജ്ജം ഓരോ വർഷവും നമ്മെ വലിച്ചടുപ്പിക്കും.
26 തവണ അഗസ്ത്യനെ ദർശിച്ച ചാരിതാർത്ഥ്യത്തിലാണ് ഞാൻ. ഓരോ തവണയും പുതിയ കാഴ്ചകൾ, പുതിയ ചിന്തകൾ,പുതിയ ദർശനങ്ങൾ അഗസ്ത്യൻ നൽകിക്കൊണ്ടിരിക്കുന്നു. മഴക്കാടുകൾ, പുൽമേടുകൾ, ഇറക്കാടുകൾ, ശിവലിംഗത്തിന്റെ രൂപത്തിലെ മഹാമേരു എല്ലാം പഴയതുതന്നെയെങ്കിലും ഓരോ യാത്രയും പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്നു. ഓരോ കാഴ്ചകളും ആദ്യമായി കാണുന്നതുപോലെ. അഗസ്ത്യൻ, കാലാതീതമായി നിലനിൽക്കുന്ന ശുദ്ധ ജ്ഞാനമൂർത്തി. ഋഗ്വേദത്തിനപ്പുറം മുതൽ ഈ കാലഘട്ടത്തിലും അന്വേഷികൾക്ക് വഴികാട്ടിയായി അഗസ്ത്യർ ഉണ്ട്. രചനകളിൽ അഗസ്ത്യനെ ആദ്യം ദർശിക്കുന്നത് ആദിവേദമായ ഋഗ്വേദത്തിലാണ്. 10 മണ്ഡലങ്ങളും 1028 സൂക്തങ്ങളും 10552 മന്ത്രങ്ങളും അടങ്ങിയ വിശാലവേദ ഗ്രന്ഥം. ബി.സി 1500നും 1000നുമിടയിലാണ് ഋഗ്വേദം വിരചിതമായത്. അല്ലെങ്കിൽ ക്രോഡീകരിക്കപ്പെട്ടത്.

ഭാരതഖാണ്ഡത്തിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്ത് ക്രിസ്തുവിന് 2000 വർഷങ്ങൾക്ക് മുൻപ് തന്നെ വേദ മന്ത്രങ്ങൾ വായ്മൊഴിയായി തുടർന്നുവന്നു. നഭോമണ്ഡലത്തിലെ നക്ഷത്രങ്ങളുടെ രൂപഭാവങ്ങൾ ഉള്ള ദേവന്മാരെ സ്മരിക്കുന്ന ഋഗ്വേദം ആ കാലഘട്ടത്തിലെ സംസ്ക്കാര രൂപീകരണത്തിലേക്കും വെളിച്ചം വീശുന്നു. അവിടെ ഇന്ദ്രനും വരുണനും അഗ്നിയും സോമനും ആദിത്യന്മാരും മിത്രവരുണൻമാരും വിഷ്ണുവും രുദ്രനും അടങ്ങിയ ദേവാദിദേവന്മാർക്കൊപ്പം അഗസ്ത്യ ഋഷിയെ വ്യക്തമായി നമുക്ക് കാണാം. അപ്സരസുകളും ഇന്ദ്രാണിയും യമിയും അടങ്ങുന്ന നാരീദേവതാ സാന്നിദ്ധ്യത്തിനിടയിൽ അഗസ്ത്യപത്നിയായ ലോപമുദ്രയേയും കാണാം. തമിഴിന്റെ പിതാവായി, 18 സിദ്ധൻമാരുടെ ഗുരുവായി അഗസ്ത്യൻ തെക്കിന്റെ പരമഗുരുവായി മാറി. കളരിപ്പയറ്റിന്റെ, മർമ്മകലയുടെ, സിദ്ധചികിത്സയുടെ പിതാവ്.
അയ്ന്തുതലൈപൊതിഗൈ
പല തവണ ഞാൻ യാത്ര ചെയ്തപ്പോഴും അനുഭവിക്കാത്ത ഒരു അത്ഭുതക്കാഴ്ചയാണ് ഇത്തവണ അഗസ്ത്യസന്ദർശനത്തെ വ്യത്യസ്തമാക്കിയത്. അഗസ്ത്യമകുടത്തിനരികിൽ കാണുന്ന ആയ്ന്തുതലൈപൊതിഗൈ എന്ന പർവതത്തിന്റെ പൂർണരൂപദർശനമായിരുന്നു അത്. മേഘങ്ങൾ മറച്ച് കളയുന്ന അഞ്ചുതലകളുള്ള പർവതം. പലപ്പോഴും മേഘച്ചുരുളുകൾക്കിടയിൽ മുകൾഭാഗം മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. കുട്ടിക്കാലത്തെ യാത്രയിൽ പലപ്പോഴും ഈ രൂപം കണ്ടിരുന്നെങ്കിലും ഇത്തവണ ആ പർവതം എന്നോട് സംവദിക്കുന്നതായി തോന്നി. യുഗങ്ങൾക്ക് അപ്പുറത്ത് നിന്ന് കഥകൾ പറയുന്നതുപോലെ. അഞ്ച് തലകൾ ഉയർത്തിനിൽക്കുന്ന നാഗത്തെപ്പോലെ പർവതം മനോഹരമായ ഒരു ദൃശ്യം സമ്മാനിച്ചു. നാഗമലയെന്നും ഈ പർവതത്തിന് പേരുണ്ട്. നാഗപൊതിഗൈ എന്നും. നിരവധി ഭാവനകൾ കടന്നുപോയി. അഗസ്ത്യപർവതവും അഞ്ച് തലൈപൊതിഗൈയും ചേരുന്ന ഭൂപ്രകൃതി മനസിൽ അത്ഭുതകരമായ ദൃശ്യങ്ങൾ സമ്മാനിച്ചു. അതിലൊന്ന് ഒരു മഹാശിവലിംഗത്തിന് കുടപിടിക്കുന്ന അഞ്ച് തലകൾ ചേർന്ന സർപ്പരാജൻ. മറ്റൊരു ദൃശ്യം ഇതിഹാസകഥകളിലെ പാലാഴി മഥനം അതിശയിപ്പിക്കുന്ന ആ ഭൂപ്രകൃതിക്ക് ഐതിഹ്യങ്ങൾ രചിക്കാനുള്ള പ്രചോദനം നൽകാനുള്ള ശക്തിയുണ്ടെന്ന് തെളിഞ്ഞു.

മന്ഥരപർവതത്തെ അരണിയാക്കി വാസുകിയെ കയറാക്കി നടന്ന സമുദ്രമഥനം ഭാഗവതപുരാണവും വിഷ്ണുപുരാണവും ഈ കഥ പറഞ്ഞു. മന്ഥര പർവതത്തെ അനുസ്മരിപ്പിക്കുന്ന അഗസ്ത്യപർവതവും വാസുകിയെ പോലെ നാഗമലയും ഈ ചിന്തകൾ പൊടുന്നനെ കൊണ്ടെത്തിച്ചത് ഇതിഹാസങ്ങളും പുരാണങ്ങളും വാഴ്ത്തുന്ന മറ്റൊരു പർവതത്തിന്റെ നാമത്തിലാണ് ഹിന്ദു, ബുദ്ധ, ജൈനമത വിശ്വാസികൾ പരമപവിത്രമായി കാണുന്ന സുമേരുപർവതം എന്ന സങ്കൽപ്പത്തിൽ. അഞ്ച് തലകളുള്ള സുമേരു, മഹാമേരുവെന്നും സിനേരുവെന്നും വിളിപ്പേരുള്ള പർവതം. ആ പേരിനെ അന്വർത്ഥമാക്കുന്ന പർവതം അഞ്ച് തലൈപൊതിഗൈ ആണോ? അഗസ്ത്യപർവതം ബുദ്ധമത വിശ്വാസികൾക്ക് പൊതിയൻ മലയാണ്. അവലോകിതേശ്വരന്റെ ആവാസസ്ഥാനം. സംഘകാലകൃതികളിൽ, ചിത്തലൈചാത്തനാരുടെ മണിമേഖലയിൽ, ബുദ്ധമിത്രന്റെ വീരസൊല്യത്തിൽ ചൈനീസ് യാത്രികനായ ഹുയാൻ സാങിന്റെ രേഖപ്പെടുത്തലുകളിൽ അഗസ്ത്യപർവതത്തിലേക്ക് തീർത്ഥയാത്ര തിരിക്കുന്ന ബുദ്ധമതാനുയായികളെ നമുക്ക് കാണാം. താമരഭരണി നദിക്കരയിൽ ധ്യാനിച്ചിരിക്കുന്ന ബുദ്ധഭിക്ഷുക്കളെയും. 'താരസൂക്യത്തിൽ" ബോധിസത്വനെ പൊതാലഗിരി നിവാസി എന്ന് വിളിക്കുന്നു. ബുദ്ധമതയാത്രാകേന്ദ്രമായ അഗസ്ത്യപർവതത്തിലെത്തിയവർ ഈ അഞ്ച് തലൈ പൊതിഗൈയെ സുമേരു എന്നു വിളിക്കാനുള്ള സാദ്ധ്യത കൂടുതലാണ് എന്ന ചിന്ത കൂടുതൽ ഉറക്കുന്നു. തമിഴ്നാട്ടിലെ സിങ്കംപട്ടി സമീന്താർ വനനിരകളിലെ സുരക്ഷിതമലനിരകളിലാണ് അയ്ന്തു തലൈപൊതിഗൈ.
ഐതിഹ്യങ്ങളിലെ സുമേരു
ബുദ്ധൻ അരുളിയ പ്രപഞ്ച ശാസ്ത്രത്തിൽ ആണ് മഹാമേരു എന്ന അഞ്ച് തലയുള്ള പർവതത്തെ കാണാനാവുന്നത്. ആദ്ധ്യാത്മിക പ്രപഞ്ചത്തിന്റെ അച്ചുതന്നെയാണ് ഈ പർവതം. മനുഷ്യനെ സംബന്ധിച്ച് മേരു എന്നാൽ നട്ടെല്ല് എന്നർത്ഥം. ഈ പ്രപഞ്ചത്തിന്റെ ആകെ അച്ചുതണ്ട് എന്നാണ് ഈ സങ്കല്പത്തിനർത്ഥം. ചൈനയിൽ ഷുമിസാൻ-
ഭാരതത്തിൽ മേരുപർവതം അല്ലെങ്കിൽ മഹാമേരു, ജാപ്പനീസിൽ സെമേരു, തായ് ഭാഷയിൽ സുമെൻ എന്ന് ബുദ്ധമതഗ്രന്ഥമായ അഭിധർമ്മകോശഭാഷ്യം പറയുന്നു. ജംബുദ്വീപം അതായത് ഏഷ്യാ മേരുവിന് ചുറ്റപ്പെട്ടുകിടക്കുന്നു എന്ന്. 80000 യോജന വിസ്തൃതിയും 80000 യോജന ഉയരവും സൂര്യചന്ദ്രന്മാർ ഉദിച്ചുയരുന്ന അഞ്ച് തലകൾ ഉള്ള മഹാപർവ്വതം. കംബോഡിയയിലെ അങ്കോർക്ഷേത്രം, തഞ്ചാവൂർ ബൃഹദേശ്വരക്ഷേത്രം എല്ലാം അഞ്ച് തലകളുള്ള മഹാമേരുവിന്റെ പ്രതീകാവിഷ്ക്കാരമാണ്. ബോധഗയയിൽ മഹാമേരു ക്ഷേത്രം തന്നെയുണ്ട്. എവിടെയാണ് മഹാമേരു എന്നതിന് ശാസ്ത്രീയമായ ഉത്തരങ്ങൾ ഇനിയും ഇല്ല ഏഴ് നദികളും സമുദ്രവും ഏഴ് അത്ഭുതപർവ്വതങ്ങളും സുമേരുവിനെ ചുറ്റിയിരിക്കുന്നു എന്ന് ബുദ്ധസൂത്രം പറയുന്നു. ബുദ്ധസൂത്രത്തിൽ പറയുന്ന അളവുകൾ വച്ച് നോക്കിയാൽ ഇത് സാങ്കല്പികം മാത്രമായി അവശേഷിക്കും. ഭൂമിയുടെ ഡയമീറ്ററിനേക്കാൾ 85 മടങ്ങ് വലുതാണ് സുമേരു എന്നതുകൊണ്ട് ഇത് സാങ്കല്പിക അച്ചുതണ്ട് മാത്രമാണ് എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. പ്രപഞ്ചരഹസ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചില കോഡുകൾ തന്നെയാകാം ഈ ദർശനം എന്ന് കാണേണ്ടിവരും.
അഗസ്ത്യമലയോടൊപ്പം അഞ്ച് തലൈപൊതിഗൈയും വിസ്മയം തീർക്കുകയാണ്. സുമേരു എന്ന സങ്കല്പത്തിനരികിലാണ് ഈ പർവതത്തിന്റെ രൂപം. ഹണ്ടർ ഗാതറർ വിഭാഗത്തിലെ പഴക്കമാർന്ന ആദിവാസി ഗോത്രവർഗക്കാരായ കാണിക്കാരുടെ അധിവാസസ്ഥാനമാണ് അഗസ്ത്യമല. 2000ത്തിലധികം വരുന്ന ഔഷധസസ്യങ്ങളുടെ ശേഖരമുള്ള അപൂർവ്വവനം, വംശനാശ ഭീഷണി നേരിടുന്ന 50ൽപ്പരം അപൂർവ്വയിനം ജീവികൾ. ആനയും പുലിയും കരടിയും വിഷസർപ്പങ്ങളുമുള്ള ഘോരവനം. പാറകളുടെ പ്രായം നിർണയിക്കുന്ന പഠനങ്ങൾ പറയുന്നു ദശലക്ഷക്കണക്കിന് വർഷത്തെ പഴക്കമുണ്ട് ഈ പർവ്വതത്തിന് എന്ന്. സമുദ്രനിരപ്പിൽ നിന്ന് 6129 അടി ഉയരത്തിൽ, പശ്ചിമഘട്ട മലനിരകളിൽ തല ഉയർത്തി നിൽക്കുന്നു അഗസ്ത്യകൂടം.കമ്പരും വില്ലിപുട്ടൂരരും പറയുന്നത് അഗസ്ത്യമുനി പൊതിഗൈമലയിലിരുന്ന് അഗത്തിയം എന്ന തമിഴ് ഭാഷാവ്യാകരണം സൃഷ്ടിച്ചു എന്നാണ്. ചിലപ്പതികാരം പറയുന്നു താമൃഭരണിയൂടെ ഉത്ഭവം അഗസ്ത്യനിൽ നിന്നെന്ന് രാമായണത്തിൽ സുഗ്രീവൻ പരാമർശിക്കുന്നു മഹേന്ദ്രഗിരി എന്ന മഹാപർവതത്തെക്കുറിച്ച്. തൊൽക്കാപ്പിയവും പരിപ്പാടലും തേവാരങ്ങളും ചോളസാഹിത്യവും എല്ലാം വിരിഞ്ഞത് ഇതേ പർവതത്തിന്റെ പ്രചോദനം ഉൾക്കൊണ്ട്.
ജാപ്പനീസ് എഴുത്തുകാരൻ ഷൂ ഹിക്കോസക്കയുടെ പഠനങ്ങൾ പ്രത്യേകിച്ച് ബുദ്ധമത ഗ്രന്ഥങ്ങളെക്കുറിച്ചും തമിഴ് സാഹിത്യത്തെക്കുറിച്ചും നടത്തിയവ പറയുന്നത് നോക്കാം. അവലോകിതേശ്വരൻ അഥവാ പരബ്രഹ്മം വസിക്കുന്നത് പൊതാലക പർവ്വതത്തിലാണ്. തീർത്ഥാടനങ്ങളെയും തീർത്ഥസ്ഥാനങ്ങളെയും പുകഴ്ത്തുന്ന ബി.സി 300ൽ എഴുതിയ ഗന്ധവ്യൂഹസൂത്രം പറയുന്നു, പൊതാലക തന്നെയാണ് ബോധിസത്വന്റെ താവളമെന്ന്. ഹുയാൻ സാംങിന്റെ രേഖകളും ഇതുതന്നെപറയുന്നു. മൗണ്ട് പൊതാലകയെന്നാൽ തെക്കേ ഇന്ത്യയിലെ അഗസ്ത്യകൂട പർവതം തന്നെയാണെന്ന്. മൂന്നാംനൂറ്റാണ്ടിൽ അശോകചക്രവർത്തിയുടെ കാലത്തിനുമുമ്പേ ഇത് ബുദ്ധ തീർത്ഥമായിരുന്നു എന്ന് ഈ പഠനം വ്യക്തമാക്കുന്നു.
അഗസ്ത്യതീർത്ഥത്തിൽ നീരാടിയ ആനന്ദത്തിൽ ഉള്ള മടക്കയാത്ര. മൊബൈൽ ഫോൺ റേഞ്ചിലെത്തിയപ്പോൾ ആദ്യസന്ദേശം വന്നു. സിങ്കപ്പൂരിലെ സിദ്ധഗുരു പരമ്പരയിൽ നിന്നുള്ള സന്ദേശം. പലതവണ തന്തയെ (അഗസ്ത്യനെ) ദർശിക്കുന്നതിന് ഒരപൂർവഭാഗ്യം വേണം. അഗസ്ത്യൻ നിങ്ങളെ വിളിച്ചുകൊണ്ടിരിക്കുന്നു ഓരോ വർഷവും സ്നേഹത്തോടെ, കരുതലോടെ. അത് ഒരു അനുഗ്രഹമാണ്. ആത്മപ്രകാശം പകരുവാൻ യുഗയുഗാന്തരങ്ങളായി അഗസ്ത്യർ ജ്വലിച്ചുകൊണ്ടേയിരിക്കുന്നു. ആ അറിവിന്റെ പ്രകാശവഴികളിലൂടെ നമുക്കും സഞ്ചരിക്കാം.
(ലേഖകന്റെ ഫോൺ: 9847186223)