bjp-manifesto

ലക്നൗ: ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിനുളള പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ഓരോ കുടുംബത്തിലും ചുരുങ്ങിയത് ഒരാൾക്കെങ്കിലും സർക്കാർ ജോലി, കർഷകർക്ക് ജലസേചന ആവശ്യങ്ങൾക്കായി സൗജന്യ വൈദ്യുതി തുടങ്ങി വലിയ രീതിയിലുള്ള വാഗ്ദ്ധാനങ്ങളാണ് പ്രകടന പത്രികയിൽ ഉള്ളത്. ലവ് ജിഹാദ് കുറ്റം തെളിയിക്കപ്പെട്ടാൽ കുറഞ്ഞത് പത്ത്‌ വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തുമെന്നും പ്രകടന പത്രികയിലുണ്ട്. ലക്നൗവിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

ഫെബ്രുവരി പത്തിനാണ് പ്രകടന പത്രിക പുറത്തിറക്കാൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഗായിക ലതാ മങ്കേഷ്കറുടെ മരണത്തെതുടർന്ന് ചടങ്ങ് മാറ്റി വയ്ക്കുകയായിരുന്നു. ഹോളിക്കും ദീപാവലിക്കും ഓരോ ഗ്യാസ് സിലിണ്ടർ വീതം സ്ത്രീകൾക്ക് സൗജന്യമായി നൽകും, പൊതു ഗതാഗത സംവിധാനങ്ങളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ ഇരുചക്ര വാഹനങ്ങൾ തുടങ്ങിയ വാഗ്ദ്ധാനങ്ങളും പ്രകടന പത്രികയിൽ പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ പ്രതിശീർഷ വരുമാനം ഇരട്ടിയാക്കും, പത്തുലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കും, വിധവാ പെൻഷൻ 800ൽ നിന്നും 1500രൂപയായി ഉയർത്തും തുടങ്ങിയ വാഗ്ദ്ധാനങ്ങളും പ്രകടന പത്രികയിലുണ്ട്.