
''സംവിധാനം ശ്വേത മേനോൻ എന്ന് വായിക്കേണ്ടി വരില്ല. സംവിധാനം ബുദ്ധിമുട്ടുള്ള ജോലിയാണെന്ന് അറിയാം. ആ വഴിയിലേക്ക് ഞാൻ വരില്ല. അഭിനയജീവിതം മൂന്നു പതിറ്റാണ്ട് പിന്നിടുന്നു. ഈ യാത്ര ഏറെ ആസ്വദിക്കുന്നു.''ശ്വേത മേനോൻ പറഞ്ഞു. 'വിവാഹ മോചന വാർത്തകളിൽ വീണ്ടും ശ്വേത മേനോൻ '. 'പൊട്ടിക്കരഞ്ഞ് ശ്വേത'.പോയമാസം സമൂഹമാദ്ധ്യമങ്ങൾ ചൂടാക്കിയ വാർത്ത ഇങ്ങനെ പോവുന്നു. വാർത്തയുടെ ചൂട് ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല.എന്നാൽ പതിവുപോലെ ശ്വേത മേനോൻ പ്രതികരിച്ചില്ല. മാത്രമല്ല, ആസമയത്ത് തിരഞ്ഞെടുപ്പ് ചൂടിന്റെ ആവേശത്തിലും. ജീവിതത്തിൽ അതിനുമുൻപ് ഒരു തിരഞ്ഞെടുപ്പിൽ പോലും ശ്വേത മത്സരിച്ചിട്ടില്ല. 'അമ്മ'യുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് ആദ്യമത്സരം. തിളക്കമാർന്ന വിജയം നേടിയപ്പോൾ മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ആദ്യ വനിത വൈസ് പ്രസിഡന്റായി ശ്വേത മേനോൻ വന്നു. സ്വന്തം കുടുംബം ശ്വേതയെ തിരഞ്ഞെടുത്ത് പദവി നൽകി എന്നതാണ് ഏറ്റവും വലിയ തിളക്കം. നാലു ഭാഷകളിൽ എത്രയെത്ര പകർന്നാട്ടങ്ങൾ ശ്വേത മടത്തി. മികച്ച നടിക്കുള്ള സർക്കാർ അംഗീകാരം രണ്ടു പ്രാവശ്യം ലഭിച്ചു. ''ആറു മാസത്തിലൊരിക്കൽ സോഷ്യൽമീഡിയ ഡിവോഴ്സ് വാങ്ങി തരുന്നുണ്ട്. നല്ല തിരക്കുള്ള ആളാണ് ഞാൻ.അതു കൊണ്ടാണ് അവർ ഇങ്ങനെ ചെയ്തു തരുന്നത്. പിന്നെ ,ഇങ്ങനെ കേൾക്കുന്നത് എനിക്ക് ഇഷ്ടമാണ്. എന്ത് കേൾക്കുന്നതും വാർത്തയാണല്ലോ. അത്തരം ഒരു മേഖലയിലാണ് ഞാൻ പ്രവർത്തിക്കുന്നത്. നല്ല വാർത്ത മാത്രമേ വരികയുള്ളു എന്ന് ഒരിക്കലും പറയാൻ കഴിയില്ല. ഇങ്ങനെ കേൾക്കുന്നത് സത്യമാണോ എന്ന് എന്നോട് ആരും ചോദിക്കാറില്ല. ചോദിക്കാത്തതിനാൽ പറയാറുമില്ല.അത്രേയുള്ളു. എന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ഒരുപരിധിക്ക് അപ്പുറം ഞാൻ സംസാരിക്കാറില്ല. എനിക്ക് അത് ഇഷ്ടമല്ല. ഞാൻ ഒരു സെലിബ്രിറ്റിയും സമൂഹത്തിൽ പെട്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ആളെന്ന ബോധത്തോടെയാണ് നിൽക്കുന്നത്. എന്റെ പ്രൊഫഷനിൽ ഇതെല്ലാം കേൾക്കേണ്ടിവരുമെന്ന സാമൂഹ്യബോധം എനിക്കുണ്ട്. എന്നാൽ എന്റെ കുടുംബത്തെപ്പറ്റി പറയുമ്പോഴാണ് സങ്കടം വരിക.'' സ്വന്തം കുടുംബത്തിൽനിന്ന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തെ ശ്വേത കാണുന്നത്.മമ്മൂട്ടിയുടെ നായികയായി 'അനശ്വരം' സിനിമയിൽനിന്നാരംഭിച്ച അഭിനയയാത്ര മുപ്പതു വർഷം പിന്നിടുന്നു. ''ഇനിയും നല്ല സിനിമകൾ വരട്ടെ എന്നാണ് ആഗ്രഹം. സിനിമയ്ക്കുവേണ്ടിയുള്ള ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്നുപോവുന്നത്. നല്ല സിനിമകൾ ഉണ്ടാവുന്നു.എല്ലാ സിനിമകളുടേതും മികച്ച പ്രമേയം. എല്ലാ അഭിനേതാക്കൾക്കും ഏറ്റവും മികച്ച സമയം. അതിൽ അത്ഭുതവും ആകാംക്ഷയുമുണ്ട്. മുപ്പത് വർഷം പിന്നിട്ടു എന്നുപറയുമ്പോൾ മാത്രമാണ് എനിക്ക് ഒാർമ്മ വരുന്നത്. . ഇന്നലെ സിനിമ ജീവിതം തുടങ്ങി എന്ന തോന്നലാണ് അനുഭവപ്പെടുന്നത്. ഒന്നും പ്രതീക്ഷിക്കാതെയാണ് വന്നത്.സിനിമ എന്റെ തൊഴിൽ മേഖലയാകണമെന്ന് ആഗ്രഹിച്ചില്ല. ഗൗരവമായി കാണുകയോ സമീപിക്കുകയോ ചെയ്യാതെ സിനിമയിലൂടെ മുൻപോട്ട് പോയി. ഒഴുക്കിനനുസരിച്ച് സഞ്ചരിച്ചു. എന്റെ രണ്ടാമത്തെ വരവു മുതലാണ് സിനിമയെ ഗൗരവമായി കണ്ടു തുടങ്ങിയത്. ജീവിതത്തെപോലും അപ്പോണ് ഗൗരവമായി കണ്ടുതുടങ്ങുന്നത്. എല്ലാത്തിനും മാറ്റം വരുത്തി ആ രണ്ടാംവരവ്. പരദേശി സിനിമ വന്നതുമുതലാണ് ഇങ്ങനെയും കഥാപാത്രം ചെയ്യാമല്ലോ എന്ന തോന്നൽ ഉണ്ടാവുന്നത്. അതുവരെ ഒരു കാര്യത്തിലും ഉത്തരവാദിത്വമില്ലാതിരുന്ന ആളായിരുന്നു ഞാൻ. അച്ഛന്റെയും അമ്മയുടെയും കാര്യം നോക്കണം എന്ന വിചാരം പോലുമില്ല. കാശ് കിട്ടുമ്പോൾ ജഗപൊഗയായി തീർക്കും. നല്ല സിനിമയും മികച്ച കഥാപാത്രവും ചെയ്യണം. പ്രതിഭാധനർക്കൊപ്പം പ്രവർത്തിക്കണമെന്ന തോന്നൽ മെല്ലേ വരാൻ തുടങ്ങി. ആ യാത്ര തുടരുന്നു.'' ശ്വേത മേനോൻ പറഞ്ഞു.
Locatin