
ന്യൂഡൽഹി: ലോക്‌സഭയിൽ നടത്തിയ രൂക്ഷ വിമർശനത്തിന് പുറമേ രാജ്യസഭയിലും കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന് ഏറ്റവും വലിയ അപകടം കുടുംബാധിപത്യ പാർട്ടികളാണ്. കുടുംബാധിപത്യ പാർട്ടിയിൽ ഒരു കുടുംബം പരമപ്രധാനമാകുമ്പോൾ കഴിവുളളവൻ പുറത്താകുമെന്നും കുടുംബാധിപത്യം എന്നല്ലാതെ കോൺഗ്രസിന് ഒന്നും ചിന്തിക്കാനില്ലെന്നും മോദി കുറ്റപ്പെടുത്തി.
കോൺഗ്രസിനെ പിരിച്ചുവിടണമെന്ന് ആഗ്രഹിച്ചയാളാണ് മഹാത്മാഗാന്ധിയെന്ന് പറഞ്ഞ പ്രധാനമന്ത്രി കോൺഗ്രസ് ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നെന്ന് ചിലർ അശ്ചര്യപ്പെടുന്നതായും ഇവർ ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ എന്നതിൽ കുരുങ്ങിക്കിടക്കുന്നവരാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.
മഹാത്മാഗാന്ധിയുടെ ആഗ്രഹം നടന്നിരുന്നെങ്കിൽ ഇന്ന് ഇന്ത്യ സ്വദേശിപാത സ്വീകരിക്കുമായിരുന്നു. അടിയന്തിരാവസ്ഥയും സിഖ് കൂട്ടക്കൊലും കാശ്‌മീരി പണ്ഡിറ്റുകളുടെ പലായനവും ചൂണ്ടിക്കാട്ടി പ്രധാനന്ത്രി കോൺഗ്രസിനെ വിമർശിച്ചു. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിന് മറുപടി പ്രസംഗത്തിലാണ് പ്രധാനമന്ത്രി ശക്തമായ കോൺഗ്രസ് വിമർശനം നടത്തിയത്. മുൻപ് രാജ്യത്ത് കൊവിഡ് വ്യാപനമുണ്ടാക്കിയതും വാക്‌സിൻ വിതരണം തകർക്കാൻ നോക്കിയതും കോൺഗ്രസാണെന്ന് പ്രധാനമന്ത്രി ലോക്‌സഭയിൽ കുറ്റപ്പെടുത്തിയിരുന്നു. രാഹുൽഗാന്ധി പാർലമെന്റിൽ ഇല്ലാത്തതിനെയും പ്രധാനമന്ത്രി ഇന്നലെ രൂക്ഷമായി വിമർശിച്ചു.