india-cricket

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്, ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര

അഹമ്മദാബാദ് : ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന് അഹമ്മദാബാദിൽ നടക്കും. ആദ്യ മത്സരത്തിൽ ആറുവിക്കറ്റിന് വിജയിച്ചിരുന്ന ഇന്ത്യയ്ക്ക് ഇന്നും ജയിക്കാനായാൽ പരമ്പര സ്വന്തമാക്കാം. കഴിഞ്ഞ കളിയിൽ ബാറ്റിംഗിലും ബൗളിംഗിലും നിരാശപ്പെടുത്തിയി‌രുന്ന സന്ദർശകർക്ക് പരമ്പര കൈവി‌ടാതിരിക്കാനായി ഇന്ന് ജയം അനിവാര്യമാണ്.

സ്പിന്നർമാരായ യുസ്‌വേന്ദ്ര ചഹലിന്റെയും വാഷിംഗ്ടൺ സുന്ദറിന്റയും മികച്ച പ്രകടനമാണ് ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം നൽകിയത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസിനെ 43.5 ഓവറിൽ 176 റൺസിന് ആൾഒൗട്ടാക്കിയ ഇന്ത്യ 28 ഓവറിൽ വിജയത്തിലെത്തി. നാലുവിക്കറ്റ് വീഴ്ത്തിയ ചഹലായിരുന്നു മാൻ ഒഫ് ദ മാച്ച്.

രാഹുലും വന്നു

സഹോദരിയുടെ വിവാഹം പ്രമാണിച്ച് ആദ്യ മത്സരത്തിൽ നിന്ന് വിട്ടുനിന്ന വൈസ് ക്യാപ്ടൻ കെ.എൽ രാഹുൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. രാഹുലിനു പുറമേ ഓപ്പണർ മായാങ്ക് അഗർവാളും ക്വാറന്റൈൻ പൂർത്തിയാക്കി ടീമിനൊപ്പം പരിശീലനം തുടങ്ങി. രാഹുലിനെയും മായാങ്കിനെയും ഇന്ന് പ്ളേയിംഗ് ഇലവനിലെടുത്തേക്കും. എങ്കിൽ ആദ്യ മത്സരത്തിൽ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ ഇഷാൻ കിഷനും കഴിഞ്ഞ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ദീപക് ഹൂഡയും പുറത്തിരിക്കേണ്ടിവരും.ഏകദിന പരമ്പരയ്ക്കായി ആദ്യം പ്രഖ്യാപിച്ച ടീമിൽ അംഗമല്ലാതിരുന്ന മായാങ്കിനെ, ടീമിൽ മൂന്നു താരങ്ങൾ കൊവിഡ് ബാധിച്ച് പുറത്തായതോടെയാണ് വിളിച്ചുവരുത്തിയത്.

ധവാനും അയ്യരും നെഗറ്റീവ്

കൊവിഡ് ബാധിച്ച് ഐസലേഷനിലായിരുന്ന ശിഖർ ധവാനും ശ്രേയസ് അയ്യരും നെഗറ്റീവായി.ഇതിനെത്തുടർന്ന് ഇവർക്ക് പരിശീലനത്തിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ മത്സരത്തിന് ഇറക്കാൻ സാദ്ധ്യതയില്ല. ടീമംഗങ്ങൾ അഹമ്മദാബാദിൽ എത്തിയതിനു പിന്നാലെ കോവിഡ് സ്ഥിരീകരിച്ച പേസർ നവ്‌ദീപ് സെയ്നി പരിശോധനാ ഫലം നെഗറ്റീവായതോടെ ഇന്നലെ പരിശീലനത്തിന് ഇറങ്ങി.

പൊള്ളാഡ് പൊളിക്കുമോ?

നായകൻ കെയ്റോൺ പൊള്ളാഡ്, നിക്കോളാസ് പുരാൻ,ഷായ് ഹോപ്പ്,ഷമർ ബ്രൂക്ക്സ്,ബ്രാൻഡൻ കിംഗ് തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങൾ ബാറ്റിംഗിൽ പരാജയപ്പെട്ടതാണ് കഴിഞ്ഞ കളിയിൽ വിൻഡീസിന് തിരിച്ചടിയായത്. ഇവർ ഫോമിലേക്കുയർന്നാൽ ഇന്ത്യയ്ക്ക് വെല്ലുവിളിയാകും.ആൾറൗണ്ടർ ജാസൺ ഹോൾഡർക്ക് മാത്രമാണ് കഴിഞ്ഞ കളിയിൽ ബാറ്റിംഗിൽ തിളങ്ങാനായത്. അൽസാരി ജോസഫ്,കെമർ റോച്ച്,ഹോൾഡർ,അകീൽ ഹൊസൈൻ എന്നിവരാണ് വിൻഡീസിന്റെ ബൗളിംഗ് പ്രതീക്ഷകൾ.

ടി.വി ലൈവ് : ഉച്ചയ്ക്ക് 1.30 മുതൽ സ്റ്റാർ സ്പോർട്സിൽ