
കാഠ്മണ്ഡു : നേപ്പാൾ അതിർത്തിയിൽ ചൈന അതിക്രമിച്ചുകയറുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച നേപ്പാൾ സർക്കാരിന്റെ റിപ്പോർട്ടിനെ ഉദ്ധരിച്ച് ബി.ബി.സിയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. നേപ്പാൾ അതിർത്തിയിൽ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് പുറത്തുവരുന്ന ഔദ്യോഗിക വിവരമാണിത്. പടിഞ്ഞാറൻ നേപ്പാളിലെ ഹംല ജില്ലയിലാണ് ചൈന അതിക്രമിച്ചുകയറുന്നതെന്നാണ് ആരോപണം. എന്നാൽ, കാഠ്മണ്ഡുവിലെ ചൈനീസ് എംബസി ആരോപണം നിഷേധിച്ചു.
അതേ സമയം, വിഷയത്തിൽ നേപ്പാൾ സർക്കാർ പ്രതികരിച്ചിട്ടില്ല. ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് നേപ്പാൾ സർക്കാർ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇതിന്റെ കാരണവും വ്യക്തമല്ല. കഴിഞ്ഞ സെപ്റ്റംബറിലാണ് റിപ്പോർട്ട് കമ്മിഷൻ ചെയ്തിരിക്കുന്നത്. സമീപകാലത്ത് നേപ്പാളുമായുള്ള ബന്ധം ചൈന മെച്ചപ്പെടുത്തിയിരുന്നു. ഇത് അന്വേഷണ റിപ്പോർട്ടിന് മേൽ സമ്മർദ്ദം ചെലുത്തിയിരിക്കാം എന്നാണ് വിലയിരുത്തൽ.
പൊലീസ്, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന പ്രത്യേക ടാസ്ക് ഫോഴ്സാണ് ഹംലയിലെ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച റിപ്പോർട്ട് തയാറാക്കിയത്. അതിർത്തിയിൽ നേപ്പാളിന്റെ ഭാഗത്ത് ചൈന നിരവധി കെട്ടിടങ്ങൾ നിർമ്മിച്ചെന്നും സൂചനയുണ്ട്.
അതേ സമയം, ഹിന്ദു, ബുദ്ധമതക്കാരുടെ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ചൈനയിലെ കൈലാഷ് പർവതം ഹംലയ്ക്ക് സമീപമാണ്. നേപ്പാൾ അതിർത്തിയിലെ ലാലുംഗ്‌ജോംഗിൽ മതപരമായ പ്രവർത്തനങ്ങൾ ചൈനീസ് സുരക്ഷാ സേന നിയന്ത്രിക്കുന്നതായും സർക്കാർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുവെന്ന് ബി.ബി.സി പറയുന്നു. ഇവിടെ നേപ്പാൾ കർഷകരുടെ പ്രവർത്തനങ്ങൾക്കും ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതേ പ്രദേശത്ത് ചൈന അതിർത്തി തൂണിന് ചുറ്റും വേലി കെട്ടിയതായും നേപ്പാൾ അതിർത്തി ഭാഗത്ത് റോഡും കനാലും നിർമ്മിക്കാൻ ശ്രമിക്കുന്നതായും കണ്ടെത്തി. അതിർത്തി കടന്നുള്ള ചൈനീസ് മാർക്കറ്റുകളെ ആശ്രയിക്കുന്നതിനാലാകാം ഇവിടെ തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ തുറന്നുപറയാൻ ഈ മേഖലയിൽ ജീവിക്കുന്ന നേപ്പാൾ പൗരന്മാർ വിമുഖത കാട്ടുന്നുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഹിമാലയൻ നിരകളിലൂടെ കടന്നുപോകുന്ന ഏകദേശം 1,400 കിലോമീറ്റർ അതിർത്തിയാണ് നേപ്പാളും ചൈനയും പങ്കിടുന്നത്.