
പല മനുഷ്യരും തടി കുറയ്ക്കാൻ അല്ലെങ്കിൽ ആരോഗ്യം സംരക്ഷിക്കാൻ എന്ന പേരിൽ ഭക്ഷണം കുറച്ച് മാത്രം കഴിക്കുന്നവരാണ്. എന്നാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ കുറഞ്ഞ അളവിൽ അല്ല മറിച്ച് ശരിയായ അളവിൽ ഭക്ഷണം കഴിക്കേണ്ടത് അനിവാര്യമാണ്. ശരിയായ അളവിൽ ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ ആരോഗ്യത്തോടെ വർഷങ്ങളോളം ജീവിക്കാൻ കഴിയുകയുള്ളു. വിട്ടുമാറാത്ത രോഗങ്ങളുടെ അപകട സാദ്ധ്യത കുറയ്ക്കാൻ പലപ്പോഴും ഡോക്ടർമാർ ഏതൊക്കെ ആഹാരങ്ങൾ ഏതളവിൽ കഴിക്കണമെന്ന് പറയാറുണ്ട്. എന്നാൽ അസുഖങ്ങൾ വന്നിട്ട് ഭക്ഷണം ക്രമീകരിക്കുന്നതിനെക്കാൾ ദിവസേന നല്ല ഭക്ഷണം കഴിച്ച് ആരോഗ്യകരമായി ജീവിക്കുന്നതാണ് ഉചിതം. അതിനൊരു എളുപ്പവഴിയുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിക്കുന്നവരുള്ളത് ജപ്പാനിലെ ഒകിനാവയിലാണ്. ഇവിടുത്തെ മനുഷ്യരുടെ ദീർഘായുസിന് കാരണം അവരുടെ ജീവിതശൈലിയാണെന്നാണ് കരുതപ്പെടുന്നത്. കലോറിയുടെ അളവ് കുറഞ്ഞതും പോഷകങ്ങളും ആന്റിഓകിസിഡന്റുകളും ധാരാളമായി അടങ്ങിയതുമായ ഭക്ഷണങ്ങളാണ് ഇവർ കഴിക്കുന്നത്. വിട്ടുമാറാത്ത രോഗങ്ങളും അപകട സാദ്ധ്യതയും കുറയ്ക്കാനും ഈ ഭക്ഷണങ്ങൾക്ക് കഴിയും. പച്ചക്കറികളും പഴങ്ങളും ധാരാളമായും മാംസം, ശുദ്ധീകരിച്ച ധാന്യങ്ങൾ, പഞ്ചസാര, ഉപ്പ്, കൊഴുപ്പ് , പാലുൽപ്പന്നങ്ങൾ എന്നിവ കുറഞ്ഞ അളവിലുമാണ് അവർ കഴിക്കുന്നത്. ഒകിനാവയിലെ ജനങ്ങളുടെ ഭക്ഷണ രീതിയെ ഒകിനാവയിൻ ഡയറ്റ് എന്നാണ് പറയുന്നത്.
ഒരു സാധാരണ ഒക്കിനാവൻ ഭക്ഷണത്തിൽ എന്തെല്ലാം ഉൾപ്പെടുന്നു?

ഒകിനാവിയൻ ഭക്ഷണത്തിൽ 96ശതമാനവും സസ്യാഹാരമാണ്. പരിപ്പ്, പഴവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കുറഞ്ഞ അളവിൽ മാത്രമേ മത്സ്യം, മാംസം,മുട്ടകൾ,പാലുൽപ്പന്നങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തുന്നുള്ളു. അരി,ഗോതമ്പ്,ബാർലി തുടങ്ങിയ മറ്റ് ധാന്യങ്ങളും ഇവർ കഴിക്കുന്നു. ആന്റി ഓക്സിടന്റുകളാൽ സമ്പുഷ്ടമായതും കലോറി കുറഞ്ഞതുമായ ഒരു പച്ചക്കറി അല്ലെങ്കിൽ പഴം ഇവർ ദിവസേന കഴിക്കും. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. ഒകിനാവിയൻ ഭക്ഷണത്തിൽ കൊഴുപ്പിന്റെ അളവ് വളരെ കുറവാണ്.
ആരോഗ്യഗുണങ്ങൾ

ഒകിനാവിയൻ ഭക്ഷണരീതി പിൻതുടരുന്നവരിൽ ഹൃദ്രോഗം വരാനുള്ള സാദ്ധ്യത വളരെ കുറവാണ്. അതുപോലെ വൻ കുടലിനെ ബാധിക്കുന്ന അർബുദം, സ്തനാർബുദം എന്നീ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണവും വളരെ കുറവാണ്. ഒക്കിനാവൻ ജനങ്ങൾ അവരുടെ ശരീരത്തിന് ആവശ്യമായതിനെക്കാൾ പതിനൊന്ന് ശതമാനം കുറവ് മാത്രമേ ഭക്ഷണം കഴിക്കുന്നുള്ളു. ശരീരത്തിൽ 80ശതമാനം മാത്രം ഭക്ഷണം കഴിക്കുക എന്ന ആശയമാണ് ഇവർ പിൻതുടരുന്നത്.