
തിരുവനന്തപുരം: അടുത്തയാഴ്ച ആരംഭിക്കുന്ന കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരങ്ങൾക്കുള്ള ടീമീൽ ഇടം പിടിച്ച് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. കോഴ വിവാദത്തെ തുടർന്ന് ബി സി സി ഐ വിലക്ക് നേരിട്ടിരുന്ന ശ്രീശാന്ത് കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ആദ്യമായാണ് രഞ്ജി ടീമിൽ സ്ഥാനം നേടുന്നത്. ഐപിഎൽ താരലേലത്തിനുളള അന്തിമപട്ടികയില്‍ എത്തിയതിന് പിന്നാലെയാണ് 39കാരനായ ശ്രീശാന്ത് രഞ്ജി ടീമിലേക്ക് തിരിച്ചെത്തുന്നത്. രാജ്കോട്ടില്‍ ഈ മാസം 17നാണ് കേരളത്തിന്റെ മത്സരങ്ങൾ ആരംഭിക്കുന്നത്. മാർച്ച് 6 വരെയാണ് മത്സരങ്ങൾ.
അതേസമയം പരിക്കേറ്റ സഞ്ജു സാംസണിനെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ റീഹാബിലിറ്റേഷനിൽ കഴിയുന്ന സഞ്ജു പരിക്ക് പൂർണമായും ഭേദമായ ശേഷം ഫിറ്റ്നസ് തെളിയിക്കുന്ന മുറയ്ക്ക് ടീമിൽ മടങ്ങിയെത്തുമെന്ന് കെ സി എ അറിയിച്ചു. പരിക്കേറ്റ മുൻ ഇന്ത്യൻ ഓപ്പണർ റോബിൻ ഉത്തപ്പയേയും രഞ്ജി ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സച്ചിൻ ബേബിയാണ് ടീം ക്യാപ്ടൻ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കൂടിയായ വിഷ്ണു വിനോദ് ആണ് വൈസ് ക്യാപ്ടൻ. ഫെബ്രുവരി 17 മുതൽ 20 വരെ മേഘാലയയുമായാണ് കേരളത്തിന്റെ എലൈറ്റ് ലീഗ് ഘട്ടത്തിലെ ആദ്യ മത്സരം. 24ന് ഗുജറാത്തുമായും മാർച്ച് മൂന്നിന് മദ്ധ്യപ്രദേശുമായാണ് മറ്റ് മത്സരങ്ങൾ. ടീമിൽ അഞ്ച് പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ടീം: സച്ചിൻ ബേബി (ക്യാപ്ടൻ), വിഷ്ണു വിനോദ് (വൈസ് ക്യാപ്ടൻ, വിക്കറ്റ് കീപ്പർ), ആനന്ദ് കൃഷ്ണൻ, രോഹൻ കുന്നുമേൽ
വത്സൽ ഗോവിന്ദ്, രാഹുൽ പി, സൽമാൻ നിസാർ, ജലജ് സക്‌സേന, സിജോ മോൻ ജോസഫ്, അക്ഷയ് കെ സി
മിഥുൻ എസ്, ബേസിൽ എൻ പി, നിധീഷ് എം ഡി, മനു കൃഷ്ണൻ, ബേസിൽ തമ്പി, ഫാനൂസ് എഫ്, ശ്രീശാന്ത് എസ്, വരുൺ നായനാർ (വിക്കറ്റ് കീപ്പർ), വിനൂപ് മനോഹരൻ, ഈഡൻ ആപ്പിൾ ടോം