
തുഷാരം പെയ്തിറങ്ങിയ നീലകണ്ഠ പർവതം റാവൽജിയുടെ വരവ് കാത്തിരിക്കുകയാണ്. പുലർച്ചെ കൃത്യം 3.30 ന് ബദരികാശ്രമത്തിലെ പ്രധാന ഗോപുരത്തിലെ മണിമുഴങ്ങുമ്പോൾ ദേവഭൂമി ഉണരുകയായി. വൈകുണ്ഠപതിയായ ബദരിനാഥന് അർച്ചന നടത്തുന്ന റാവൽ വരികയാണ്. ചെങ്കോലേന്തിയ സുരക്ഷാ ജീവനക്കാരാൽ ആനയിക്കപ്പെടുന്ന അദ്ദേഹം ഒരു മലയാളിയാണ്. കേരളത്തിലെ ബ്രാഹ്മണ കുടുംബത്തിൽ നിന്നുള്ളയാൾ തന്നെയാകണം റാവൽജി ആകേണ്ടതെന്ന ബദരിയിലെ ആചാരം ചിട്ടപ്പെടുത്തിയത് ശങ്കരാചാര്യരാണ്. റാവൽജിക്കു മാത്രമേ ബദരിനാഥന്റെ വിഗ്രഹത്തിൽ സ്പർശിക്കുവാൻ അധികാരമുള്ളൂ. പൂജകളൊക്കെ ചെയ്യുന്നതും റാവൽജി മാത്രമാണ്.
സംസ്കൃതത്തിലും പൂജാക്രമങ്ങളിലും അഗാധപാണ്ഡിത്യമുള്ള റാവലിനെ നിയമിക്കുന്നത് ബദരിനാഥിലെ ക്ഷേത്ര കമ്മിറ്റിയും ടെഹരിഗഢ്വാളിലെ മഹാരാജാവും ചേർന്നാണ്. സ്വർണം കൊണ്ട് പണി തീർത്ത വലിയ ദണ്ഡും ഒരുജോഡി സ്വർണവളകളും രാജോചിതമായ മേൽവസ്ത്രങ്ങളും മോൽശാന്തിയായി അവരോധിക്കുമ്പോൾ ടെഹരി രാജാവ് നൽകുന്നു.
കണ്ണൂർ ജില്ലയിൽ പയ്യന്നൂരിലെ വടക്കേചന്ദ്രമന ഇല്ലത്തെ ഈശ്വരപ്രസാദ് നമ്പൂതിരിയാണ് ബദരിനാഥിലെ ഇപ്പോഴത്തെ റാവൽജി. അതികഠിനമായ നിഷ്ഠകളിൽ ഊന്നിയാണ് അദ്ദേഹത്തിന്റെ ജീവിതം. തണുത്തുറഞ്ഞ മഞ്ഞുമലകളിലൂടെ നഗ്നപാദനായി നടന്നുവേണം റാവലിന് ബദരിനാഥന്റെ സമക്ഷത്തിൽ എത്തിച്ചേരാൻ. എത്രനാൾ ബദരിനാഥന്റെ അർച്ചന തുടരുന്നുവോ അത്രയും കാലം ബ്രഹ്മചര്യം നിർബന്ധമാണ്. സാധാരണ ഒരു മനുഷ്യന് താങ്ങാൻ കഴിയുന്നതിലധികമാണ് ബദരിനാഥിലെ റാവലിന്റെ ആചാരാനുഷ്ഠാനങ്ങൾ.
മലയാളിയായ  റാവൽജി
ശങ്കരാചാര്യരാണ് ബദരിനാഥിലെ പൂജാവിധികൾ നിശ്ചയിച്ചത്. ബദരിനാഥിലെത്തിയ ശങ്കരാചാര്യർ അളകനന്ദ നദിയിൽ ഉപേക്ഷിക്കപ്പെട്ട ബദരിനാഥ വിഗ്രഹം വീണ്ടെടുത്ത് പുനപ്രതിഷ്ഠ നടത്തുകയായിരുന്നു. പണ്ടുകാലങ്ങളിൽ ടെഹരി മഹാരാജാവും തിരുവിതാകൂർ മഹാരാജാവും ചേർന്നാണ് കേരളത്തിൽ നിന്നും റാവലിനെ തിരഞ്ഞെടുക്കുക. ഇന്നത് ഇന്റർവ്യൂ ബോർഡിൽ നിക്ഷിപ്തമാണ്. കണ്ണൂരിലെ ഒരു പ്രത്യേക ദേശക്കാർക്കാണ് ആദ്യ പരിഗണന. എന്നിരുന്നാലും കേരളത്തിലെ മറ്റു നമ്പൂതിരി കുടുംബങ്ങൾക്കും അഭിമുഖത്തിന് അവസരം ലഭിക്കാറുണ്ട്. ഇതൊക്കെയാണെങ്കിലും ബദരിനാഥിന്റെ ഇച്ഛയുണ്ടെങ്കിൽ മാത്രമേ ആ ദേവഭൂമിയിൽ റാവൽ ആയി തുടരാൻ കഴിയുകയുള്ളൂവെന്നാണ് ഇപ്പോഴത്തെ റാവൽജിയായ ഈശ്വരപ്രസാദിന്റെ അനുഭവം. എട്ട് വർഷമായി അദ്ദേഹം ബദരിനാഥന്റെ മുഖ്യ അർച്ചകനാണ്. ഈ കുടുംബത്തിൽ നിന്നുള്ള എട്ടു തലമുറകൾക്ക് ബദരിനാഥനെ പൂജിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.
ബദരികാശ്രമത്തിലെ പൂജകളുടെ ചുമതലകൾ മാത്രമല്ല റാവലിനുള്ളത്. ചുറ്റുമുള്ള ഗ്രാമങ്ങളുടെ തലവനും കൂടിയാണിദ്ദേഹം. ഇന്ത്യയിലെ ഏറ്റവും അവസാനത്തെ ഗ്രാമമായ മന, ഭാമിനി, പാണ്ഡുകേശ്വരം തുടങ്ങിയ ഗ്രാമപ്രദേശങ്ങളിലെ പ്രാധാന കാര്യങ്ങളിലെല്ലാം റാവൽജിയുടെ തീരുമാനമാണ് അന്തിമം. ദേവന്റെ പ്രതിപുരുഷനായാണ് ഗ്രാമക്കാർ റാവലിനെ കാണുന്നത്. ഗഡ്വാൾ സ്കൗട്ടിനാണ് റാവൽജിയുടെ സുരക്ഷാ ചുമതല.
മോക്ഷകവാടമായ  ബദരിനാഥ്
ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്ത് സമുദ്രനിരപ്പിൽ നിന്നും 10,585 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മഹാക്ഷേത്രമാണ് ബദരിനാഥ്. കനത്ത മഞ്ഞുമൂടി കിടക്കുന്ന നീലകണ്ഠ പർവത നിരയുടെ അടിഭാഗത്തായി അളകനന്ദ നദിയുടെ തീരത്ത് അതിപുരാതനമായ ഈ മഹാക്ഷേത്രം നിലകൊള്ളുന്നു. നരനാരായണന്മാർ അനേകവർഷം തപസനുഷ്ഠിച്ച പുണ്യഭൂമിയാണിതെന്നാണ് വിശ്വാസം. നാലു ധാമങ്ങളിൽ സത്യയുഗത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ബദരികാശ്രമം അഥവാ ബദരിനാഥ്. ത്രേതായുഗത്തിൽ രാമേശ്വരം, ദ്വാപരയുഗത്തിൽ ദ്വാരക, കലിയുഗത്തിൽ ജഗന്നാഥപുരി എന്നിവയാണ് മറ്റു മൂന്ന് ധാമങ്ങൾ. മോക്ഷത്തിന്റെ കവാടമായാണ് ബദരികാശ്രമം അറിയപ്പെടുന്നത്. ഭഗവാന് നിവേദിച്ച നേദ്യം കൊണ്ട് പിണ്ഡം ചെയ്യുന്നത് ബദരികാശ്രമത്തിൽ മാത്രമേയുള്ളൂ. കൂവളം പോലുള്ള ഫലമുള്ള വൃക്ഷം എന്നതാണ് ബദരി എന്ന വാക്കിന്റെ അർത്ഥം. ലക്ഷ്മി നാരായണ സ്വരൂപത്തിലാണ് ബദരിയിൽ ഭഗവാനുള്ളത്. സാളഗ്രാമശിലയിൽ സ്വയംഭൂ മൂർത്തിയാണ് ബദരിനാഥിലേത്. ഗർഭഗൃഹത്തിനകത്ത് കുബേരൻ, ഗരുഡൻ, നാരദൻ, ഉദ്ദവർ, നരനാരയണന്മാർ എന്നീ ദേവതകളാണുള്ളത്. കൂടാതെ ഉപദേവന്മാരായി ഗണപതി, ഹനുമാൻ, ഖണ്ഡകർണസ്വാമി എന്നിവരുമുണ്ട്. നടയടക്കുന്ന സമയത്ത് ലക്ഷ്മി ദേവിയെ ഭഗവാന്റെയൊപ്പം സ്ഥാപിക്കുകയാണ് ചെയ്യുക.
ദേവതകൾ പൂജിക്കുന്നു
സത്യയുഗത്തിൽ  മഹാദേവനും പാർവതി ദേവിയും വസിച്ചിരുന്ന സ്ഥലമാണ് ബദരികാശ്രമം. വർഷത്തിൽ ആറുമാസം മാത്രമേ മനുഷ്യർ ഈ ദേവഭൂമിയിൽ പൂജ ചെയ്യുകയുള്ളൂ. ബാക്കിയുള്ള ആറുമാസം ദേവന്മാരാണ് ബദരിയിൽ പൂജ നടത്തുന്നതെന്നാണ് വിശ്വാസം. ദേവന്മാരുടെ പൂജാകാലയളവിൽ നാരദമഹർഷിയാണ് ബദരിയിൽ പൂജ നടത്തുക. നാരദന് ശപമോക്ഷം ലഭിച്ച സ്ഥലം കൂടിയാണ് ബദരികാശ്രമം. സമ്പത്തിന്റെ അധിപനായ കുബേരനെ വിധിയാവണ്ണം പൂജ ചെയ്യാൻ അനുവാദമുള്ളതും ബദരിനാഥിലാണ്. ആറുമാസത്തെ മനുഷ്യപൂജയ്ക്ക് ശേഷം പിന്നീടുള്ള ദേവപൂജയ്ക്കായി മനുഷ്യനാൽ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. പൂജയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷമാണ് നടചാരി റാവൽ പുറത്തേക്കിറങ്ങുക. ആറുമാസങ്ങൾക്ക് ശേഷം വീണ്ടും മനുഷ്യപൂജയ്ക്കായി തിരികെ എത്തുമ്പോൾ ദേവപൂജ നടന്നതിന്റെ എല്ലാ ലക്ഷണങ്ങളും കാണാൻ കഴിയും. കണ്ട അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കിടാൻ പാടില്ല എന്നതാണ്  ദേവഭൂമിയുടെ നിയമം.
അത്ഭുതങ്ങളുടെ പ്രപഞ്ചം
ഇവിടെ എത്തുന്ന ഓരോ യാത്രികനും വേറിട്ട അനുഭവങ്ങളായിരിക്കും. ഒരാൾ കാണുന്നത് മറ്റൊരാൾ കാണണമെന്നില്ല. അത് തിരിച്ചറിയാൻ കഴിയുന്നിടത്താണ് തീർത്ഥാടനം സായൂജ്യമണയുന്നത്. ബദരിയിലെ അത്ഭുതങ്ങളിലൊന്നായ തപ്തകുണ്ഡിൽ (ഔഷധം നിറഞ്ഞ ചൂടുവെള്ളം ഒഴുകുന്ന കുളം) സ്നാനം ചെയ്താണ് ദർശനം തുടങ്ങേണ്ടത്. വളരെ ശ്രദ്ധയോടെ നിർവഹിക്കേണ്ട ഒന്നാണിത്. സൾഫറിന്റെ അംശം വളരെ കൂടുതലുള്ളതുകൊണ്ട് ശരീരം വളരെ വേഗം വരണ്ടുണങ്ങും. ഓക്സിജന്റെ അളവ് കുറഞ്ഞ്, തലകറക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായെന്നും വരാം. കുറച്ച് നേരത്തെ വിശ്രമം കൊണ്ട് ശരീരം അതിനെ അതിജീവിക്കും. (ഒരു ദിവസം നാലുനേരം റാവലിന് തപ്തകുണ്ഠിൽ സ്നാനം നടത്തേണ്ടതുണ്ട്). വിശ്രമിച്ച ശേഷം ആദി കേദാരേശ്വരനെയും ഗരുഡനെയും വണങ്ങുക. അതു കഴിഞ്ഞു വേണം ബദരിനാഥനെ ദർശിക്കാൻ.
കീഴ്ശാന്തിമാരോ സഹായികളോ ഒരുക്കിവച്ച വിഗ്രഹത്തിൽ അർച്ചനയും ആരതിയും നടത്താൻ റാവലിന് കഴിയില്ല. കാരണം ബദരിയിൽ ദേവവിഗ്രഹത്തിൽ സ്പർശിക്കാൻ റാവലിന് മാത്രമേ അനുവാദമുള്ളൂ. അനുചരന്മാർക്ക് കനത്ത മഞ്ഞിനെ പ്രതിരോധിക്കാൻ പാദരക്ഷയടക്കം സ്വീകരിക്കാമെന്നിരിക്കെ അത്തരത്തിലുള്ള രക്ഷാകവചങ്ങളൊന്നും റാവലിന് അനുവദനീയമല്ല. വസ്ത്രം പോലും പൊടിഞ്ഞുപോകുന്ന തപ്തകുണ്ഡിലെ സ്നാനവും ആറുമാസക്കാലം ഒരു മുറിയിൽ മാത്രമൊതുങ്ങുന്ന ജീവിതവും ശ്രീ ഈശ്വരപ്രസാദിനെ ലവലേശവും മടുപ്പിക്കുന്നില്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇത്രമാത്രം. ''നൂറ് ജന്മത്തിൽ ഒന്നിൽ മാത്രം ലഭിക്കുന്ന അപൂർവ ഭാഗ്യമാണ് ഞാനിപ്പോൾ അനുഭവിക്കുന്നത്.""