rescue

പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ 24 മണിക്കൂർ പിന്നിട്ടിട്ടും രക്ഷിക്കാനായില്ല. പാറയിടുക്കിലേക്ക് വീണ് കാലിന് പരിക്കേറ്റ നിലയിൽ യുവാവിനെ കാണാമെങ്കിലും അവിടേക്ക് എത്തിപറ്റുന്നതിന് വളരെ ബുദ്ധിമുട്ടുള‌ളതായി ജില്ലാ കളക്‌ടർ മൃൺമയി ജോഷി അറിയിച്ചു.

യുവാവിനെ രക്ഷിക്കാൻ നാവികസേനയുടെ ഹെലികോപ്‌റ്റർ ഉപയോഗിച്ചുള‌ള സഹായം തേടി. ആദ്യഘട്ടമായി രക്ഷിക്കാൻ റോപ് നൽകിയുള‌ള ശ്രമം പരാജയപ്പെട്ടു. രണ്ടാമത് സാദ്ധ്യതയായി പർവതാരോഹകരുടെ സഹായം തേടാനും ആലോചനയുണ്ട്.ഇതിനായി കോഴിക്കോട് നിന്നുമുള‌ള പർവതാരോഹകരോട് സ്ഥലത്തേക്ക് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

രക്ഷപെടുത്തുന്നതിന് മുൻപ് യുവാവിന് ഭക്ഷണവും വെള‌ളവും ഫസ്‌റ്റ് എയിഡും നൽകാൻ ശ്രമിക്കണമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. തിങ്കളാഴ്‌ച ഉച്ചയോടെയാണ് ചെറാട് മലയിലെ ചെങ്കുത്തായ ഭാഗമായ കുറുമ്പാച്ചി മലയിലേക്ക് ബാബു രണ്ട് കുട്ടികളുമായി എത്തിയത്. പകുതി വഴിയിൽ വച്ച് കുട്ടികൾ പിന്മാറി. എന്നാൽ ബാബു വീണ്ടും മലകയറ്റം തുടർന്നു. ഇതിനിടെയാണ് കാല് തെറ്റി ബാബു പാറക്കെട്ടിനിടയിലേക്ക് വീണത്.

വീഴ്‌ചയിൽ കാലിന് പരിക്കേറ്റതിനാലും പേശി വേദനയുള‌ളതിനാലും ബാബുവിനെ ഇതുവരെ രക്ഷിക്കാൻ കഴിഞ്ഞില്ല. താഴെയുള‌ളവരെയും ഫയർഫോഴ്‌സിനെയും ബാബു തന്നെ വിവരമറിയിച്ചു. കൂടെ മലകയറിയ കുട്ടികൾ നൽകിയ സൂചനയനുസരിച്ച് അഗ്നിരക്ഷാ സേന സ്ഥലം കണ്ടെത്തിയെങ്കിലും നേരം ഇരുട്ടിയതോടെ തിരിച്ചെത്തി.

രാത്രിയോടെ ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി. എന്നാൽ ദുർഘടമായ മലയിൽ നിന്നും ബാബുവിനെ രക്ഷിക്കാൻ അവർക്കും കഴിഞ്ഞില്ല. മലയുടെ ചുവട്ടിൽ ബാബുവിന്റെ കുടുംബാംഗങ്ങളും പൊലീസും നാട്ടുകാരും കാത്തിരിക്കുകയാണ്.

രാത്രി 12ന് ജമാഅത്തെ ഇസ്ളാമിയുടെ കീഴിലെ ഐഡിയൽ റിലീഫ് വിംഗ് ജില്ലാ നേതാവ് ജാഫറിന്റെ നേതൃത്വത്തിൽ ഉപകരണങ്ങളെത്തിച്ച് രക്ഷാപ്രവർത്തനം നടത്തി. മലമുകളിൽ പോയവർക്ക് ദിശയറിയാൻ പൊലീസ് അസ്‌ക വിളക്ക് തെളിച്ചു. ബാബുവിന് നാവികസേനാ ഹെലികോപ്‌റ്റർ വഴി ആഹാരവും ഭക്ഷണവും നൽകാൻ ശ്രമിക്കുന്നുണ്ട്. ഇതിനൊപ്പം എയർലിഫ്‌റ്റ് ചെയ്യാനുള‌ള സാദ്ധ്യതകളും നോക്കുകയാണ്.

ട്രക്കിംഗ് നടക്കാത്ത വനമേഖലയിലാണ് ബാബു ഉൾപ്പടെ നാലുപേർ ട്രക്കിംഗിന് ഇവിടെയെത്തിയത്. അപകടം നടന്നയുടൻ മറ്റുള‌ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്ഥലത്തെ വിവിധ ജനപ്രതിനിധികളും ഇപ്പോൾ ചെറാട് മലയുടെ ചുവട്ടിൽ എത്തിയിട്ടുണ്ട്. വളരെവേഗം തന്നെ ബാബുവിനെ താഴെയെത്തിക്കാനുള‌ള തീവ്രശ്രമത്തിലാണ് സംഘങ്ങൾ.