
അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ പിടിച്ചെടുത്തതോടെ അവിടത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം മാദ്ധ്യമങ്ങളിൽ പലപ്പോഴും ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ഹോളിവുഡ് താരം ആൻജലിനാ ജോളി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്‌ത കുറിപ്പാണ് ചർച്ചയാകുന്നത്.
അഫ്ഗാനിസ്ഥാനിലെ ഒരു പെൺകുട്ടി തന്റെ ജീവിതത്തെ കുറിച്ച് എഴുതിയ കുറിപ്പാണിത്. പെൺകുട്ടി ആരാണെന്നോ പേര് എന്താണെന്നോ വെളിപ്പെടുത്താതെയാണ് താരം അവളുടെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. താലിബാൻ ഭരണം ഏറ്റെടുത്തതോടെ അവൾക്ക് സ്‌കൂളിൽ പോകാൻ സാധിച്ചിട്ടില്ലെന്നും താരം കുറിപ്പിൽ പറയുന്നുണ്ട്.
'ഒരു സ്ത്രീ എന്ന നിലയിൽ എന്റെ സംസാരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങൾ കാറ്റിൽപ്പറത്തിയ അവർ ഈ രാജ്യത്ത് ഒന്നും ചെയ്യാൻ ഞങ്ങളെ അനുവദിക്കുന്നില്ല. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്‌ദം ഉയർത്തിയ രണ്ടു സ്ത്രീകളെ കുറച്ചു ദിവസം മുൻപ് താലിബാൻ അറസ്റ്റ് ചെയ്‌തു.
ഇത് ഞങ്ങളുടെ അവസാനമാണ്. സ്ത്രീ എന്ന നിലയിൽ എനിക്ക് ഇനി ഒരിക്കലും പുറത്ത് ഇറങ്ങാൻ സാധിക്കില്ല. ഒരു പെൺകുട്ടി എന്ന നിലയിൽ സംസാരിക്കാനും സാധിക്കില്ല.' അഫ്ഗാനിസ്ഥാനിൽ നടക്കുന്നത് ദയവായി എല്ലാവരും അറിയണമെന്നാണ് പെൺകുട്ടിയുടെ കത്ത് പങ്കുവച്ച് ആൻജലിനാ കുറിച്ചത്.