
അലസമായ അപരാഹ്നം. അനന്തമായ നീലത്തകിടുപോലെ, മേഘത്തുണ്ടു പോലുമില്ലാത്ത ആകാശം. നോക്കെത്താ ദൂരത്തിൽ പരന്നുകിടക്കുന്ന നെൽപ്പാടങ്ങൾ. പച്ചപട്ടിന് വീതിക്കസവുപോലെ പാടങ്ങളിൽ പോക്കുവെയിലിന്റെ സുവർണത്തിളക്കം. ചുമ്മാതെ ചുറ്റിയടിക്കുന്ന നേർത്ത കാറ്റിൽ, വിദൂരതയിൽ നിന്ന് അരിച്ചെത്തുന്ന ഗാനം.''ആജാരേ... പർദേശീ..."" റേഡിയോക്കാലം. പാതയോരത്തെ പഴയ കൊച്ചുകടയിൽ നിന്ന് അതിലും പഴയ റേഡിയോയിൽ നിന്ന്... വിവിധ് ഭാരതി. എത്ര പെട്ടെന്നാണ് 'മധുമതി" യിലെ ആ ഗാനം നെൽപ്പാടങ്ങളിലെ ഇളംകാറ്റിന്റെ മധുരശബ്ദമായി മാറിയത്! സൗരാഷ്ട്രയിലെ ജയ്സൽമീറിലെ മണൽക്കൂനകളിൽ, ഗംഗയിലെയും യമുനയിലെയും ചിറ്റോളങ്ങളിൽ, ദാൽതടാകത്തിന്റെ അഗാധനീലിമയിൽ, കൊൽക്കത്തയിലെ ട്രാം ബഹളത്തിൽ, 'കാറ്റിനാൽ കുന്തളം ചീകിചിരിച്ചു" പോകുന്ന കാവേരിയിൽ എവിടെയും... എവിടെയും.........'' ആജാരേ... പർദേശീ.......""
പാട്ട് തീരുമ്പോൾ വല്ലാത്തൊരു നഷ്ടബോധം. പക്ഷേ, പ്രകൃതിയിൽ ലയിച്ച ആ ഗാനം വിരൽ തൊട്ടാൽ വീണയുടെ തന്തിയിൽ നിന്നെന്നവണ്ണം ഉണർന്നുയരുമെന്നതുപോലെ. അത് ലതാ മങ്കേഷ്കർ എന്ന ഗാനസാഗരമാണ്. ഇന്ത്യയുടെ, ഭാരതമാതാവിന്റെ, ജനകീയനാദം. ഭാഷയുടേയോ, പ്രാദേശികതയുടേയോ അതിരുകളില്ലാത്ത നാദം. മൂടൽമഞ്ഞിന്റെ അഭൗമമായ അന്തരീക്ഷത്തിൽ വൈജയന്തിമാലയെന്ന മഹാനടിയുടെചുണ്ടിൽ നിന്നുതിർന്ന ഗാനം.. ശൈലേന്ദ്ര രചിച്ച് സലിൽ ചൗധരി ഈണം പകർന്ന ഗാനം. ഋത്വിക് ഘട്ടകിന്റെ കഥയുടെ ചലച്ചിത്രാവിഷ്കരണം. ബിമൽ റോയ്യുടെ സംഗീത സംവിധാനത്തിൽ. ഒക്കെ ശരി. പക്ഷേ അതിനൊക്കെ അപ്പുറത്ത് അത് ലതാമങ്കേഷ്ക്കറിന്റെ 'നാഭീഹൃദ്കണ്ഠരസന" യുടേതാണ്.
അങ്ങനെ ഏഴുപതിറ്റാണ്ടിലധികമായി എത്രയോ ഗാനങ്ങൾ, ചലച്ചിത്രഗാനങ്ങൾ, മീരാഭജനുകൾ, ദേശഭക്തിഗാനങ്ങൾ, സൈനികരിൽ ദേശാഭിമാനവീര്യം ഉത്തേജിപ്പിക്കുന്ന ഗാനങ്ങൾ, ഗസലുകൾ, നാടൻപാട്ടുകൾ. മലയാളവും തമിഴും ദോഗ്രയും അടക്കം മുപ്പത്താറ് ഇന്ത്യൻ ഭാഷകളിലും സ്പാനിഷ് അടക്കമുള്ള വിദേശഭാഷകളിലും. 'മുപ്പതിനായിരം? നാൽപ്പതിനായിരം. സ്ഥിതിവിവരകണക്കുകൾക്കും ഗിന്നസ് തർക്കങ്ങൾക്കും പ്രസക്തി ഇല്ലാതാകുന്നു. ജനമനസുകളിൽ മാത്രമല്ല പ്രകൃതിയുടെ ആന്തരികങ്ങളെയും നിറഞ്ഞു തൂവുന്ന ആ നാദധാരയിൽ കണക്കുകൾ ഒഴുകിപ്പോകുന്നു." നാദം അവശേഷിക്കുന്നു. അതിന്റെ വീചികൾ എല്ലായിടവും പൂരിതമാക്കുന്നു.

പ്രശസ്തിയുടെയും ജനപ്രിയതയുടെയും ഉത്തുംഗതയിലെത്തുമ്പോൾ തങ്ങളുടെ നാദത്തിന് അപൂർവരത്നങ്ങളുടെ വാണിജ്യമൂല്യം സിദ്ധിക്കുമ്പോൾ, പല മഹാഗായികാഗായകരും ചെയ്യുന്നതോചെയ്തു പോകുന്നതോ ആയ ഒരു കാര്യമുണ്ട്. സ്റ്റുഡിയോയുടെ തിരക്കിലേക്ക് ഓടിയെത്തുക, ചുരുങ്ങിയ സമയത്തിൽ പാട്ട് 'ചുട്ടുവച്ചിട്ട്" പോവുക. ആരു പാടിയതായാലും 'ജീവാത്മാവ്" ഇല്ലാതെ ആ പാട്ടുകൾ കൂമ്പടഞ്ഞു ചീഞ്ഞുപോകുന്നു. എത്രയോ ഉദാഹരണങ്ങൾ! 1943 മുതൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പ്രഥമദശകത്തിന്റെ പകുതി വരെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വളരെ സെലക്ടീവായി പിന്നെ നിറുത്തുന്നതുവരെ ലതാജിയുടെ കരിയർഗ്രാഫ് അസ്തമയമില്ലാത്ത സൂര്യനെപ്പോലെ ജ്വലിച്ചു നിന്നത് എന്തുകൊണ്ട്?
അനുപമവും അനന്യവുമായ സംഗീതസിദ്ധി കൊണ്ടു മാത്രമല്ല, ഓരോ ഗാനത്തിലും അവ അദ്ധ്വാനത്തിന്റെയും അർപ്പണത്തിന്റെയും അളവറ്റ നിക്ഷേപങ്ങൾ കൊണ്ടുമാണ്. ഒരു പാട്ടുപോലും ലതാമങ്കേഷ്ക്കർ പാടിക്കളഞ്ഞിട്ടില്ല! ഒരു ചെറിയ ഉദാഹരണം. മലയാളചലച്ചിത്രരംഗത്തെ ലതാജിയുടെ ഏകഗാനമായ 'കദളീ ചെങ്കദളീ" തന്നെ, മലയാളത്തിലെ എക്കാലത്തെയും ക്ളാസിക് ആയ ചെമ്മീൻ എന്ന ചിത്രത്തിലെ 'കടലിനക്കരെ പോണോരേ" എന്ന ഗാനം ലതാ മങ്കേഷ്ക്കറെ കൊണ്ട് പാടിക്കാനിരുന്നതയായിരുന്നുവത്രെ.ഉച്ചാരണം ശരിയാവാത്തതു കൊണ്ട് അവർ നിരസിക്കുകയായിരുന്നു. 1974ൽ 'നെല്ല് " രാമുകാര്യാട്ട് ചലച്ചിത്രമാക്കിയപ്പോൾ (വയനാട്ടിലെ ആദിവാസികളുടെ ജീവിതം പശ്ചാത്തലമാക്കി പി. വത്സല രചിച്ച 'നെല്ല് " കുങ്കുമം അവാർഡ് നേടിയ നോവലാണ്) സംഗീതസംവിധായകനായ സലിൽ ചൗധരിയെ നിശ്ചയിച്ചു.

ആദിവാസി പെണ്ണിന്റെ യൗവന തീക്ഷ്ണത കുടിയിരുത്തിയ വരികൾ വയലാർ രചിച്ചു, ഗായികയായി ലതാ മങ്കേഷ്ക്കർ... ഇപ്പോഴത്തെ സ്തുതി ഗീതങ്ങളൊന്നുമല്ലായിരുന്നു അന്ന് ഉയർന്നത്. മലയാളത്തിൽ മെലഡി രാജ്ഞിമാരായ പി. സുശീലയും എസ്. ജാനകിയും നിറഞ്ഞുനിൽക്കുന്ന കാലം. വാണിജയറാമും എത്തിയിട്ടുണ്ട് അന്ന്. ലതാജിയെ കൊണ്ട് വരികൾ വികലമാക്കി പാടിച്ചതിന് പകരം ജാനകിയോ, സുശീലയോ പോരായിരുന്നോ എന്നായി വിമർശം. സലീൽ ദായുടെ നേർക്കും വിമർശനശരങ്ങൾ പാഞ്ഞു ചെന്നു. 'കദളീ കൺകദളി" ഗാനത്തിൽ 'പൂ വേണോ" എന്ന ഭാഗത്ത് ഒരു 'ഞുണുങ്ങ് സംഗതി" ഉണ്ട്. അതിലുണ്ട് ഇന്ത്യയിലെ ഏറ്റവും ജനകീയമായ കളകണ്ഠത്തിന്റെ കൈയൊപ്പ്. അനുഗ്രഹീത നടിയായ ജയഭാരതി നെല്ലിലെ 'മാര" എന്ന ആദിവാസി പെൺകുട്ടിയെ തന്മയത്വത്തോടെ അവതരിപ്പിക്കുമ്പോൾ അവളുടെ മനസിന്റെ കുതിപ്പും കിതപ്പും ലതാജിയുടെ കണ്ഠത്തിൽനിന്ന് അതേ വൈകാരിക തീവ്രതയോടെ 'ഝിലു ഝിലു ഝിലു ഝിഝിലമോടെ"തീവ്രതയോടെ കുതറിച്ചാടുന്നു. 'കിളികള് ബള കിലുക്കിണ ബളിയൂർക്കാവിൽ" എന്ന വരി സ്വാഭാവികതയേറുന്ന പോലെയല്ലേ? അതാണ് ലതാജി. അത് തമിഴ് ആകട്ടെ, ദോഗ്രയാകട്ടെ, സ്പാനിഷ് ആകട്ടെ... ഏതുഭാഷയാകട്ടെ, ഉച്ചാരണം വഴങ്ങാതെ, അർത്ഥം തിരിയാതെ 'പാടൽ" ഇല്ല പരമാവധി.
പതിമൂന്നാം വയസിൽ, കയ്യിലെ തുണി സഞ്ചി നെഞ്ചോടടക്കി സ്റ്റുഡിയോയ്ക്ക് പുറത്ത്, രാത്രിയിൽ വിശപ്പും ക്ഷീണവും കൊണ്ട് തളർന്നിരുന്ന് ഉറക്കം തൂങ്ങുന്ന ലതയെന്ന കൗമാരക്കാരിയെപ്പറ്റി എവിടെയോ വായിച്ചിട്ടുണ്ട്. ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കേണ്ടി വന്ന ഒൗപചാരിക വിദ്യാഭ്യാസം.

അച്ഛൻ ദീനനാഥ് മങ്കേഷ്ക്കറുടെ അകാലനിര്യാണത്തെ തുടർന്ന് അമ്മയും നാലുസഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ ഭാരം കൊച്ചുതോളിലേറ്റേണ്ടി വന്ന അവസ്ഥ. ദീനനാഥ് മങ്കേഷ്ക്കറുടെ സുഹൃത്തും നവയുഗ് ചിത്രപഥ് മൂവി കമ്പനി ഉടമയുമായ മാസ്റ്റർ വിനായക് ആണ് ലതയിലെ ഗായികയെ, ഗാനപ്രതിഭയെ തൊട്ടറിഞ്ഞതെന്ന് പറഞ്ഞാൽ തെറ്റില്ല. ലതയുടെ ആദ്യഗാനം ' നാചുയ ഗദേ ഖേലു" ( 1942 ൽ പുറത്തിറങ്ങിയ കൃതിഹസാൽ എന്ന മറാത്ത ചിത്രത്തിലെ ഗാനത്തിന് ഈണമിട്ടത് സദാശിവ റാവു നവരേക്കർ ആണ്. നാൽപ്പതുകളിലെ ഇന്ത്യൻ ചലച്ചിത്രഗാനശൈലിയുടെ ഉദാഹരണമാണ്. ആ ഗാനം ചിത്രത്തിൽ ചേർക്കപ്പെട്ടിട്ടില്ല. പക്ഷേ മുളയിൽ നിന്നറിയാം വിളയുടെ കരുത്തും ചാരുതയും. 1948 ലോകത്തോടു വിട പറഞ്ഞ മാസ്റ്റർ വിനായകിനോട് ഗാനലോകം കടപ്പെട്ടിരിക്കുന്നു. ലത എന്ന ശബ്ദത്തെ സംഭാവന ചെയ്തതിന്. 1945 ൽ ബോംബെയിലേക്ക് ലതയും കുടുംബവും ചേക്കേറിയത് അദ്ദേഹത്തിന്റെ തണലിലായിരുന്നു. 1948നുശേഷം ലതയുടെ ഗോഡ്ഫാദർ ആയി കടന്നു വന്ന ഗുലാം ഹൈദർ എന്ന സംഗീതസംവിധായകൻ ലതയിലെ അസമാന്യപ്രതിഭയെ തിരിച്ചറിഞ്ഞത് മറ്റൊരു നാഴികക്കല്ലായി. 'ഷഹീദ്" എന്ന ചിത്രത്തിൽ ലതയെ പാടിക്കാൻ ഗുലാം ഹൈദർ ശ്രമിച്ചപ്പോൾ ലതയുടെ നേർത്ത ശബ്ദം തന്റെ നായികയ്ക്ക് ചേരില്ലെന്ന് നിർമ്മാതാവ് ശശാധർ മുഖർജി പറഞ്ഞതും ചൊടിച്ചു കൊണ്ട് ''ഒരു കാലത്ത് ഇവളുടെ കാൽക്കൽ വീണ് സംവിധായകരും നിർമ്മാതാക്കളും ഒരു പാട്ടിന് വേണ്ടി അപേക്ഷിക്കും" എന്ന് ഹൈദർ പ്രചവചനം പോലെ പറഞ്ഞതും ചരിത്രം. അന്നത്തെ പ്രശസ്ത ഗായിക നൂർജഹാന്റെ ശബ്ദം അനുകരിക്കുന്നെന്നും ഉറുദു ഉച്ചാരണം ശരിയല്ലെന്നും ആക്ഷേപം ഉയർന്നപ്പോൾ ലത അവ നേരിട്ടത് കഠിന തപസിലൂടെ മൗലികവും അനുകരണീയമല്ലാത്തതുമായ സ്വന്തം അന്യൂനശൈലി വികസിപ്പിച്ചു കൊണ്ടാണ്. അതിനായി ഉസ്താദ് അമാനത്ത് അലിഖാനെ ഗുരാവായി സ്വീകരിച്ച് ഹിന്ദുസ്ഥാനി സംഗീതത്തിന് അടിത്തറയിടുകയും ഉറുദു അഭ്യസിച്ച് ഉച്ചാരണം കുറ്റമറ്റതാക്കുകയും ചെയ്തു. അങ്ങനെ നൂർജഹാനും സുരയ്യയും ഷംസദ് ബീഗവും ഗീതാ ദത്തുമൊക്കെ കൊടികുത്തി വാണിരുന്ന ബോളിവുഡ് പിന്നഗണി ഗാനരംഗത്തേക്ക് ലത എന്ന താരത്തിന്റെ ഉദയമായി. പുതുമഴയിൽ കുരുത്തതല്ല ആ നാദമെന്ന് കാലം തെളിയിച്ചു.

പിന്നെ നവംനവങ്ങളായ ഗാനപരീക്ഷണങ്ങളുടെ കാലമായിരുന്നു. പരീക്ഷണകർത്താക്കൾ ആയി സി. രാമചന്ദ്രയും അനിൽ ബിശ്വാസും വസന്ത് ദേശായിയും തുടങ്ങി എത്രയോ സംഗീതസംവിധായകർ! എ.ആർ. റഹ്മാൻ വരെ. പരീക്ഷണ വസ്തു ഒന്നുമാത്രം. ലത എന്ന സംഗീതവല്ലരി. പ്രണയസാഫല്യം, വിവാഹം, കുടുംബജീവിതം... ഇവയെല്ലാം ലതയോടു പുറം തിരിഞ്ഞു നിന്നു. ഒരു പക്ഷേ, മനസിന്റെ ആഴങ്ങളിൽ അതിന്റെ വിഷാദം വടുകെട്ടി കിടന്നിരിക്കില്ലേ?
മെലഡിയുടെ പൂർണിമ തേടുന്ന, കാൽപ്പനിക പ്രേമത്തിന്റെ വികാരതീവ്രത അലയടിക്കുന്ന ലതയുടെ അനുപമശബ്ദത്തിന്, അതിന്റെ മധുരത്തിന് മേമ്പൊടിയായി കാണുകയില്ലേ ആ വിഷാദം? വെള്ളിത്തിരയിലെ ദുഃഖനായികമാരായ നൂതനേയും മധുബാലയേയും മീനാകുമാരിയേയുമൊക്കെ ജനങ്ങൾ ഹൃദയത്തിൽ പ്രതിഷ്ഠിച്ചത് ലതയുടെ സ്വരപശ്ചാത്തലത്തിലൂടെയാണ്. പിന്നാലെ വന്ന കാജോൾ വരെയുള്ള നടിമാരെയും.
എം.എസ്. സുബ്ബലക്ഷ്മി കർണാടക (ക്ളാസിക്കൽ ) സംഗീതത്തിന്റെ ഭാരത രത്നമാണെങ്കിൽ അവർക്കുശേഷം ആ പരമോന്നത ബഹുമതി ഏറ്റുവാങ്ങിയ ലതാമങ്കേഷ്ക്കർ ജനകീയസംഗീതത്തിന്റെ ഭാരതരത്നമാണ്. എം.എസിനെ 'സംഗീത ചക്രവർത്തിനി" എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചു. 1963 ൽ റിപ്പബ്ളിക്ക് ദിന പരേഡ് സമയത്ത് ലത പാടിയ ദേശഭക്തിഗാനം കേട്ട് അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ലതാമങ്കേഷ്കർ എന്ന സംഗീത ഇതിഹാസത്തെ കാലം സൃഷ്ടിച്ചതാണെന്നു പറയാം. പക്ഷേ, സംഗീതത്തിന്റെ ഒരു കാലം അവർ സൃഷ്ടിച്ചു. മറ്റാർക്കും കഴിയാത്ത ഒരു കാലം.
( ലേഖകന്റെ ഫോൺ: 94472 77113)