
കൊച്ചി: നിസ്സാനും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവും ചേർന്ന് റോഡ് സുരക്ഷാ കാമ്പെയ്‌നായ 'ബി എ നിസ്സാൻ ബ്ലൈൻഡ് സ്‌പോട്ടർ" ആരംഭിച്ചു. ഇന്ത്യൻ റോഡുകളിലെ ഏറ്റവും മോശവും അപകടകരവുമായ ബ്ലൈൻഡ് സ്‌പോട്ടുകളിൽ ചിലത് തിരിച്ചറിയുന്നതിനായുള്ള സംരംഭമാണിത്. ഇന്ത്യൻ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം, ഇന്ത്യൻ മോട്ടോർവാഹന നിർമ്മാതാക്കളുടെ സൊസൈറ്റി, ഇന്ത്യൻ റോഡ് സുരക്ഷാ കാമ്പെയ്ൻ (ഐ.ആർ.എസ്.സി) എന്നിവയുടെ സഹകരണത്തോടെയാണ് നിസ്സാൻ കാമ്പെയ്ൻ ആരംഭിച്ചത്. കപിൽദേവാണ് അംബാസഡർ.
ബ്ലൈൻഡ് സ്‌പോട്ടുകൾ രേഖപ്പെടുത്തൽ, ബസ് ഡ്രൈവർമാർ, സർക്കാർ ഉദ്യോഗസ്ഥർ, എൻജിനീയർമാർ എന്നിവരുമായി ചേർന്ന് റോഡ് സുരക്ഷാ ഓഡിറ്റും സർവ്വേകളും തയാറാക്കൽ, എൻജിനീയറിംഗ് ഇന്റേണുകളുടെ സഹായത്തോടെ ഓൺ ഗ്രൗണ്ട് ആക്ടിവേഷൻ വഴി അപകട സ്ഥലങ്ങളെക്കുറിച്ചുള്ള വിശദമായ പഠനം എന്നിവയെല്ലാം കാമ്പെയിന്റെ ഭാഗമായി നടത്തും. ശേഖരിക്കുന്ന വിവരങ്ങൾ ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ മാപ്പ് ജിയോസ്‌പേഷ്യൽ നാവിഗേഷൻ സേവനദാതാക്കളായ മാപ്പ്‌മൈഇന്ത്യ, ഒരു ഡിജിറ്റൽ മാപ്പിൽ ശേഖരിക്കുകയും പിൻ ചെയ്തുവയ്ക്കുകയും ചെയ്യും. ഐ.ആർ.എസ്.സിയുടെ സ്ഥിരീകരണത്തിന് ശേഷം മാത്രമേ ബ്ലൈൻഡ് സ്‌പോട്ടുകൾ അടയാളപ്പെടുത്തുകയുള്ളൂ.
കപിൽ ദേവിന്റെയും സർക്കാരിന്റെയും ഐ.ആർ.എസ്.സിയുടെയും പിന്തുണയോടെ ഈ കാമ്പെയ്ൻ ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നു നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.